ആരോ​ഗ്യമന്ത്രി വീണാ ജോർജ്  ടിവി ദൃശ്യം
Kerala

പ്രശാന്തനെ പിരിച്ചുവിടും, നിയമോപദേശം തേടിയെന്ന് ആരോഗ്യമന്ത്രി

വിശദമായ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നാളെ കണ്ണൂരിലെത്തുമെന്നും ആരോഗ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എഡിഎം നവീന്‍ബാബുവിന് കൈക്കൂലി നല്‍കിയെന്ന് വെളിപ്പെടുത്തിയ പരിയാരം മെഡിക്കല്‍ കോളജിലെ ജീവനക്കാരന്‍ ടി വി പ്രശാന്തനെതിരെ ആരോഗ്യവകുപ്പിന്റെ അന്വേഷണം. പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ല, കരാര്‍ ജീവനക്കാരന്‍ മാത്രമാണ്. ഇയാള്‍ ആഗിരണ പ്രക്രിയയില്‍ ഉള്‍പ്പെട്ട ജീവനക്കാരനാണ്. എങ്കിലും ഇപ്പോഴുണ്ടായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നാളെ കണ്ണൂരിലെത്തുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ, നിലവിലുണ്ടായിരുന്നവരെ അതേ ശമ്പളത്തോടെ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം കുറച്ചുപേരെ മാത്രമാണ് സര്‍ക്കാര്‍ സര്‍വീസിലേക്ക് എടുത്തത്. ബാക്കിയുള്ളവരെ സര്‍വീസിലേക്ക് എടുക്കാനുള്ള ആഗിരണ പ്രക്രിയ നടന്നു കൊണ്ടിരിക്കുകയാണ്. ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള ലിസ്റ്റില്‍ പ്രശാന്തനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇനി പ്രശാന്തന്‍ വകുപ്പില്‍ ജോലിക്കാരനായി ഉണ്ടാകരുതെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനമെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

പ്രശാന്തനെ ടെര്‍മിനേറ്റ് ചെയ്യുന്നതിനായി സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. നിയമപരമായി ഒരു പഴുതും ഉണ്ടാകരുതെന്ന് ഉറപ്പിക്കാനാണ് നിയമോപദേശം തേടിയിട്ടുള്ളത്. പ്രശാന്തന്‍ ഇനി സര്‍വീസില്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. പരിയാരം മെഡിക്കല്‍ കോളജില്‍ ഇലക്ട്രീഷ്യനായിട്ടാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍ പമ്പു തുടങ്ങാന്‍ ഇയാളുടെ അപേക്ഷ കിട്ടിയിട്ടില്ല. മെഡിക്കല്‍ കോളജ് സൂപ്രണ്ടും പ്രിന്‍സിപ്പലും അത്തരത്തിലൊരു തെളിവുമില്ലെന്നാണ് അറിയിച്ചത്. സംഭവത്തില്‍ കണ്ണൂരില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നും മന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ട് തൃപ്തികരമല്ലാത്തതിനാല്‍ ഇതേപ്പറ്റി വിശദമായി അന്വേഷിക്കാനാണ് വകുപ്പിലെ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥനായ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ ഐഎഎസിനെ തന്നെ കണ്ണൂരിലേക്ക് അയക്കുന്നത്. മെഡിക്കല്‍ എജ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ വിശ്വനാഥനുമാണ് കണ്ണൂരിലെത്തി പ്രശാന്തനുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കുക. നാളെത്തന്നെ സംഘം കണ്ണൂരിലേക്ക് പോകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പ്രശാന്തനെ അടക്കം അക്കോമഡേറ്റ് ചെയ്തതായിട്ടാണ് കണ്ണൂരില്‍ നിന്നും അറിയിച്ചത്. അതുപ്രകാരം ഇയാള്‍ക്ക് സര്‍വീസ് ചട്ടം ബാധകമല്ലേ, ചട്ടലംഘനമുണ്ടായിട്ടുണ്ടോ എന്നിവയെല്ലാം അഡീഷല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുമെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

നവീന്‍ബാബുവിനെ തനിക്ക് നേരിട്ട് അറിയാവുന്നയാളാണ്. വിദ്യാര്‍ത്ഥി ജീവിതകാലത്തുമുതലേ അദ്ദേഹത്തെ അറിയാം. ഒരു കള്ളം പോലും വാക്കാല്‍ പറയരുതെന്ന് ജീവിതത്തില്‍ ദൃഡനിശ്ചയം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു സ്റ്റുഡന്റായിരുന്ന കാലത്തുപോലും നവീന്‍ബാബു. അതുകൊണ്ടു തന്നെ സ്റ്റുഡന്റായിരിക്കുമ്പോള്‍ പോലും വ്യത്യസ്തനായിരുന്നു. പ്രളയകാലത്തും കോവിഡ് കാലത്തും തന്റെയൊപ്പം പ്രവര്‍ത്തിച്ച സത്യസന്ധനായ ഉദ്യോഗസ്ഥനാണ് നവീന്‍ബാബു.ആ കുടുംബത്തിന്റെ വികാരം തനിക്ക് ഉള്‍ക്കൊള്ളാനാകും. ഇതിന് പത്തനംതിട്ടക്കാരിയാകണമെന്നില്ല, മനുഷ്യനായാല്‍ മതി. അദ്ദേഹത്തോടും കുടുംബത്തോടും നീതി ചെയ്യണം എന്നതുകൊണ്ടാണ് പ്രശാന്തനെപ്പോലെ ഒരാളെ സര്‍വീസില്‍ വേണ്ടെന്ന് തീരുമാനിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

SCROLL FOR NEXT