തിരുവനന്തപുരം: മുഖ്യമന്ത്രിയെ തടഞ്ഞതിന് അറസ്റ്റിലായ ചേന്തി അനില്‍ ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ചേന്തിയിലെ ഗുരുജയന്തി പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ ആ പരിപാടി ഒരു ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് നടത്തുന്നതെന്ന് അറിഞ്ഞു. അതുമായി ബന്ധപ്പെട്ട് പൊലീസ് റിപ്പോര്‍ട്ടും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ആ ക്ഷണം റദ്ദാക്കിയതായി അവരെ അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെമ്പഴന്തിയിലെ പരിപാടിയിലേക്ക് പോകുന്നവഴി ചേന്തിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും നില്‍ക്കുന്നതു കണ്ട് അവിടെ ഇറങ്ങിയതാണ്. അവരാരും തന്നെ തടഞ്ഞിട്ടില്ല. ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ചേന്തി അനില്‍ വളരെ മോശമായി സംസാരിച്ചു, മോശമായി പെരുമാറി. ഇതേത്തുടര്‍ന്ന് അവിടെ ഒരു സംഘര്‍ഷം ഉണ്ടാക്കേണ്ടെന്ന് കരുതി വണ്ടിയില്‍ കയറി പോകുകയായിരുന്നു. അതില്‍ പൊലീസ് സ്വമേധയാ എടുത്ത കേസാണ്. ചേന്തി അനില്‍ ഡിസിസി അംഗമാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചപ്പോള്‍, അതേക്കുറിച്ച് തനിക്ക് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചേന്തി അനിലിനെ വ്യക്തിപരമായി പരിചയമില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. ചേന്തി അനിലിന്റെ ഭാര്യ നേരത്തെ കോര്‍പ്പറേഷനില്‍ കൗണ്‍സിലറായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ അവര്‍ മരിച്ചു. അവരെ തനിക്കറിയാം. അവര്‍ മരിച്ചപ്പോള്‍ ആ വീട്ടില്‍ പോയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചേന്തി അനില്‍ മുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിക്കാന്‍ വന്നിരുന്നല്ലോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അദ്ദേഹത്തെ അറിയില്ലല്ലോ എന്നും വിഡി സതീശന്‍ പറഞ്ഞു. ഈ കേസ് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതേപ്പറ്റി കൂടുതലൊന്നും പറയാനില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്ത് ഒരിടത്തും വന്ദേമാതരം മുഴുവനായി ചൊല്ലിയില്ല. അതേസമയം രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ കേന്ദ്ര പ്രോട്ടോക്കോളാണ് നടപ്പാകുക. ആ പ്രോട്ടോക്കോള്‍ നിഷേധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. വൈസ് പ്രസിഡന്റ് പങ്കെടുത്ത പരിപാടിയില്‍ അതു നടന്നു. അതേസമയം വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ഖണ്ഡിക മാത്രം ചൊല്ലിയാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വ്യക്തമായ നിലപാട്. ആ നയമാണ് പാര്‍ട്ടി പരിപാടികളിലും മറ്റും നടപ്പാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയ നഷ്ടപരിഹാരമായി 10,000 രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചത് ഈയാഴ്ച മുതല്‍ കൊടുത്തു തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ മാസം 14 നാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ അവസാനിച്ചത്. ക്യാമ്പുകള്‍ തീര്‍ന്നശേഷം അതിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടനാട് മാത്രം 42,000 ഓളം അപേക്ഷകളാണ് ലഭിച്ചത്. ലഭിച്ച അപേക്ഷകളെല്ലാം പരിശോധിച്ചു വരികയാണ്. ഈയാഴ്ച കൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പണം വിതരണം ചെയ്യുന്നത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതിനെതിരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ല്യാരുടെ പ്രസ്താവനയെയും മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ തള്ളിപ്പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates