തൃശൂര്‍: ചാലക്കുടി പോട്ടയില്‍ ബാങ്കില്‍ പ്രതി നടത്തിയത് ആസൂത്രിത കവര്‍ച്ചയെന്ന് റൂറല്‍ എസ്പി കൃഷ്ണകുമാര്‍. ഇതിന് മുന്‍പ് ബാങ്കില്‍ വന്ന് കാര്യങ്ങള്‍ പഠിച്ച ശേഷമാണ് പ്രതി റിജോ ആന്റണി കവര്‍ച്ച നടത്തിയത്. കാലാവധി കഴിഞ്ഞ കാര്‍ഡുമായാണ് ബാങ്കില്‍ എത്തിയത്. ഇയാള്‍ക്ക് 49 ലക്ഷത്തിന്റെ കടം ഉള്ളതായാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായതെന്നും കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ കടം സംബന്ധിച്ചും മറ്റുമുള്ള മൊഴികളില്‍ ചില വൈരുധ്യങ്ങള്‍ ഉണ്ട്. ഇത് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. ഗള്‍ഫില്‍ ദീര്‍ഘനാള്‍ ജോലി ചെയ്തിരുന്നു. ഇവിടെ വലിയൊരു വീട് വച്ചിട്ടുണ്ട്. വീട് വച്ചതിനും മറ്റുമായി കടം ഉള്ളതായാണ് പ്രതി പറയുന്നത്. ഈ കടബാധ്യത കവര്‍ ചെയ്യാനാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. കവര്‍ച്ചയ്ക്ക് മുന്‍പ് ബാങ്കില്‍ എത്തി കാര്യങ്ങള്‍ പഠിച്ചാണ് കവര്‍ച്ച നടത്തിയത്. ജീവനക്കാര്‍ ഓഫീസില്‍ എപ്പോഴെല്ലാം ഉണ്ടാകുമെന്നും ജീവനക്കാര്‍ പുറത്തുപോകുന്ന സമയം എപ്പോഴാണ് എന്നെല്ലാം മനസിലാക്കിയ ശേഷമാണ് കവര്‍ച്ചയ്ക്കുള്ള സമയം തെരഞ്ഞെടുത്തത്. തിരിച്ചറിയാതിരിക്കാന്‍ തല മങ്കി ക്യാപ് ഉപയോഗിച്ച് മറച്ച ശേഷമാണ് ഹെല്‍മറ്റ് ധരിച്ചത്. ഒരു തരത്തിലും തിരിച്ചറിയരുതെന്ന് കരുതിയാണ് ഇത്തരത്തില്‍ മങ്കി ക്യാപ് കൂടി ധരിച്ചത്. മോഷണത്തിന് മുന്‍പും ശേഷവും മൂന്ന് തവണ ഡ്രസ് മാറി. മോഷണ സമയത്ത് രണ്ടാമത് ഡ്രസ് മാറിയപ്പോള്‍ ഗ്ലൗസ് വരെ ധരിച്ചു. ഫിംഗര്‍ പ്രിന്റ് കിട്ടാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. ഇത്തരത്തില്‍ ഒരുതരത്തിലും തന്നെ തിരിച്ചറിയരുതെന്ന് തീരുമാനിച്ച് ഉറപ്പിച്ച ശേഷമാണ് പ്രതി കവര്‍ച്ചയ്ക്ക് ഇറങ്ങിയതെന്നും റൂറല്‍ എസ്പി പറഞ്ഞു.
സ്‌കൂട്ടറില്‍ വ്യാജ നമ്പര്‍ പ്ലേറ്റാണ് ഘടിപ്പിച്ചിരുന്നത്. ചാലക്കുടി പള്ളി പെരുന്നാളിന് പോയി അവിടെ ഉണ്ടായിരുന്ന ബൈക്കിന്റെ നമ്പര്‍ ഇളക്കി മാറ്റിയാണ് സ്വന്തം സ്‌കൂട്ടറില്‍ സെറ്റ് ചെയ്തത്. മോഷണത്തിന് മുമ്പ് റിയര്‍ വ്യൂ മിറര്‍ ഊരി വച്ചു. വെറെ ഫെഡറല്‍ ബാങ്കിലാണ് ഇയാള്‍ക്ക് അക്കൗണ്ട് ഉള്ളത്. അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ഇയാള്‍ ഇടറോഡിലൂടെയാണ് സ്‌കൂട്ടര്‍ ഓടിച്ചത്. നേരെയുള്ള വഴി വാഹനം ഓടിച്ചാല്‍ പിടിയിലാകുമെന്ന് മുന്‍കൂട്ടി മനസിലാക്കിയാണ് ഇയാള്‍ ഇടറോഡ് തെരഞ്ഞെടുത്തത്. ഷൂവിന്റെ അടിയിലെ കളര്‍ ആണ് അന്വേഷണത്തിലെ തുമ്പായത്. കൊള്ളയടിച്ച 15 ലക്ഷത്തില്‍ 2.90 ലക്ഷം രൂപ കടം വാങ്ങിയ ഒരാള്‍ക്ക് മടക്കിക്കൊടുത്തെന്നും താന്‍ പിടിക്കില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു പ്രതിയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
പൊലീസിനെ വഴിതെറ്റിക്കാൻ വാഹനം വഴിതെറ്റിച്ചു ഓടിക്കുകയും ബാങ്കിൽ ഹിന്ദി വാക്കുകൾ മാത്രം പറയുകയും ചെയ്തു. വീട് വളഞ്ഞാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഒരിക്കലും താൻ പിടിക്കപ്പെടും എന്ന് കരുതിയിരുന്നില്ല എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പഴുതടച്ച അന്വേഷണവും ശാസ്ത്രീയമായ അന്വേഷണ സംവിധാനങ്ങളുടെ ഉപയോഗവും പ്രതിയിലെത്തിച്ചേരാൻ വഴിയൊരുക്കിയെന്നും എസ്പി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates