തിരുവനന്തപുരം: സർക്കാർ മേഖലയിൽ മദ്യ ഉത്പ്പാദനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിവറേജസ് കോർപറേഷൻ സർക്കാരിനു കത്തു നൽകി. ജവാൻ റമ്മിന്റെ ഉത്പ്പാദനം പ്രതിദിനം 7000 കെയ്സിൽ നിന്നു 16,000 കെയ്സിലേക്ക് ഉയർത്തണമെന്നാണ് ബെവ്കോ എംഡിയുടെ ശുപാർശ.
പാലക്കാട് 10 വർഷമായി അടഞ്ഞു കിടക്കുന്ന മലബാർ ഡിസ്റ്റലറീസ് തുറക്കണമെന്നും ശുപാർശയുണ്ട്. ഇവിടെ ജവാൻ ബ്രാൻഡ് ഉത്പ്പാദിപ്പിക്കണമെന്നും ബെവ്കോ എംഡിയുടെ ശുപാർശയിൽ പറയുന്നു.
തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് ആണ് ജവാന്റെ ഉത്പ്പാദകർ. ഉപയോക്താക്കൾ വർധിച്ചെങ്കിലും ഉത്പ്പാദനം വർധിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കമ്പനി. നിലവിൽ നാല് ലൈനുകളിലായി 7,500 കെയ്സ് മദ്യമാണ് ഒരു ദിവസം ഉത്പ്പാദിപ്പിക്കുന്നത്. സംസ്ഥാനത്തെ 23 വെയർഹൗസുകളിൽ വിതരണമുണ്ടെങ്കിലും ആവശ്യക്കാർക്കു പലയിടത്തും ജവാൻ മദ്യം ലഭിക്കുന്നില്ല.
ആറ് ഉൽപ്പാദന ലൈനുകൾ കൂടി അനുവദിക്കണമെന്നാണ് ബെവ്കോയുടെ ആവശ്യം. ആറ് ലൈൻ കൂടി വന്നാൽ പ്രതിദിനം 10,000 കെയ്സ് അധികം ഉത്പ്പാദിപ്പിക്കാൻ കഴിയും. ഒരു ലൈൻ സ്ഥാപിക്കാൻ 30 ലക്ഷം രൂപ ചെലവാകുമെന്നാണ് കമ്പനിയുടെ കണക്ക്. ഒരു ലൈനിൽ 27 താത്കാലിക ജീവനക്കാർ എന്ന നിലയിൽ ആറ് ലൈനുകളിലായി 160ൽ അധികം ജീവനക്കാർ വേണ്ടിവരും.
സർക്കാർ പലതവണ ചർച്ചകൾ നടത്തിയിട്ടും മലബാർ ഡിസ്റ്റലറീസ് തുറക്കാൻ കഴിഞ്ഞിരുന്നില്ല. കിറ്റ്കോ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ചിറ്റൂർ ഷുഗേഴ്സിൽ നിന്ന് മൂന്ന് ഏക്കർ ഒഴികെ ശേഷിക്കുന്ന ഭൂമി മലബാർ ഡിസ്റ്റലറീസിനു കൊടുക്കാൻ തീരുമാനിച്ചു. എന്നാൽ, നടപടികൾ മുന്നോട്ടു പോയില്ല.
2018ൽ മലബാർ ഡിസ്റ്റലറിക്കു പ്രവർത്തിക്കാൻ അനുമതി കൊടുത്തെങ്കിലും ബ്രൂവറി വിവാദം ഉണ്ടായപ്പോൾ സർക്കാർ പിന്തിരിഞ്ഞു. ബെവ്കോയുടെ കത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ചർച്ചയിൽ മലബാർ ഡിസ്റ്റലറി എത്രയും വേഗം തുറക്കാൻ നടപടികൾ ആരംഭിക്കാനാണ് എക്സൈസ് മന്ത്രി നിർദേശിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates