തദ്ദേശ തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും എത്തിനിൽക്കെ കേരളത്തിലെ കോൺഗ്രസിൽ നേതൃത്വതലത്തിൽ പുനഃസംഘടന നടത്തിയ കോൺഗ്രസ് പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരം എന്ന ലക്ഷ്യം കൈവരിക്കുമോ. എക്കാലത്തും സംസ്ഥാനത്തെ കോൺഗ്രസിലെ നേതൃമാറ്റങ്ങൾ വിവാദങ്ങൾക്കും വാക് പോരുകൾക്കും വഴിയൊരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടത്തിയെത്തിയാലും അല്ലെങ്കിലും. നേതാക്കളുടെ ഗ്രൂപ്പും ഗ്രൂപ്പുമാറ്റവുമൊക്കെ അതിന് കാരണമായിരുന്നു. എ, ഐ എന്നീ രണ്ട് ഗ്രൂപ്പുകളുടെ പ്രബലകാലത്തായിരുന്നു ഈ പങ്കിട്ടെടുക്കൽ സജീവമായിരുന്നത്. എ ഗ്രൂപ്പ് ഇന്ന് ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞു. കോൺഗ്രസിൽ ഗ്രൂപ്പ് ഉണ്ടെങ്കിലും ഗ്രൂപ്പ് അടിസ്ഥാനത്തിലെ വീതം വെപ്പുകൾ നടക്കുമെങ്കിലും പഴയതുപോലെ എ, ഐ പ്രബല വിഭാഗങ്ങൾ ഇന്നില്ല. അക്കാലങ്ങളിൽ പലപ്പോഴും കെ പി സി സി പ്രസിഡന്റും നിയമസഭാകക്ഷിനേതാവും ഈ രണ്ട് ഗ്രൂപ്പുകൾ പങ്കിട്ടെടുക്കുകയായിരുന്നു സംഭവച്ചിരുന്നത്.
കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ വരുന്നവരൊക്കെ പൊതുവിൽ പലനിലകളിൽ പരിചിതമുഖങ്ങളായിരുന്നു. അവർക്കൊക്കെ ഗ്രൂപ്പ് തലത്തിലോ അവരുടെ നിലപാടുകളുടെ തലത്തിലോ എക്കാലത്തും സംസ്ഥാനതല സാന്നിദ്ധ്യം ഉണ്ടായിരുന്നു. അതിനൊരു അപവാദമെന്ന് വേണമെങ്കിൽ പറയാമായിരുന്ന ഒരാൾ 1998 ൽ വയലാർ രവി മാറി പകരമെത്തിയ തെന്നല ബാലകൃഷ്ണപിള്ളയായിരുന്നു. കോൺഗ്രസിലെ സൗമ്യനും മുതിർന്ന നേതാവുമായ തെന്നല കേരളത്തിലങ്ങളോമിങ്ങോളം ജനങ്ങൾക്ക് അത്ര അറിയപ്പെടുന്ന ആളായിരുന്നില്ല. വയലാർ രവിയെ മാറ്റിയാണ് തെന്നല ബാലകൃഷ്ണപിള്ള ആദ്യം കെ പി സി സി അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നത്. അതിന് ശേഷവും അതിനു മുമ്പ് വന്നവരൊക്കെ മാധ്യമങ്ങളിലൂടെ നിറഞ്ഞു നിന്നും ഗ്രൂപ്പ് തലത്തിലുള്ള പ്രവർത്തനങ്ങളിലൂടെയുമൊക്കെ പൊതുവിൽ കേരളമൊട്ടാകെ സാന്നിദ്ധ്യമറിയിച്ചവരായിരുന്നു. തെന്നല വന്ന വഴിയിൽ ദീർഘകാലത്തിന് ശേഷം എത്തുന്ന മറ്റൊരു പ്രസിഡന്റാണ് സണ്ണി ജോസഫ്. എം എൽ എ എന്ന നിലയിലും ഡി സി സി പ്രസിഡന്റ് എന്ന നിലയിലും കണ്ണൂരിൽ സണ്ണി ജോസഫിന് മികച്ച പ്രതിച്ഛായ ഉണ്ടെങ്കിലും കണ്ണൂരിന് പുറത്ത് പൊതുജനങ്ങൾക്കിടയിൽ സണ്ണി ജോസഫ് എന്ന പേര് അത്ര പരിചതമല്ല. കോൺഗ്രസ് പാർട്ടിക്കുള്ളിൽ സണ്ണിജോസഫിനെ അറിയാവുന്നവർ ഒരുപക്ഷേ കേരളമൊട്ടാകെ ഉണ്ടാകാം.
കേരളത്തിലെ കോൺഗ്രസിനെ സംബന്ധിച്ച് അവരുടെ ചരിത്രത്തിൽ ഇത്രയും ദീർഘകാലം അധികാരത്തിന് പുറത്തു നിൽക്കേണ്ടി വരുന്നത്ത് ഇപ്പോഴാണ്. എവിടെയാണ് തങ്ങളുടെ താളം തെറ്റിയത് എന്ന് മനസ്സിലാക്കുന്ന കോൺഗ്രസ് ശ്രമത്തിന്റെ ഭാഗമാണ് സണ്ണി ജോസഫിനെ കെ പി സിസി പ്രസിഡന്റാക്കിയുള്ള പുനഃസംഘടനയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കോൺഗ്രസിന് സംഭവിച്ച വോട്ട് ചോർച്ച തിരിച്ചുപിടിക്കാനും മുന്നണി വിട്ടുപോയ കേരളാ കോൺഗ്രസ് (എം) നെ തിരികെ കൊണ്ടുവരാനുമുള്ള ശ്രമങ്ങൾക്ക് സണ്ണി ജോസഫിന് സാധ്യമാകുമെന്നാണ് ഇവർ കണക്കുകൂട്ടുന്നത്. സണ്ണി ജോസഫിനുള്ള സഭാ ബന്ധവും സണ്ണിക്ക് മറ്റ് രാഷ്ട്രീയ നേതാക്കളുമായി ഇടപഴകാനുള്ള കഴിവും സൗമ്യമായ പെരുമാറ്റ രീതിയും കോൺഗ്രസിന് നിലവിലത്തെ സ്ഥിതിയിൽ മറ്റ് പാർട്ടികളുമായി സംസാരിക്കുന്നതിനും അതിനെ യു ഡി എഫിന് അനുകൂലമാക്കി മാറ്റാനും സാധിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്.
കേരളത്തിലെ കോൺഗ്രസിന്റെ വോട്ട് ബാങ്കിലെ പഴയ ചരിത്രം നോക്കിയാൽ നായർ, ക്രിസ്ത്യൻ, മുസ്ലിം വോട്ടുകളും സമ്പന്ന ഈഴവ വോട്ടുകളുമാണ് പൊതുവിൽ കോൺഗ്രസിന് അനുകൂലമായി ലഭിച്ചുകൊണ്ടിരുന്നത്. ഈ വോട്ടുകളിൽ വന്ന ചോർച്ചയാണ് കോൺഗ്രസിന് തിരച്ചടി നൽകുന്നതായി മാറിയത്. ഇതിൽ നായർ വോട്ടുകൾ ഇനി തിരിച്ചുവരാനാകാത്തവിധം മാറിക്കഴിഞ്ഞു എന്നാണ് വിലയിരുത്തുന്നത്. എന്നാൽ ക്രിസ്ത്യൻ വോട്ടുകൾ തിരിച്ചുപിടിക്കാനാകുമെന്ന വിശ്വാസമാണ് കോൺഗ്രസിനുള്ളത്. അതിന് സണ്ണി സഹായകമാകുമെന്ന് അവർ കരുതുന്നു. ബി ജെപിക്കൊപ്പം പോയ ക്രിസ്ത്യൻ വോട്ടുകൾ തിരികെ എത്തിക്കാനും കാസ പോലുള്ള സംഘടനകളുടെ അവകാശവാദങ്ങളോട് മറുപടി പറയാനും സണ്ണിക്ക് സാധ്യമാകുമെന്ന് അവർ കരുതുന്നു.
കോൺഗ്രസിന് കേരളത്തിൽ ലഭിച്ച ചരിത്ര വിജയം എന്ന് പറയാവുന്നത് 2001 ൽ 100 സീറ്റ് നേടി അധികാരത്തിൽ വന്നതാണ്. അന്ന് തെന്നല ബാലകൃഷ്ണപിള്ളയായിരുന്നു കെ പി സി സി പ്രസിഡന്റ്. അതുകൊണ്ട് കെ പി സി സി പ്രസിഡന്റ് ആര് എന്നതല്ല പ്രശ്നം എന്നാണ് സണ്ണിയെയും പുനഃസംഘടനയെയും അനുകൂലിക്കുന്നവർ വാദിക്കുന്നത്. പുനഃസംഘടന നല്ലത് തന്നെ അത് സ്വാഭാവികമായും സംഘടനയ്ക്ക് പുതിയ ഊർജ്ജം നൽകുമെന്ന് രാഷ്ട്രീയ നിരീക്ഷനും മാധ്യമപ്രവർത്തകനുമായ ശ്രീകുമാർ മനയിൽ അഭിപ്രായപ്പെട്ടു. ഇത് താഴെതട്ട് വരെ നടത്തിയാൽ കോൺഗ്രസിന് അത് തിരഞ്ഞെടുപ്പുകളിൽ ഗുണം ചെയ്യും. മുകളിൽ തട്ടിൽ വരുന്നവർക്കും താഴെ തട്ടിൽ വരുന്നവർക്കും തങ്ങളുടെ കാര്യപ്രാപ്തി തെളിയിക്കുന്നതിനായി പണിയെടുക്കേണ്ടി വരും. താഴേ തട്ടിൽവരെ പുനഃ സംഘടന നടന്നാൽ വോട്ട് ചേർക്കൽ എന്ന പ്രക്രിയ സജീവമാകും. അവരാണ് അത് ചെയ്യേണ്ടത്. മുകളിൽ നടക്കുന്ന പുനഃസംഘടനവഴി രാഷ്ട്രീയകക്ഷികളുമായി സമുദായ സംഘടനകളുമായുള്ള ചർച്ചകളും നീക്കുപോക്കുകളം നടത്താനുള്ള ഉത്തരവാദിത്വമാണ് വരുന്നത്. അവർക്ക് അത് ചെയ്യാനാകും. സണ്ണി ജോസഫ് സാമുദായിക സംഘടന നേതാക്കളുമായും മുസ്ലിം ലീഗ് പോലുള്ള രാഷ്ട്രീയ പാർട്ടി നേതാക്കളുമായി സംസാരിക്കാനും കാര്യങ്ങളിൽ പരിഹാരം ഉണ്ടാക്കാനും കഴിയുന്ന നേതാവാണ് ശ്രീകുമാർ അഭിപ്രയാപ്പെട്ടു.
കേരളത്തിൽ കോൺഗ്രസിലെ വോട്ട് ബാങ്കിലെ നട്ടെല്ല് എന്ന് പറയാവുന്നത് എക്കാലവും ന്യൂനപക്ഷങ്ങളുടെ വോട്ടുകളാണ്, പ്രത്യേകിച്ചും ക്രിസ്ത്യൻ, മുസ്ലിം വോട്ടുകൾ. ആ വോട്ട് ബാങ്കിൽ വന്ന ചോർച്ച കോൺഗ്രസിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ 2006 മുതൽ ബാധിക്കുന്നുണ്ട്. ഇതിനൊപ്പം കോൺഗ്രസിന് ലഭിച്ചുകൊണ്ടിരുന്ന വോട്ടിൽ നിന്ന് നല്ലൊരുഭാഗം വോട്ട് കുറച്ചു കാലമായി ബി ജെ പിയുടെ സ്ഥിരം വോട്ടായി മാറുകയും ചെയ്തു. ഇത് സി പി എമ്മിനെയും അടുത്തിടെയായി ബാധിച്ചുവെങ്കിലും കോൺഗ്രസിൽ നിന്നാണ് ഇത് കൂടുതലായി കാണാനാകുന്നത്. ക്രിസ്ത്യൻ വോട്ടുകൾ തിരിച്ചു കൊണ്ടുവരുന്നതിൽ വലിയൊരു പങ്ക് വഹിക്കാനാകുന്നത് കേരളാ കോൺഗ്രസ് മാണിക്കാണ്. എന്നാൽ അവർ ഇപ്പോൾ എൽ ഡി എഫിനൊപ്പമാണ്. പുനഃസംഘടനയിലൂടെ അധികാരത്തിലെത്തിയ സണ്ണി ജോസഫിനുള്ള സഭാ ബന്ധം വച്ച് കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിനെ തിരികെ യു ഡി എഫിലെത്തിക്കാമെന്ന് പ്രതീക്ഷയുണ്ടെങ്കിലും അടൂർ പ്രകാശ് യു ഡി എഫ് കൺവീനറായിരിക്കുമ്പോൾ ആ ചർച്ച എത്രത്തോളം ഫലപ്രദമാകുമെന്നതാണ് ഇവിടെ ഉയരുന്ന മറ്റൊരു വിഷയം. കെ എം മാണിക്കെതിരെ ബാർ കോഴ വിഷയം ഉയർത്തിക്കൊണ്ടുവന്നത് അടൂർ പ്രകാശും ബിജു രമേശ് എന്ന ബാറുടമ നേതാവുമായിരുന്നുവെന്ന് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് ആരോപണമുണ്ട്. അതുകൊണ്ട് തന്നെ അടൂർ പ്രകാശ് യു ഡി എഫ് കൺവീനറായിരിക്കെ അവരുടെ മടങ്ങി വരവ് എത്രത്തോളം നടപ്പാക്കാനാവും എന്നത് പുതിയ കെ പി സി സി നേതൃത്വത്തിന് സൃഷ്ടിക്കുന്ന പ്രധാന തടസങ്ങളിലൊന്നാകും.
അടൂർ പ്രകാശ് പ്രശ്നം പരിഹരിക്കാമെന്ന് വെച്ചാൽ തന്നെ സീറ്റ് വിഭജനം എന്നത് പ്രധാന കീറാമുട്ടിയായി യു ഡി എഫിൽ വരും. പ്രതിസന്ധി ഘട്ടത്തിൽ യു ഡി എഫിനൊപ്പം നിന്ന ജോസഫ് ഗ്രൂപ്പിനും മാണി സി കാപ്പനുമൊക്കെ ഇപ്പോഴും യു ഡി എഫിൽ തന്നെയുണ്ട്. കേരളാ കോൺഗ്രസുകാരുടെ സീറ്റ് വിഭജനം എങ്ങനെ നടക്കുമെന്നത് വലിയ വെല്ലുവിളിയാകും പ്രത്യേകിച്ച് പാലാ സീറ്റ്. പാലയ്ക്ക് പകരം തിരുവമ്പാടി കൊടുത്താൽ കേരളാ കോൺഗ്രസ് മാണി വഴങ്ങുമോ അല്ലെങ്കിൽ മാണി സി കാപ്പൻ വഴങ്ങുമോ എന്നതാണ് ഇവിടെ വരുന്ന പ്രശ്നം.
എന്നാൽ, ഇതൊരു പ്രശ്നമാകില്ലെന്ന് കരുതുന്നവരുമുണ്ട്. കാരണം "മാണി വിഭാഗം യു ഡി എഫിനൊപ്പം എത്തണം എന്ന അഭിപ്രായം സഭാ നേതൃത്വത്തിനുണ്ട് പ്രത്യേകിച്ച് കേരളാ കോൺഗ്രസിന്റെ ഏറ്റവും പ്രധാന ശക്തിയായ പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി രൂപതകൾക്കുണ്ട്. അതുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ സണ്ണിജോസഫിനൊപ്പം ഈ സഭാ നേതൃത്വങ്ങളും രംഗത്തിറങ്ങുകയും സീറ്റ് ഉൾപ്പെടയുള്ള കാര്യങ്ങളിൽ രമ്യമായ പരിഹാരം കണ്ടെത്തുകയും ചെയ്യാനാണ് സാധ്യത"യെന്ന് ശ്രികുമാർ മനയിൽ ചൂണ്ടിക്കാട്ടുന്നു.
സണ്ണി ജോസഫ് കെ പി സി സി അധ്യക്ഷസ്ഥാനത്തേക്ക് എത്തുമ്പോൾ സംസ്ഥാനത്തെ കോൺഗ്രസിലെ ചില മൂപ്പിളമതർക്കങ്ങൾ അവസാനിക്കുമെന്ന പ്രതീക്ഷയും കെ സി വേണുഗോപാലിനും വി ഡി സതീശനുമുണ്ട്. കെ. സുധാകരൻ എന്ന നേതാവ് ഏതർത്ഥത്തിലും ഇരുവർക്കും മുകളിൽ നിൽക്കുന്ന നേതാവാണ്. പരിചയസമ്പന്നതായായാലും അണികൾക്കിടയിലെ സ്വാധീനമായാലും സുധാകരനുണ്ട്. മന്ത്രി, എം എൽ എ, എം പി എന്നീ നിലകളിലും ഡി സി സി പ്രസിഡന്റ് എന്ന നിലയിലും പ്രവർത്തന പരിചയവും ഉണ്ട്. ഇതിനൊക്കെ പുറമെ സി പി എമ്മുമായി കൊമ്പുകോർത്തു നിന്ന നേതാവ് എന്ന പെരുമയും കോൺഗ്രസുകാർക്കിടയിൽ മറ്റാരേക്കാളും ഇന്നുള്ള നേതാവ് സുധാകരനാണ്. കോൺഗ്രസുകാരുടെ മുഖ്യശത്രു സി പി എം ആയതുകൊണ്ടു തന്നെ സുധാകരനെ അണികൾക്ക് കൂടതുൽ ജനപ്രിയനാക്കുന്നു. എന്നാൽ, സുധാകരനും സതീശനും രണ്ടുപേരുടെയും അധികാരമേറ്റെടുത്തകാലം സുന്ദരസുരഭിലമായിരുന്നുവെങ്കിലും പിന്നീട് പരസ്പരം ഉരസലിലടെയായി കാര്യങ്ങൾ. മാധ്യമങ്ങൾക്ക് മുന്നിൽ പോലും അവരുടെ വാക്കും പ്രവൃത്തിയും മറച്ചുവെക്കാനായില്ല. തങ്ങളുടെ കൈകളിൽ ഒതുങ്ങാതെ സുധാകരനെ മാറ്റി തങ്ങളുടെ കൈപ്പിടിയിലോ തങ്ങൾക്കൊപ്പമോ നിൽക്കുന്ന ഒരാളെ അധ്യക്ഷനാക്കണമെന്ന വേണുഗോപാലിന്റെയും സതീശന്റെയും ആഗ്രഹ പൂർത്തീകരണം കൂടിയാണ് സണ്ണിയുടെ സ്ഥാനാരോഹണം. ആന്റോയ്ക്ക് വേണ്ടിയായിരുന്നു അവർ ശ്രമിച്ചതെങ്കിലും സണ്ണിയിൽ ഇരുവരും സംതൃപ്തരാണ്. ഭാവിയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്ന പേരുകളിൽ സാമുദായിക സമവാക്യങ്ങളെ പരിശോധിക്കുമ്പോൾ നായർ മുഖ്യമന്ത്രി എന്ന പരിഗണനയ്ക്കായിരിക്കും കോൺഗ്രസ് മുൻതൂക്കം നൽകുക. അതിനുള്ള പ്രധാന കാരണം, 2001 മുതൽ ഇതുവരെ കേരളത്തിൽ നായർ മുഖ്യമന്ത്രി വന്നിട്ടില്ലെന്ന എൻ എസ് എസ് പിണക്കത്തെ അനുനയിപ്പിച്ച് കൈവിട്ടുപോയ നായർ വോട്ടുകൾ വീണ്ടും തിരികെ പിടിക്കാനാകുമോ എന്ന ലക്ഷ്യം കൂടെയുണ്ട്. നാല് പേരാണ് നായർ സമുദായത്തിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക് വരാനുള്ള സാധ്യതയുള്ളവർ അതിൽ രമേശ് ചെന്നിത്തലയ്ക്കും ശശിതരൂരിനുമുള്ള അവശേഷിക്കുന്ന സാധ്യതകൾ പോലും ഈ നീക്കത്തിലൂടെ നഷ്ടമാകാനാണ് സാധ്യത.
എന്നാൽ, പുനഃസംഘടനയോ നേതൃത്വമോ ഒന്നുമല്ല, 2001 ലെ ചരിത്രമാണ് 2026ലും കോൺഗ്രിനെ പിന്തുണയ്ക്കാൻ സാധ്യതയുള്ള പ്രധാന ഘടകം. അത് സർക്കാർ വിരുദ്ധ വികാരമാണ്. ഭരണത്തെച്ചൊല്ലി വോട്ടർമാരിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി വലിയൊരു വികാരം നിലനിൽക്കുന്നുണ്ടെന്നും അത് കോൺഗ്രസിനും യു ഡി എഫിനും അനുകൂലമാകുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞത്. എന്നാൽ, ആ വാദം ശരിയാണെങ്കിലും 2001ലെ രാഷ്ട്രീയ സാഹചര്യമല്ല, നിലവിൽ കേരളത്തിലുള്ളത്. 2001 കോൺഗ്രസ് 100 സീറ്റ് നേടി അധികാരത്തിൽ വരുമ്പോൾ മണിച്ചൻ കേസും പാർട്ടി ടെലിവിഷൻ ചാനലും ആഭ്യന്തരവകുപ്പിലെ പ്രശ്നങ്ങളുമൊക്കെയായി സർക്കാരിനെതിരായി ജനവികാരം അതിശക്തമായിരന്നു. അന്ന് ജനങ്ങൾക്ക് സർക്കാരിനോടുള്ള വികാരം പ്രകടിപ്പിക്കാൻ കേരളത്തിൽ ആകെ ഉള്ള മാർഗം പ്രതിപക്ഷത്തിന് വോട്ടുചെയ്യുക എന്നത് മാത്രമായിരന്നു. എന്നാൽ, ആ രാഷ്ട്രീയ കാലാവസ്ഥയല്ല ഇന്ന് കേരളത്തിലുള്ളത്. പല മണ്ഡലത്തിലും ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ എന്ന മുന്നണിയുടെ സജീവ സാന്നിദ്ധ്യം ദൃശ്യമാണ്. 2016 ലും 2021ലും അത് കാണാനാകുകയും ചെയ്തു. കോൺഗ്രസ് കൈവശം വച്ചിരുന്നചില മണ്ഡലങ്ങളിൽ ആ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് വരെ തള്ളപ്പെട്ടു എന്നത് കൂടെ കാണുമ്പോഴാണ് കോൺഗ്രസിലെ വോട്ട് ചോർച്ച എത്രത്തോളം വന്നു എന്ന് കാണാനാവുന്നത്. തിരുവനന്തപുരം ജില്ലയിലെ നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങൾ മാത്രം ഉദാഹരണമായി പരിശോധിച്ചാൽ മതിയാകും.
എൽ ഡി എഫിന് തുടർ ഭരണം കൈവന്നതിൽ പ്രധാന ഘടകമായി വർത്തിച്ച ഒന്നിലേറെ കാര്യങ്ങളുണ്ട്. ലൈഫ് വീടുകൾ, കോവിഡ് കാല കിറ്റ് വിതരണം, ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം എന്നിവയൊക്കെ ഇതിൽ ഘടകമായി. ഇതിലേറെ പ്രധാനപ്പെട്ട കാര്യം, കോൺഗ്രസ് സ്വീകരിച്ച് വ്യക്തിപരമായ ആക്രമണങ്ങളും ജനങ്ങൾ തള്ളിക്കളഞ്ഞു എന്നതാണ്. ആദ്യം ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജയ്ക്ക് എതിരെയായിരന്നു വ്യക്തിപരമായ ആക്രമണം നടന്നത്. അതോടെ വാർത്താ സമ്മേളനം പിണറായി വിജയൻ ഏറ്റെടുക്കുകയും അത് പിന്നീട് ചരിത്രമായി മാറുകയും ചെയ്തു. ആ വാർത്താ സമ്മേളനം സർക്കാരിന് കോൺഗ്രസുകാർ തളികയിൽ വച്ച് നൽകിയ പ്രചാരണ പരിപാടിയായി മാറി. 2001 മുതൽ കോൺഗ്രസ് ജനകീയ വിഷയങ്ങളിലൂന്നിയുള്ള പ്രചാരണങ്ങൾക്ക് പകരം വ്യക്തിപരമായ ആക്രമണങ്ങൾക്കും ആരോപണങ്ങൾക്കുമാണ് കൂടുതൽ ഊന്നൽ നൽകിയത്. 2001 ൽ അത്തരം ഒരു ശ്രമത്തിൽ വിജയിക്കാനുള്ള സാധ്യത കേരളത്തിലെ മദ്യദുരന്തവുും അതിലെ മരണവും ആയിരുന്നു. ഒപ്പം ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട പരാതികളുമായിരന്നു. എന്നാൽ, 2006 മുതൽ കാലം മാറി. പിന്നീട് കോൺഗ്രസിന് ഇതുവരെ പഴയതുപോലെ ശക്തിയാർജ്ജിക്കാൻ സാധിച്ചില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്നെ ഒരിക്കൽ പറഞ്ഞത് സി പി എമ്മുകാർ തോൽപ്പിച്ചതാണ് 2011ലെ തുടർഭരണം എൽ ഡി എഫിന് നഷ്ടമായത് എന്നാണ്. അതിനർത്ഥം അന്ന് മുതൽ കോൺഗ്രസിനും യു ഡി എഫിനും ഭരണവിരുദ്ധവികാരമെന്നത് തങ്ങൾക്ക് അനുകൂലമാക്കാൻ സാധിക്കുന്നില്ല അല്ലെങ്കിൽ ജനങ്ങൾക്ക് ഭരണത്തിനെതിരായ വികാരത്തിന് പകരം വെക്കാൻ കോൺഗ്രസും യു ഡി എഫും മാത്രമല്ല എന്നതായി കേരളത്തിലെ രാഷ്ട്രീയ സാഹചര്യം എന്നതാണ്.  ബി ജെ പി, സി പി എം ബന്ധം എന്നൊക്കെയുള്ള ഗൂഢാലോചന സിദ്ധാന്തങ്ങൾക്കപ്പറും അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് തയ്യാറായാൽ മാത്രമേ 2026 എന്ന ലക്ഷ്യം യു ഡി എഫിന് കൈയ്യെത്തി പിടിക്കാനാകൂ.
"അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയാലും ഇല്ലെങ്കിലും സണ്ണി ജോസഫിന് ലഭിക്കാവുന്ന കാലാവധി അതുവരെയാണ്. അതിന് ശേഷം അദ്ദേഹത്തിന് പകരം ഇപ്പോഴത്തെ മൂന്ന് വർക്കിങ് പ്രസിഡന്റുമാരിൽ ആരെങ്കിലും ഒരാളോ ഇല്ലെങ്കിൽ പുറത്തുനിന്ന് മറ്റൊരാളോ അധ്യക്ഷനാകും. കോൺഗ്രസിൽ തലമുറമാറ്റമായിരിക്കും നടപ്പാക്കുകയെന്ന്" ശ്രീകുമാർ മനയിൽ അഭിപ്രായപ്പെടുന്നു.
ശ്രീകുമാർ നടത്തുന്ന പ്രവചനം കോൺഗ്രസിൽ പുതുമയുള്ള കാര്യമല്ല. നൂറ് സീറ്റ് നേടി 1991 അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെയാണ് തെന്നല ബാലകൃഷ്ണപിള്ളയെ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റി കെ. മുരളീധരനെ ഗ്രൂപ്പ് സമവാക്യങ്ങളുടെ പേരിൽ കെ പി സി സി അധ്യക്ഷനാക്കുന്നത്. അദ്ദേഹം പിന്നീട് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത്, മുരളി മന്ത്രിയായപ്പോൾ പകരം കെ പി സിസി പ്രസിഡന്റായ പി പി തങ്കച്ചൻ യു ഡി എഫ് കൺവീനറായി പോകുമ്പോഴാണ്. രമേശ് ചെന്നിത്തല വന്നപ്പോൾ 2005 ൽ അദ്ദേഹം ആ സ്ഥാനം ഒഴിയുകയും ചെയ്തു. ജയിച്ചാലും തോറ്റാലും നിലവിലെ പുതിയ സംസ്ഥാന നേതൃത്വത്തിന് കാലാവധി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെയാകും.
കേരളത്തിൽ അടിസ്ഥാനപരമായി കോൺഗ്രസോ യു ഡി എഫോ സണ്ണി ജോസഫോ ഒന്നുമല്ല, ഭരണകക്ഷിക്കെതിരെ മത്സരിക്കുകയെന്ന് കോൺഗ്രസുകാർക്കും വ്യക്തമായി അറിയാം. ഭരണവിരുദ്ധ വികാരം എന്ന ഘടകത്തിൽ മാത്രം വിശ്വാസമർപ്പിച്ച് നെഗറ്റീവ് വോട്ടുകളിൽ അധികാരത്തിലെത്താം എന്ന വിശ്വാസത്തിലാണ് കോൺഗ്രസും യു ഡി എഫും. എന്നാൽ തങ്ങൾക്ക് മാത്രമായി ആ വോട്ടുകൾ വീഴുന്ന കാലം കഴിഞ്ഞു എന്ന തിരിച്ചറിവ് കോൺഗ്രസിനുണ്ടാവുകയും ആ വോട്ടുകൾ സമാഹാരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യേണ്ടി വരും. അത് ചെയ്യാനുള്ള കാര്യപ്രാപ്തി പുനഃസംഘടിപ്പിക്കപ്പെട്ട നേതൃത്വത്തിന് ഉണ്ടോ എന്നതാണ് ഈ തിരഞ്ഞെടുപ്പുകളിൽ പരിശോധിക്കപ്പെടുക. മറ്റൊന്നു താഴേ തട്ട് വര് പുനഃസംഘടന നടത്താതെ മുകളിലെ മാറ്റം കൊണ്ടുമാത്രം പരിഹാരം കാണാനാകില്ല എന്നതാണ്. നിലവിൽ താഴെ തട്ടിൽ നടന്നു വന്നിരുന്ന പല പരിപാടികളും നിലച്ചതായാണ് കോൺഗ്രുകാർ പറയുന്നത്. നേതൃമാറ്റം കഴിഞ്ഞ് എന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതയിലാണ് താഴെതട്ടിലെ പ്രവർത്തകർ. ആറ് മാസമാണ് ഇനി തദ്ദേശ തിരഞ്ഞെടുപ്പിനായി കൈവശമുള്ളത്. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കേണ്ട സമയമാണിത്. വോട്ടുചേർക്കൽ എന്ന പ്രധാന പ്രവർത്തനം ഉൾപ്പടെ നടത്തേണ്ട സമയം. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് എങ്ങനെയാകും ആശങ്കയിലാണ് പ്രവർത്തകർ .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates