ന്യൂഡല്‍ഹി: 10 കിലോയുടെ ഗാര്‍ഹിക സിലിണ്ടറുകള്‍ വിതരണം ചെയ്യുമെന്ന പ്രചാരണം വ്യാജമെന്ന് കേന്ദ്രം. തൂക്കം കുറയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ ഊഹാപോഹങ്ങള്‍ മാത്രമാണെന്നും കിംവദന്തികളില്‍ ആരും വിശ്വസിക്കരുതെന്നും പെട്രോളിയം മന്ത്രാലയം ജോയിന്‍ സെക്രട്ടറി സുജാത ശര്‍മ അറിയിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതം കുത്തനെ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക എല്‍പിജിയുടെ അളവ് കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
14.2 കിലോയുടെ ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ 10 കിലോ ആക്കി മാറ്റുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തികച്ചും ഊഹാപോഹമാണ്. ദയവായി അത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നാണ് പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന മന്ത്രിതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ സുജാത ശര്‍മ വിശദമാക്കിയത്.
എല്‍പിജി വിതരണം സുസ്ഥിരമാക്കാനും കരിഞ്ചന്ത തടയാനുമാണ് നിലവില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നതെന്നും സുജാത ശര്‍മ്മ വിശദമാക്കി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ ഏകദേശം 3.5 ലക്ഷം ഗാര്‍ഹിക, വാണിജ്യ പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (പിഎന്‍ജി) കണക്ഷനുകള്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. എല്‍പിജി വിതരണത്തില്‍ ചില ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, വിതരണ കേന്ദ്രങ്ങളില്‍ സിലിണ്ടറുകള്‍ക്ക് ക്ഷാമമില്ല. ആളുകള്‍ പരിഭ്രാന്തരായി സിലിണ്ടര്‍ ബുക്ക് ചെയ്യുന്നത് കുറഞ്ഞിട്ടുണ്ട്. ഡെലിവറി സാധാരണ നിലയിലായി എന്നാണ് സുജാത ശര്‍മ്മ വിശദമാക്കിയത്.വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകള്‍ അനുവദിക്കുന്നതില്‍ പുതിയ നയം കൊണ്ടുവന്നതായും ജോയിന്റ് സെക്രട്ടറി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates