St. Teresa's College  
Kerala

തുടക്കത്തില്‍ 41, ഇന്ന് 4263 വിദ്യാര്‍ഥിനികള്‍, നൂറ്റാണ്ടിന്റെ നിറവില്‍ സെന്റ് തെരേസാസ്; ചരിത്ര നിമിഷത്തില്‍ രാഷ്ട്രപതി എത്തും

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷം ഒക്ടോബര്‍ 24ന്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷം ഒക്ടോബര്‍ 24ന്. കോളജ് പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 12ന് നടക്കുന്ന പരിപാടിയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു വിശിഷ്ടാതിഥിയാകുമെന്ന് കോളജ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചടങ്ങില്‍ രാഷ്ട്രപതി ശതാബ്ദി ലോഗോ പ്രകാശനം ചെയ്യും. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്ര പെട്രോളിയം, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന വ്യവസായ,നിയമ വകുപ്പ് മന്ത്രി പി രാജീവ്, സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, ഹൈബി ഈഡന്‍ എം പി, ടി ജെ വിനോദ് എം എല്‍ എ, കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ നീലിമ സിഎസ്എസ്ടി, വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാളുങ്കല്‍ എന്നിവര്‍ പങ്കെടുക്കും. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. അനു ജോസഫ് ലോഗോയെ കുറിച്ച് വിശദീകരിക്കും. സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ജോസ് ലിനറ്റ് സിഎസ്എസ്ടി സ്വാഗതവും ഡയറക്ടര്‍ സിസ്റ്റര്‍ ടെസ സിഎസ്എസ്ടി നന്ദിയും പറയും.

രാഷ്ട്രപതിയുടെ സന്ദര്‍ശനം ശതാബ്ദി ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുന്ന ഏറ്റവും വലിയ ആദരവാണെന്ന് കോളേജ് ഡയറക്ടര്‍ സിസ്റ്റര്‍ ടെസ സിഎസ്എസ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി അധികൃതര്‍ അറിയിച്ചു. 24ന് രാവിലെ 11:35ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതി അവിടെ നിന്നാണ് കോളേജില്‍ എത്തുക.

പഴയ കൊച്ചി സംസ്ഥാനത്തെ ആദ്യ വനിതാ കലാലയമെന്ന ഖ്യാതിയോടെ 1925ലാണ് സെന്റ് തെരേസാസ് കോളജ് സ്ഥാപിതമാകുന്നത്. സ്ത്രീശാക്തീകരണം എന്ന ലക്ഷ്യവുമായി കാര്‍മലൈറ്റ് സിസ്റ്റേഴ്‌സ് ഓഫ് സെന്റ് തെരേസ (CSST) സന്യാസിനി സമൂഹം ആരംഭിച്ച കോളജില്‍ തുടക്കത്തില്‍ 41 വിദ്യാര്‍ഥിനികള്‍ മാത്രമാണുണ്ടായിരുന്നത്. ഇന്ന് ബിരുദ, ബിരുദാനന്തര, ഗവേഷണ തലങ്ങളിലായി 25 ഡിപ്പാര്‍ട്ട്മെന്റുകളിലായി നാലായിരത്തി ഇരുന്നൂറ്റി അറുപതിമൂന്നു വിദ്യാര്‍ഥിനികളാണ് ഇവിടെ പഠിക്കുന്നത്.

2014-ല്‍ സ്വയംഭരണ പദവി നേടിയ കോളജ്, ദേശീയ തലത്തില്‍ നാക് അക്രഡിറ്റേഷനില്‍ A++ ഗ്രേഡും എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ രാജ്യത്തെ കോളജുകളില്‍ 60-ാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനി അക്കമ്മ ചെറിയാന്‍, കെ ആര്‍ ഗൗരിയമ്മ,മേഴ്സി രവി, ജമീല പ്രകാശം, ജസ്റ്റിസ് അനു ശിവരാമന്‍, പ്രശസ്ത അഭിനേത്രിമാരായ റാണി ചന്ദ്ര, സംയുക്ത വര്‍മ്മ, ദിവ്യ ഉണ്ണി, സംവൃത സുനില്‍, അമല പോള്‍, അസിന്‍ തൊട്ടുങ്കല്‍, ഗായിക സുജാത മോഹന്‍, രഞ്ജിനി ജോസ്, വൈക്കം വിജയലക്ഷ്മി, എഴുത്തുകാരി ജയശ്രീ മിശ്ര, വിജയലക്ഷ്മി തുടങ്ങി രാഷ്ട്രീയ, സാമൂഹിക, കലാ-കായിക രംഗങ്ങളില്‍ പ്രമുഖരായ നിരവധി വനിതകള്‍ ഈ കോളജില്‍ പഠിച്ചിട്ടുണ്ട്.

Centenary celebrations of St. Teresa's College on October 24th

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

ആറ് നാരങ്ങയും ഏഴു ദിവസവും; കുടവയർ പമ്പ കടക്കും

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

പിഎഫ് തുക ഇനി എടിഎം, യുപിഐ വഴി പിന്‍വലിക്കാം; മാര്‍ച്ചിന് മുന്‍പ് പരിഷ്‌കാരം യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്രമന്ത്രി

'അവിസ്മരണീയം, ആ സ്‌നേഹത്തിന് നന്ദി'; ഇന്ത്യന്‍ ആരാധകര്‍ക്ക് മെസിയുടെ സന്ദേശം, വിഡിയോ

SCROLL FOR NEXT