ഡോ. കെ എസ് മണിലാൽ ഫെയ്സ്ബുക്ക്
Kerala

സസ്യ ശാസ്ത്രജ്ഞൻ ഡോ. കെ എസ് മണിലാൽ അന്തരിച്ചു

കോഴിക്കോട്ടെയും സൈലന്റ് വാലിയിലെയും സസ്യ വൈവിധ്യത്തെക്കുറിച്ച് മണിലാലിന്റെ നേതൃത്വത്തിൽ നടന്ന വർഷങ്ങൾ നീണ്ട പഠനങ്ങളും ശ്രദ്ധേയമാണ്.

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: സസ്യ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവും കാലിക്കറ്റ് സർവകലാശാല ബോട്ടണി വകുപ്പ് മുൻ മേധാവിയുമായ ഡോ. കെ എസ് മണിലാൽ (86) അന്തരിച്ചു. തൃശൂരിൽ വച്ചായിരുന്നു അന്ത്യം. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കൂസ് എന്ന ലാറ്റിൻ ​ഗ്രന്ഥം ഇം​ഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ​ഗവേഷകൻ കൂടിയാണ് പ്രൊഫ മണിലാൽ.

പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ് ആണ് കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് 12 വോള്യങ്ങളുള്ള ഹോര്‍ത്തൂസ് മലബാറിക്കൂസ് തയ്യാറാക്കിയത്. ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്ന് പ്രസിദ്ധീകരിച്ച ആ ലാറ്റിന്‍ ഗ്രന്ഥം, മൂന്നു നൂറ്റാണ്ടിന് ശേഷം മണിലാലിന്റെ പ്രവര്‍ത്തനഫലമായാണ് ആദ്യമായി ഇംഗ്ലീഷിലും മലയാളത്തിലും എത്തിയത്.

1958 മുതല്‍ അദ്ദേഹം നടത്തിയ നിരന്തര ശ്രമത്തിന്റെ ഫലമാണ് 2003 ൽ ഹോർത്തൂസിന്റെ ഇം​​ഗ്ലീഷ് പതിപ്പിന്റെയും 2008 ൽ മലയാളം പതിപ്പിന്റെയും പ്രസിദ്ധീകരണത്തിലേക്ക് നയിച്ചത്. കോഴിക്കോട്ടെയും സൈലന്റ് വാലിയിലെയും സസ്യ വൈവിധ്യത്തെക്കുറിച്ച് മണിലാലിന്റെ നേതൃത്വത്തിൽ നടന്ന വർഷങ്ങൾ നീണ്ട പഠനങ്ങളും ശ്രദ്ധേയമാണ്. റോയല്‍ സൊസൈറ്റി നഫീല്‍ഡ് ഫൗണ്ടേഷന്‍ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട മണിലാല്‍ 1971 ല്‍ ബ്രിട്ടനില്‍ സസ്യശാസ്ത്ര ഗവേഷണം നടത്തി.

ഹോര്‍ത്തൂസ് ഇംഗ്ലീഷ്, മലയാളം പതിപ്പുകള്‍ ഉള്‍പ്പടെ ഒട്ടേറെ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഫ്ലോറ ഓഫ് കാലിക്കറ്റ്(1982), ഫ്ലോറ ഓഫ് സൈലന്റ് വാലി(1988), ബോട്ടണി ആന്‍ഡ് ഹിസ്റ്ററി ഓഫ് ഹോര്‍ത്തൂസ് മലബാറിക്കൂസ് (1980), ആന്‍ ഇന്റര്‍പ്രട്ടേഷന്‍ ഓഫ് വാന്‍ റീഡ്‌സ് ഹോര്‍ത്തൂസ് മലബാറിക്കൂസ്(1988), ഹോര്‍ത്തൂസ് മലബാറിക്കൂസ് ആന്‍ഡ് ദി സോഷ്യോ-കള്‍ച്ചറല്‍ ഹെറിറ്റേജ് ഓഫ് ഇന്ത്യ (2012) എന്നീ ഗ്രന്ഥങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു. 200 ലേറെ ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മണിലാല്‍, 19 പുതിയ സസ്യയിനങ്ങളെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. നാല് സസ്യയിനങ്ങള്‍ മണിലാലിന്റെ പേരിലും അറിയപ്പെടുന്നു.

സസ്യവര്‍ഗീകരണ ശാസ്ത്രത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തി കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള ഇകെജാനകി അമ്മാള്‍ പുരസ്‌കാരം 2003 ല്‍ മണിലാലിന് ലഭിച്ചു. ശാസ്ത്രമേഖലയില്‍ നല്‍കിയ സംഭാവനകളെ പരിഗണിച്ച്, 2020 ല്‍ രാഷ്ട്രം പത്മശ്രീ ബഹുമതി നല്‍കി പ്രൊഫ മണിലാലിനെ ആദരിച്ചു. ഡച്ച് രാജ്ഞി ബിയാട്രിക്‌സിന്റെ ശുപാര്‍ശ പ്രകാരം നല്‍കപ്പെടുന്ന നെതര്‍ലന്‍ഡ്‌സിന്റെ ഉന്നത സിവിലിയന്‍ പുരസ്‌കാരമായ ഓഫീസര്‍ ഇന്‍ ദ ഓര്‍ഡര്‍ ഓഫ് ഓറഞ്ച്‌നാസ്സൗ 2012 ല്‍ മണിലാലിനെ തേടിയെത്തി. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഏഷ്യക്കാരനാണ് മണിലാല്‍.

കാട്ടുങ്ങല്‍ എ സുബ്രഹ്‌മണ്യത്തിന്റെയും കെകെ ദേവകിയുടെയും മകനായി 1938 സെപ്റ്റംബർ 17ന് പറവൂര്‍ വടക്കേക്കരയിലാണ് മണിലാല്‍ ജനിച്ചത്. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം മധ്യപ്രദേശിലെ സാഗര്‍ സര്‍വകലാശാലയില്‍ തുടര്‍പഠനം നടത്തി. ജ്യോത്സ്‌നയാണ് ഭാര്യ, അനിതയാണ് മകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

SCROLL FOR NEXT