കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെതിരെയുള്ള പോക്‌സോ കേസിലെ ഇരയുടെ പരാതിയിൽ കളമശ്ശേരി മെഡിക്കൽ കോളജിലെ രണ്ട് ഡോക്ടർമാർക്കെതിരെ കേസെടുത്തു. വൈദ്യപരിശോധനയ്‌ക്കെത്തിയപ്പോൾ മുറിയിൽ പൂട്ടിയിട്ട് ഡോക്ടർമാർ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കളമശ്ശേരി ക്രൈംബ്രാഞ്ച് കേസെടുത്തത്.
'മാനസികമായി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി'
സംഭവത്തിൽ കോടതിയിൽ രഹസ്യമൊഴി എടുക്കുന്നതിന് മുമ്പായി വൈദ്യപരിശോധനക്ക് എത്തിയപ്പോഴാണ് ഡോക്ടർമാർ ഭീഷണിപ്പെടുത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. മോൻസൻ്റെ കേസിൽ നേരത്തെ വൈദ്യ പരിശോധന കഴിഞ്ഞതാണ്. മേക്കപ്പ് മാൻ ജോഷിക്കെതിരായ കേസിൽ പരിശോധന നടത്താൻ പൊലീസ് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി. ആർത്തവമായതിനാൽ വൈദ്യപരിശോധന ഇന്ന് സാധ്യമല്ല എന്ന് കാട്ടി ഡോക്ടർമാർ റിപ്പോർട്ട് നൽകിയാൽ മതിയാവും. മൂന്ന് മണിക്ക് മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകാൻ എത്തേണ്ടതാണെന്ന് കൂടെയുണ്ടായിരുന്ന പൊലീസുകാരും പെൺകുട്ടിയുടെ ബന്ധുവും ഡോക്ടർമാരെ അറിയിച്ചെങ്കിലും രണ്ടേകാൽ മണിവരെ ഒരു പരിശോധനയും നടത്തിയില്ല. പിന്നീട് മൂന്ന് ഡോക്ടർമാരുള്ള മുറിയിലേക്ക് വിളിപ്പിച്ച് തന്നെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പെൺകുട്ടിയുടെ പരാതി.
മോൻസന്റെ വീട്ടിൽ എന്തിന് പോയി?
മോൻസന്റെ വീട്ടിൽ അമ്മയുടെ കൂടെ പോകേണ്ട കാര്യമെന്തായിരുന്നു? അച്ഛനുമായി നിങ്ങൾ സ്ഥിരം വഴക്കല്ലേ മോൻസൻറെ മകൻ ഈ കോളജിൽ പഠിച്ചിട്ടുണ്ട്. നല്ല കുടുംബമാണ് മോൻസൻറേത് എന്നൊക്കെയാണ് ഡോക്ടർമാർ പറഞ്ഞത്. ഇതിനിടെ കൂടെയുണ്ടായിരുന്ന ബന്ധു ഭക്ഷണവുമായി എത്തി കോടതിയിൽ പോകേണ്ട കാര്യം ഓർമിപ്പിച്ചപ്പോൾ മുറി അകത്ത് നിന്ന് പൂട്ടിയിട്ടെന്ന് പെൺകുട്ടി പറയുന്നു. ബലമായി വാതൽ തള്ളിതുറന്ന് ഇരുവരും പുറത്തേക്കോടുകയായിരുന്നു.
മോൻസൻറെ തിരുമ്മൽ കേന്ദ്രത്തിലും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും വച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്. 2019 ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിക്ക് അന്ന് 17 വയസായിരുന്നു. തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates