ഫാത്തിമ ഇസ്തിക് 
Kerala

ക്ഷേത്രോത്സവത്തിൽ അവൾ പാടി; കലാമണ്ഡലം ​ഹൈദരാലിയുടെ കഥകളി സം​ഗീത പാരമ്പര്യം ഫാത്തിമയിലൂടെ പുനർജനിക്കുന്നു

ഹരിപ്പാട്ടെ ഒരു ക്ഷേത്രത്തില്‍ മതില്‍ക്കെട്ടിന് പുറത്തേക്ക് വലിച്ചുകെട്ടിയ സ്റ്റേജില്‍ പാടേണ്ടി വന്ന ഹൈദരാലിയെ പഴയ തലമുറയിലെ കഥകളി ആസ്വാദകര്‍ ഇന്നും വേദനയോടെ ഓര്‍ക്കുന്നു.

മനോജ് വിശ്വനാഥന്‍

കൊച്ചി: മത - ജാതി വിവേചനങ്ങള്‍ നിലനിന്ന കാലത്തു കഥകളിയില്‍ പരമ്പരാഗത വിശ്വാസങ്ങളെ അട്ടിമറിച്ചു ആസ്വാദക മനസുകളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ കഥകളി സംഗീതജ്ഞനായിരുന്നു കലാമണ്ഡലം ഹൈദരാലി. ഹരിപ്പാട്ടെ ഒരു ക്ഷേത്രത്തില്‍ മതില്‍ക്കെട്ടിന് പുറത്തേക്ക് വലിച്ചുകെട്ടിയ സ്റ്റേജില്‍ പാടേണ്ടി വന്ന ഹൈദരാലിയെ പഴയ തലമുറയിലെ കഥകളി ആസ്വാദകര്‍ ഇന്നും വേദനയോടെ ഓര്‍ക്കുന്നു. ആര്‍ദ്രമായ ശബ്ദം കൊണ്ട് മാമൂലുകളെ തിരുത്തിയെഴുതിയ കലാകാരന്‍ അരങ്ങൊഴിഞ്ഞിട്ട് ഇരുപതു വര്ഷം പിന്നിടുന്നു.

കഥകളി വേദിയില്‍ മാറ്റങ്ങളുടെ കൊടുങ്കാറ്റു വീശുന്ന വര്‍ത്തമാന കാലത്തില്‍ രണ്ടു മുസ്ലിം വനിതകളാണ് ഹൃദയം കീഴടക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ സാബ്രി എന്ന പതിനാറുകാരി വിജയദശമി ദിനത്തില്‍ കലാമണ്ഡലത്തിലെ കൂത്തമ്പലത്തില്‍ കഥകളി വേഷത്തില്‍ അരങ്ങേറ്റം കുറിച്ചു. 2023 ലാണ് കൊല്ലം അഞ്ചലിലെ ഫോട്ടോഗ്രാഫര്‍ നിസാമിന്റെയും അനീസയുടെയും മകളായ സാബ്രി കലാമണ്ഡലത്തില്‍ എട്ടാം ക്ലാസ് പ്രവേശനം നേടിയത്.

സാബ്രിയയുടെ തുടര്‍ച്ചയായി ഫാത്തിമ ഇസ്തിക് എന്ന മലപ്പുറം വാണിയമ്പലംകാരി കഴിഞ്ഞ ഡിസംബര്‍ 27 നു പോരൂര്‍ ശിവക്ഷേത്രോത്സവത്തോടനുബന്ധിച്ച് സംഗീത കച്ചേരി അവതരിപ്പിച്ച് ശ്രദ്ധ നേടി. വാണിയമ്പലത്തിലെ സ്‌കൂള്‍ അധ്യാപകനായ ഇസ്തികറുദീന്റെയും രജിതയുടെയും മകളായ ഫാത്തിമ ക്ഷേത്രം ഭാരവാഹികളുടെ ക്ഷണം സ്വീകരിച്ചാണ് അര മണിക്കൂര്‍ കഥകളിപദ കച്ചേരി നടത്തിയത്. ലവണാസുരവധത്തില്‍ രാമനാല്‍ ഉപേക്ഷിക്കപ്പെട്ടു വാല്മീകിയുടെ ആശ്രമത്തില്‍ കഴിയുന്ന സീതയെ അശ്വമേധത്തിനിടെ ലവകുശന്മാരാല്‍ ബന്ധിതനായ ഹനുമാന്‍ കാണുന്ന വികാരതീവ്രമായ പദമാണ് ഫാത്തിമ അവതരിപ്പിച്ചത്. ദുബായില്‍ സിവില്‍ എഞ്ചിനീയര്‍ ആയി ജോലി നോക്കുന്ന ഭര്‍ത്താവു നാജി റഹീമിനൊപ്പം കഴിയുന്ന ഫാത്തിമ ക്ഷേത്രത്തിലെ പരിപാടിക്കായാണ് നാട്ടില്‍ എത്തിയത്.

വണ്ടൂര്‍ ഡബ്ലിയു ഐ സി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ലളിത സംഗീതം നന്നായി ആലപിച്ചിരുന്ന ഫാത്തിമയോട് അധ്യാപികയായ റഷീദ ടീച്ചര്‍ ആണ് അവളുടെ സ്വരം കഥകളി സംഗീതത്തിന് യോജിക്കും എന്ന് പറഞ്ഞത്. 'ടീച്ചര്‍ ആണ് എന്നെ കഥകളി സംഗീതജ്ഞയായ ദീപ പാലനാടിനു പരിചയപ്പെടുത്തിയത്. ഒന്‍പതാം ക്ളാസില്‍ പഠിക്കുമ്പോള്‍ 2016 സ്‌കൂള്‍ യുവജനോത്സവത്തില്‍ സംസ്ഥാനതലം വരെ മല്‍സരിച്ചു. പിന്നീട് മഹാരാജാസ് കോളജില്‍ നിന്ന് സംഗീതത്തില്‍ ബിരുദവും തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ബിരുദാനന്തര ബിരുദവും ലഭിച്ചു,' ഫാത്തിമ പറഞ്ഞു.

കര്‍ണാടക സംഗീതത്തിലെ കീര്‍ത്തനങ്ങളും പ്രശസ്തമായ ചലച്ചിത്ര ഗാനങ്ങളും റീലുകളായി സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചു ആരാധക ശ്രദ്ധ നേടിയ ഫാത്തിമയ്ക്ക് ഒരു പ്രഫഷണല്‍ ഗായികയാവാനാണ് ആഗ്രഹം. ജനുവരി അഞ്ചിന് എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ ഫാത്തിമ കഥകളിപദ കച്ചേരി അവതരിപ്പിക്കും. മാര്‍ച്ചില്‍ വനിതാദിനത്തില്‍ സംഗീത നാടക അക്കാദമിയില്‍ കഥകളിക്ക് പാടാനുള്ള ഒരുക്കത്തിലാണ്.

Breaking barriers, Muslim woman relives Hyderali’s legacy in kathakali music

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിനോയ് വിശ്വമല്ല പിണറായി വിജയന്‍; സിപിഐ ചതിക്കുന്ന പാര്‍ട്ടിയല്ല; വെള്ളാപള്ളിയെ കാറില്‍ കയറ്റിയത് ശരി'

മുറിയില്‍ കയറി വാതിലടച്ചു; വിളിച്ചിട്ടും തുറന്നില്ല; ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത നിലയില്‍; അന്വേഷണം

റോഡിന് കാത്തിരുന്നു 78 വർഷം, ഒടുവിൽ ഗ്രാമത്തിൽ ബസ് എത്തി; ആഘോഷം കളർഫുൾ! (വിഡിയോ)

സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും; കേന്ദ്രവിജ്ഞാപനം ഇറങ്ങി

അഡ്രിയാൻ ലൂണ പടിയിറങ്ങി! ലോണിൽ വിദേശ ലീ​ഗിലേക്ക്; ബ്ലാസ്റ്റേഴ്സിന് കനത്ത അടി

SCROLL FOR NEXT