കൊച്ചി: പങ്കാളിയെ മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് മര്‍ദിച്ച സംഭവത്തില്‍ യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. യുവതിയുടെ പരാതിയില്‍ ഗോപുവിനെതിരെ മരട് പൊലീസ് വധശ്രമത്തിന് കേസ് എടുത്തിരുന്നു. ദേഹം മുഴുവന്‍ മര്‍ദനത്തിന്റെ പാടുകളുമായി പെണ്‍കുട്ടി മരട് സ്റ്റേഷനിലെത്തി ഗോപുവിനെതിരെ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരെ നേരത്തെയും ഇത്തരം പരാതികള്‍ ഉയര്‍ന്നിരുന്നു.
ഗോപുവും പെണ്‍കുട്ടിയും 5 വര്‍ഷമായി ഒരുമിച്ച് താമസിക്കുകയാണ്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി ഗോപു മരട് പൊലീസില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്തിയ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. രാവിലെ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി ക്രൂര പീഡനത്തിന്റെ കാര്യം വെളിപ്പെടുത്തുകയായിരുന്നു. 'ക്രൂരമായ മര്‍ദനമാണ് നേരിട്ടത്. ബെല്‍റ്റും ചാര്‍ജര്‍ കേബിളും ഷൂസും ചട്ടുകവും ഉപയോഗിച്ച് മര്‍ദനം പതിവാണ്. ഹെല്‍മെറ്റ് താഴെവെച്ചുവെന്ന നിസാര കാരണത്തിനായിരുന്നു കഴിഞ്ഞ ദിവസത്തെ ആക്രമണം. തല്ലിയ ശേഷം ഗോപു ചിത്രങ്ങള്‍ എടുത്ത് സൂക്ഷിക്കും. തന്നെ ഉപദ്രവിക്കുന്നത് ഹരമാണെന്ന് ഗോപു പറയും'- യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
യുവതിയുടെ വാക്കുകള്‍
'അഞ്ചു വര്‍ഷമായി അയാള്‍ക്കൊപ്പമാണ് താമസം. ഞങ്ങളുടെ ബന്ധുക്കള്‍ക്ക് അല്ലാതെ വേറെ ആര്‍ക്കും ഒന്നിച്ച് താമസിക്കുന്ന കാര്യം അറിയില്ല. ബാക്കിയുള്ളവരോട് സിംഗിള്‍ ആണെന്നാണ് ഗോപു പറഞ്ഞിരിക്കുന്നത്. അഞ്ചുവര്‍ഷമായി എന്നെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. ചാര്‍ജറിന്റെ കേബിള്‍, ചട്ടുകം, ബെല്‍റ്റ്, കൈയില്‍, എക്‌സറ്റന്‍ഷന്‍ കേബിള്‍ തുടങ്ങിയവ ഉപയോഗിച്ച് മര്‍ദിക്കും. എനിക്ക് മടുത്തു. ഇന്നലെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു. ബോധം കെട്ട് ഞാന്‍ വീണു.
നിസാര കാര്യത്തിനാണ് മര്‍ദനം. അയണ്‍ ചെയ്യാന്‍ വണ്ടി കഴിഞ്ഞ ദിവസം മേശപ്പുറത്തുനിന്ന് സാധനങ്ങളെല്ലാം മാറ്റുന്ന കൂട്ടത്തില്‍ ഹെല്‍മെറ്റും താഴെ എടുത്തു വെച്ചു. അതിനാണ് ഇന്നലെ ഉപദ്രവിച്ചത്. ശരീരത്തില്‍ ആകെ ഉപദ്രവിച്ചതിന്റെ പാടുകളാണ്. എല്ലാ ദിവസവും ഉപദ്രവിക്കും. ഞാന്‍ മരിച്ചെന്ന് കരുതിയിട്ടാവാം എന്നെ ഇട്ടിട്ട് പോയത്. ബോധം വന്നപ്പോള്‍ അയാളെ കാണാനില്ല. വേഗം വസ്ത്രം ധരിച്ച് സഹോദരിയുടെ അടുത്തേക്ക് പോയി.
എന്റെ കുട്ടികളെ കൊല്ലും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടാണ് നിര്‍ത്തിയത്. ഇപ്പോള്‍ എന്റെ ജീവന് ഭീഷണി ആയതുകൊണ്ടാണ് അവിടന്ന് വീടുവിട്ടിറങ്ങിയത്. പരാതിപ്പെടാന്‍ എനിക്ക് പേടിയായിരുന്നു. ഇയാളെന്നെ ഉപദ്രവിക്കുമോ എന്ന പേടി. പുറത്തേക്ക് ഇറങ്ങാന്‍ പറ്റുന്നില്ല, ആരോടും സംസാരിക്കാന്‍ പറ്റുന്നില്ല. ആരേയും വിളിക്കാന്‍ പറ്റുന്നില്ല. ഭീഷണിപ്പെടുത്തിയാണ് എന്നെ കൂടെ നിര്‍ത്തിയിരിക്കുന്നത്.
പാര്‍ട്ടി നേതാക്കള്‍ക്ക് പരാതികൊടുത്തിട്ട് കാര്യമില്ല. ആരേയും പേടില്ലാത്തയാളാണ് ഇയാള്‍. എന്നെ കൊന്നിട്ടാലും ആരും ചോദിച്ച് വരില്ല എന്ന തോന്നലാണ് ഇയാള്‍ക്ക്. പട്ടിക്കും പൂച്ചക്കും തെരുവുനായക്കും ഇങ്ങനെ തല്ല് കിട്ടില്ല എന്ന് അവന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അറക്കാന്‍ കൊണ്ടുപോകുന്ന മാടിന് പോലും ഇങ്ങനത്തെ അവസ്ഥ വരില്ല, അത്രയ്ക്കും ദയനീയമാണ് നിന്റെ അവസ്ഥ എന്ന് പറഞ്ഞ് തല്ലിയതിന്റെ പാട് കാണുന്ന തരത്തില്‍ ഫോട്ടോ എടുത്ത് വെക്കും. നിന്നെ ഉപദ്രവിക്കുന്നത് എനിക്ക് ഹരമാണെന്ന് അത് നോക്കി പറയും. വീട്ടില്‍ എന്നെ പൂട്ടിയിടും. ഫോണില്‍ ഇങ്ങോട്ട് വരുന്ന് കോള്‍ മാത്രമാണ് എടുക്കാന്‍ പറ്റൂ. പുറത്തുപോകുമ്പോള്‍ ഞാന്‍ വീടിനകത്തിരിക്കും. പുറത്ത് നിന്ന് പൂട്ടിയിടും. ആര്‍ക്കും ഇതേക്കുറിച്ച് അറിയില്ല'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates