വിവാഹവേദിയിൽ പതിവ് ആഘോഷങ്ങൾക്കപ്പുറം കലയുടെ നിറവും ചുവടുകളും നിറഞ്ഞപ്പോൾ, അത് വധൂവരന്മാരുടെ ജീവിതത്തിലെ വേറിട്ടൊരു അധ്യായമായി. ചിത്രകാരനായ വരൻ വിഷ്ണുപ്രിയന്റെയും നർത്തകിയായ വധു ശ്രീനിമയുടെയും വിവാഹവിരുന്നാണ് ചിത്രപ്രദർശനത്തിനും മോഹിനിയാട്ടത്തിനും വേദിയായത്.
മലപ്പുറം സ്വദേശി ചന്ദ്രൻ - ശാരദ ദമ്പതികളുടെ മകൻ വിഷ്ണുപ്രിയൻ (31), വേങ്ങര കച്ചേരിപ്പടി നീലഞ്ചേരിപ്പറമ്പിൽ സുബ്രഹ്മണ്യൻ - ഗിരിജ ദമ്പതികളുടെ മകൾ ശ്രീനിമ (28) എന്നിവരുടെ വിവാഹാഘോഷങ്ങളാണ് മലപ്പുറം ആർട്ട് ഗാലറിയിലും സമീപത്തെ ഡി.ടി.പി.സി ഹാളിലുമായി നടന്നത്. ആർട്ട് ഗാലറിയിൽ ചിത്രപ്രദർശനവും ഡി.ടി.പി.സി ഹാളിൽ ശ്രീനിമയുടെ മോഹിനിയാട്ടം അരങ്ങേറി.
വിഷ്ണുപ്രിയന്റെ പിതാവിന്റെ സഹോദരി സത്യഭാമ (70) വരച്ച 30ഓളം ചിത്രങ്ങളാണ് ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചത്. തന്റെ മകനു തുല്യനായ വിഷ്ണുപ്രിയന് വിവാഹ സമ്മാനമായാണ് സത്യഭാമ ചിത്രപ്രദർശനം ഒരുക്കിയത്.
കോവിഡ് കാലത്താണ് സത്യഭാമയുടെ കലാജീവിതത്തിന് തുടക്കമാകുന്നത്. ഔപചാരിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത സത്യഭാമ അന്ന് അയൽവീടുകളിൽ ജോലിക്ക് പോകുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ജോലിക്ക് പോകാൻ കഴിയാതെ വീട്ടിലിരിക്കേണ്ടി വന്ന സമയത്ത്, വിഷ്ണുപ്രിയൻ ഉപേക്ഷിച്ചിരുന്ന ചിത്രരചനാ സാമഗ്രികൾ വീണ്ടും എടുത്ത് ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി. ഇത് കണ്ടാണ് സത്യഭാമയും ബ്രഷ് കൈയിലെടുത്തത്.
പിന്നീട് ആ കൗതുകം വലിയൊരു കലാജീവിതമായി വളർന്നു. ഇതിനകം 500ലേറെ ചിത്രങ്ങൾ സത്യഭാമ വരച്ചിട്ടുണ്ട്. പേന, പെൻസിൽ, ജലച്ചായം, ഓയിൽ പെയിന്റിങ് തുടങ്ങി വിവിധ മാധ്യമങ്ങളിൽ അവർ പരീക്ഷണം നടത്തി. കോഴിക്കോട്, കണ്ണൂർ, കൊച്ചി, പട്ടാമ്പി എന്നിവിടങ്ങളിൽ ചിത്രപ്രദർശനങ്ങളും നടത്തിയിട്ടുണ്ട്. നിരവധി ചിത്രങ്ങൾ ഇതിനകം വിറ്റുപോയി.
70ാം വയസ്സിലും ചിത്രരചന തുടരുന്ന സത്യഭാമയുടെ കലാപ്രവർത്തനങ്ങൾക്ക് കൂടുതൽ പേരിലേക്ക് എത്താനുള്ള അവസരം കൂടിയായിരുന്നു വിവാഹത്തോടനുബന്ധിച്ചുള്ള പ്രദർശനം.
വിഷ്ണുപ്രിയനും ശ്രീനിമയും കലയുമായി അടുത്ത ബന്ധമുള്ളവരാണ്. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നാടൻ കലയിൽ ഗവേഷകയാണ് ശ്രീനിമ. മോഹിനിയാട്ടത്തിൽ ബിരുദാനന്തര പഠനം രണ്ടാം റാങ്കോടെയാണ് പൂർത്തിയാക്കിയത്. വിഷ്ണുപ്രിയൻ കാലടി ആർട്ട് കോളജിൽ നിന്ന് ചിത്രകലയിൽ പഠനം പൂർത്തിയാക്കി.
വിവാഹത്തിന് തലേദിവസം വേങ്ങര സബ് രജിസ്ട്രാർ ഓഫീസിൽ ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. ഞായറാഴ്ച നടന്ന ചിത്രപ്രദർശനത്തിലും വിവാഹവിരുന്നിലും ഇരുവരുടെയും സുഹൃത്തുക്കളും കലാരംഗത്തുള്ളവരും പങ്കെടുത്തു.
പതിവ് വിവാഹവിരുന്നുകളിൽ നിന്ന് വ്യത്യസ്തമായി അതിഥികൾക്ക് ഓർമിക്കാവുന്ന ഒരു അനുഭവം സമ്മാനിക്കണമെന്ന ആശയമാണ് കലാപരിപാടികൾ ഉൾപ്പെടുത്താൻ കാരണമെന്ന് വിഷ്ണുപ്രിയൻ പറഞ്ഞു.
'ഇന്നത്തെ വിവാഹവിരുന്നുകൾ പലപ്പോഴും ഒരേ രീതിയിലാണ് നടക്കുന്നത്. ഞങ്ങൾക്കും അതിഥികൾക്കും ഒരുപോലെ ഓർമയിൽ നിൽക്കുന്ന ഒന്നായിരിക്കണം വിവാഹവിരുന്നെന്ന് ആഗ്രഹിച്ചു. വീട്ടിൽ തന്നെ മികച്ച കലാപ്രതിഭകൾ ഉള്ളപ്പോൾ പുറത്തുനിന്ന് കലാകാരന്മാരെ അന്വേഷിക്കേണ്ടതില്ലല്ലോ. സത്യഭാമ അമ്മായി മികച്ച കലാകാരിയാണ്. പക്ഷേ, തന്റെ കഴിവ് തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്വി' വിഷ്ണുപ്രിയൻ പറഞ്ഞു.
'അമ്മായിയുടെ ചിത്രങ്ങളുടെ നിരവധി പ്രദർശനങ്ങൾ നേരത്തെ സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ അവയ്ക്ക് കൂടുതലും ഒരു പ്രത്യേക വിഭാഗം പ്രേക്ഷകരാണ് എത്തുന്നത്. വിവാഹവിരുന്നിൽ വിവിധ മേഖലകളിൽ നിന്നുള്ള ആളുകൾ പങ്കെടുക്കും. അതിലൂടെ ചിത്രങ്ങൾക്ക് കൂടുതൽ പേരിലേക്ക് എത്താൻ സാധിക്കും. അതുകൊണ്ടാണ് വിവാഹവിരുന്നിനൊപ്പം ചിത്രപ്രദർശനം കൂടി സംഘടിപ്പിക്കാൻ തീരുമാനിച്ചത്'- അദ്ദേഹം പറഞ്ഞു.
വിവാഹവിരുന്നുകളിൽ സാധാരണയായി പുറത്തുനിന്നുള്ള നർത്തകരുടെ പ്രകടനങ്ങളാണ് കാണാറുള്ളതെന്നും എന്നാൽ മോഹിനിയാട്ടം പോലുള്ള കലാരൂപങ്ങളുടെ അവതരണം ഇത്തരം ചടങ്ങുകളിൽ അപൂർവമാണെന്നും വിഷ്ണുപ്രിയൻ പറഞ്ഞു.
'വിവാഹവിരുന്നുകളിൽ സാധാരണയായി പുറത്തുനിന്നുള്ള നർത്തകരുടെ പ്രകടനങ്ങളാണ് കാണാറുള്ളത്. എന്നാൽ ഒരു മോഹിനിയാട്ടം കച്ചേരി തന്നെ വിവാഹവിരുന്നിനോട് അനുബന്ധിച്ച് നടത്തുന്നത് അപൂർവമാണ്. ശ്രീനിമയ്ക്കുള്ളത് അപൂർവമായ കഴിവാണ്. വിരുന്നിന് മുമ്പായി അവൾ ഒരു മണിക്കൂറോളം മോഹിനിയാട്ടം അവതരിപ്പിച്ചു. അവളെയോർത്ത് എനിക്ക് ഏറെ അഭിമാനമുണ്ട്'- വിഷ്ണുപ്രിയൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates