തിരുവനന്തപുരം: കേരളം സാമ്പത്തികം, ഉന്നത വിദ്യാഭ്യാസം, സാമൂഹികം തുടങ്ങിയ മേഖലകളില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍, ഭരണനിര്‍വഹണത്തോടുള്ള, മുന്‍ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയുടെ സമീപനം മികച്ചമാതൃകയാണെന്ന് ശശി തരൂര്‍ എംപി. ഒരു രാഷ്ട്രീയക്കാരന്‍ എന്നതില്‍ നിന്നും വളരെ ഉയരെ, ആധുനിക കേരളത്തിന്റെ ശില്പികളില്‍ ഒരാളായിരുന്നു സി എച്ച് മുഹമ്മദ് കോയ. തന്റെ രാഷ്ട്രീയ ധിഷണാശക്തിയെ, സാമൂഹിക പരിഷകരണപരമായ ചോദനകളുമായി വിളക്കിച്ചേര്‍ക്കാനുള്ള അപാര കഴിവാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വത്തെ ഗൗനിക്കാതെ തുടര്‍ച്ചയായി മോദി അനുകൂല നിലപാടെടുത്തതിന്‍റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന തരൂരിന് ലീഗ് അടക്കമുള്ള യുഡിഎഫ് ഘടകകക്ഷികളില്‍നിന്നുള്ള പിന്തുണ നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് ലേഖനം.
സിഎച്ച് മുഹമ്മദ് കോയയുടെ ജന്മവാര്‍ഷിക ദിനത്തില്‍, മാതൃഭൂമിയിലെഴുതിയ 'വേണം, സിച്ച് മോഡല്‍' എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് തരൂരിന്റെ പരാമര്‍ശം. വിവിധസമുദായങ്ങളുടെ താത്പര്യങ്ങളോടൊപ്പം സംസ്ഥാനത്തിന്റെ വിശാല താത്പര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി, പ്രായോഗികവും അയവുള്ളതുമായ നിലപാട് സ്വീകരിക്കാന്‍ കഴിയുമെന്ന് സി എച്ച് മുഹമ്മദ് കോയ തെളിയിച്ചു. മലബാറില്‍ ധാരാളം എലിമെന്ററി സ്‌കൂളുകളും ഹൈസ്‌കൂളുകളും സ്ഥാപിച്ച വിദ്യാഭ്യാസ രംഗത്തും നിര്‍ണായക വ്യക്തിമുദ്ര പതിച്ചു. നിര്‍ബന്ധിത വിദ്യാഭ്യാസം പത്താംതരം വരെ വ്യാപിപ്പിച്ചു. സ്വകാര്യ കോളജുകളില്‍ എസ്സി/എസ്ടി വിദ്യാര്‍ഥികള്‍ക്ക് ആദ്യമായി സംവരണം ഏര്‍പ്പെടുത്തുകയും അത് കര്‍ശനമായി നടപ്പാക്കുകയും ചെയ്തു.
സാമൂഹിക നീതിയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ഭൂപരിഷ്‌കരണത്തോടുള്ള സമീപനത്തിലൂടെ വ്യക്തമാണ്. ജന്മിത്വം അവസാനിപ്പിച്ച് കർഷകർക്ക് കൃഷിഭൂമി ലഭ്യമാക്കുന്നതിനുള്ള കമ്യൂണിസ്റ്റുകാരുടെ ഭൂപരിഷ്‌കരണ നടപടികളെ പ്രത്യയശാസ്ത്ര പരമായ ഭിന്നതകൾക്കതീതമായി അദ്ദേഹം പിന്തുണച്ചു. മുഹമ്മദ് കോയയുടെ രാഷ്ട്രീയശൈലി സഹവർത്തിത്വത്തിന്റേതും അഭിപ്രായ ഐക്യത്തിന്റേതുമായിരുന്നു.
സമുദായങ്ങൾക്കിടയിൽ സൗഹാർദവും പരസ്പരധാരണയും വളർത്തുന്നതിന് അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. മാതൃകാപരമായ പൊതുസമ്മതിയുടെ ശൈലി സ്വീകരിച്ചും മുന്നണിയിലെ ഘടകക്ഷികളുടെ വിഭിന്നങ്ങളായ താത്പര്യങ്ങളെ സമന്വയിപ്പിച്ചും സംസ്ഥാനത്തിന്റെ പുരോഗതിക്ക് പൊതുകാഴ്ചപ്പാട് സ്വീകരിച്ചും മുന്നോട്ടുപോയി എന്നതായിരുന്നു ഹ്രസ്വമെങ്കിലും അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിന്റെ പ്രത്യേകത. ജനസംഘം നേതാവ് കെ ജി മാരാർ അദ്ദേഹത്തെ ‘സി.എച്ച്.എം. കോയ (‘സി’ എന്നത് ക്രിസ്ത്യനും ‘എച്ച്’ എന്നത് ഹിന്ദുവും ‘എം’ എന്നത് മുസ്‌ലിമും) എന്നാണ് വിശേഷിപ്പിച്ചത്.
വിഭാഗീയമായ വാഗ്‌ധോരണികളുടെയും സ്വത്വരാഷ്ട്രീയത്തിന്റെയും ഈ കാലത്ത് കോയാസാഹിബിന്റെ പൈതൃകം നമുക്കു നൽകുന്നത് അനിവാര്യമായ മറ്റൊരു ആഖ്യാനമാണ്. വര്‍ഗീയപാര്‍ട്ടി എന്ന ആരോപണത്തെ മുസ്ലിം ലീഗ് ശക്തമായി ചെറുത്ത്, വിലപ്പെട്ട രാഷ്ട്രീയസഖ്യങ്ങള്‍ രൂപീകരിച്ചത് സിഎച്ചിന്റെ നേതൃത്വത്തിലായിരുന്നു. ശരിയായ പുരോഗതിയുടെ അടിസ്ഥാനം വാചാടോപങ്ങളല്ലെന്നും സുവ്യക്തമായ നയംമാറ്റത്തിലൂടെ മാത്രമേ പാർശ്വവത്കരിക്കപ്പെട്ടവരെ കൈപിടിച്ചുയർത്താനും സാധാരണക്കാരെ ശാക്തീകരിക്കാനും കഴിയൂ എന്നും മനസ്സിലാക്കിയ നേതാവാണ് സി എച്ച് മുഹമ്മദ് കോയയെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates