കോട്ടയ്ക്കല്‍: ആയുര്‍വേദത്തിനെ സംരക്ഷിക്കുന്നതിലും മുന്നോട്ടു നയിക്കാനും കോട്ടയ്ക്കല്‍ ആര്യവൈദ്യശാല നടത്തുന്ന ശ്രമങ്ങളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്യവൈദ്യശാല വേദനിക്കുന്നവരുടെ ആശ്രയമാണെന്നും കേരളത്തിലെ പ്രാചീന ചികിത്സാരീതിയെ സംരക്ഷിച്ച് ആയുര്‍വേദത്തെ വളര്‍ത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ആയുഷ് മന്ത്രാലയം 12000 ആയുഷ് വെല്‍നെസ് സെന്ററുകള്‍ തുടങ്ങിയതിനെക്കുറിച്ചും 2014 നു ശേഷം ഈ മേഖല നേടിയ വളര്‍ച്ചയും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്യവൈദ്യശാല സ്ഥാപക ദിനം, ധര്‍മാശുപത്രി ശതാബ്ദി ആഘോഷ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
2014 ല്‍ 3000 കോടി ആയിരുന്ന ആയുഷ് ആന്‍ഡ് ഹെര്‍ബല്‍ പ്രൊഡക്ടസിന്റെ കയറ്റുമതി 6500 കോടിയിലെത്തിയത് ഇന്ത്യയെ സംബന്ധിച്ച് നേട്ടമാണ്. ആയുഷ് വിസയുടെ ഗുണം 65 ല്‍ പരം വിദേശരാജ്യങ്ങളിലുള്ളവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ജി20, ബ്രിക്‌സ് ഉച്ചകോടികളില്‍ ആയുഷിനെ വളര്‍ത്തുവാന്‍ വേണ്ട എല്ലാ ശ്രമങ്ങളും നടത്തി. യൂറോപ്യന്‍ യൂണിനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്രത്തിന് വലിയ സാധ്യതകള്‍ തുറക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ ആയുഷ് വെല്‍നെസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നതിന് ഇത് സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡ്രഗ്ഗ് റിസര്‍ച്ച്, ക്ലിനിക്കല്‍ റിസര്‍ച്ച്, കാന്‍സര്‍ റിസര്‍ച്ച്, സെന്റര്‍ ഓഫ് എക്‌സലെന്‍സ് എന്നിവയില്‍ ഊന്നി ആയുര്‍വേദത്തെ എവിഡന്‍സ് ബേസ്ഡ് റിസര്‍ച്ച്, പബ്ലിഷിങ് ഓഫ് റിസര്‍ച്ച് പോപ്പേഴ്‌സ്, എന്നിവയൊക്കെ ചെയ്യുന്ന ആര്യവൈദ്യശാലയെ ആദ്ദേഹം പ്രകീര്‍ത്തിച്ചു. പൗരാണികതയേയും ആയുര്‍വേദത്തേയും ചേര്‍ത്തു പിടിക്കുന്ന ആര്യവൈദ്യശാലയുടെ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ആധുനിക കാലഘട്ടത്തില്‍ നാം ജീവിക്കുന്ന ലോകത്തില്‍ ആയുര്‍വേദത്തിന് വലിയ പ്രസക്തി ഉണ്ടെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറം ആയുര്‍വേദം എത്തിയിട്ടുണ്ട്. ആര്യവൈദ്യശാലയില്‍ സ്ഥാപകദിനാഘോഷത്തിന്റെ ഉദ്ഘാടനവും ധര്‍മ്മാശുപത്രിയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഡോ. എം പി. അബ്ദ്ദു സമദ് സമദാനി എംപി അധ്യക്ഷത വഹിച്ചു.
പത്മഭൂഷണ്‍ ഡോ. പി കെ വാരിയരുടെ ആത്മകഥ 'സ്മൃതിപര്‍വം' (അവസാനഭാഗം) ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്തു. മാനേജിങ് ട്രസ്റ്റി ഡോ. പി. എം. വാരിയര്‍ ആദ്യപ്രതി ഏറ്റുവാങ്ങി.
പ്രൊഫ.ആബിദ് ഹൂസൈന്‍ തങ്ങള്‍ എംഎല്‍എ, കോട്ടക്കല്‍ നഗരസഭാ ചെയര്‍മാന്‍ കെ.കെ.നാസര്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, വൈദ്യരത്‌നം പി.എസ്.വാരിയര്‍, ചീഫ് എക്‌സി ക്യുട്ടീവ് ഓഫീസര്‍ കെ.ഹരികുമാര്‍, ഡോ. പി. എം. വാരിയര്‍, ഡോ.കെജി. പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു. അഖിലേന്ത്യാതലത്തില്‍ നടത്തിയെ പ്രബന്ധ മത്സരവിജയികളേയും,തീസിസ് അവതരണത്തില്‍ വിജയിച്ചവര്‍ക്കുമുള്ള അവാര്‍ഡ് ചടങ്ങില്‍ വിതരണം ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates