തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി താളംതെറ്റിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. 2026-27 സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ ഒന്‍പത് മാസത്തേയ്ക്ക് കേന്ദ്രം അനുവദിച്ചിരിക്കുന്ന വായ്പാപരിധി 32,484 കോടിയാണ്. എന്നാല്‍ മൂന്ന് മാസം പിന്നിട്ടപ്പോള്‍ സര്‍ക്കാര്‍ 30,462 കോടിയും എടുത്തുകഴിഞ്ഞു. ഇനിയുള്ള മാസങ്ങള്‍ക്ക് 2,022 കോടി മാത്രമാണ് ശേഷിക്കുന്നത്. ഇത് സംസ്ഥാനത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'അധികാരത്തിലേറിയ തുടക്കത്തില്‍ മൂന്ന് മാസം കൊണ്ട് ധനസ്ഥിതി മാറ്റി കാണിച്ച് തരാമെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ അവകാശവാദം. ഇപ്പോള്‍ എന്താണ് സ്ഥിതി? എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കടം വാങ്ങുന്നതിനെതിരെ പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അന്ന് പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിക്കാനുള്ള മര്യാദ മുഖ്യമന്ത്രി സ്വീകരിക്കണം. അന്ന് സാമ്പത്തിക അച്ചടക്കമില്ലായ്മയും ധൂര്‍ത്തുമാണ് കടം വാങ്ങുന്നതിന് ഇടയാക്കുന്നത് എന്നായിരുന്നു പ്രതിപക്ഷം പറഞ്ഞിരുന്നത്. ഇന്ന് കടം സ്വീകരിച്ചത് അതേ കാരണങ്ങള്‍ കൊണ്ടാണോ?മുഖ്യമന്ത്രി വ്യക്തമാക്കണം. കടമെടുപ്പ് പരിധി വര്‍ധിക്കുന്നത് സംസ്ഥാനത്തിന്റെ ജിഡിപി വളര്‍ച്ചയ്ക്ക് അനുസരിച്ചാണ്. ഇത് സാധാരണ നിലയ്ക്കുള്ള സാമ്പത്തിക മാനേജ്‌മെന്റിന്റെ ഭാഗമാണ്. അതില്‍ കൂടുതല്‍ കടം എടുത്താല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. ധന മാനേജ്‌മെന്റിലൂടെ നികുതി വരുമാനം വര്‍ധിപ്പിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. അന്നത്തെ വികസനം കാണാതെ കടത്തിന്റെ മാത്രം കണക്ക് പറഞ്ഞ് അധിക്ഷേപിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ ഖജനാവ് നിറയ്ക്കുന്നതിനെ പറ്റി മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞ വാചകം പൂമ്പാറ്റ പൂ അറിയാതെ തേനൂറ്റുന്നത് പോലെ ഖജനാവ് നിറയ്ക്കുമെന്നായിരുന്നു. ഇപ്പോള്‍ കടമെടുപ്പ് പരിധി തന്നെ കടന്നിരിക്കുകയാണ്. ഇപ്പോള്‍ പൂവും ഇല്ല, പൂമ്പാറ്റയുമില്ല, തേനുമില്ല, കടം മാത്രമാണ് പുതിയ സര്‍ക്കാരിന്റെ ഖജനാവില്‍'- പിണറായി വിജയന്‍ പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിച്ചിരുന്ന കഴിഞ്ഞ പത്തുവര്‍ഷക്കാലം ക്ഷേമ പ്രവര്‍ത്തനങ്ങളോ ശമ്പളമോ ഒന്നും തടസ്സപ്പെട്ടിരുന്നില്ല. അധികാരം ഒഴിയുമ്പോള്‍ ഖജനാവ് കാലിയായിരുന്നില്ല. ആറായിരം കോടി രൂപ മിച്ചമുള്ള ഖജനാവ് ആണ് എല്‍ഡിഎഫ് പുതിയ സര്‍ക്കാരിനെ ഏല്‍പ്പിച്ചത്. ഇപ്പോള്‍ നികുതി വരുമാനം വര്‍ധിക്കാന്‍ കാരണം മുന്‍സര്‍ക്കാര്‍ സ്വീകരിച്ച ഐടി അധിഷ്ഠിത നടപടികളാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates