കൊച്ചി: ചേരാനെല്ലൂരില്‍ അഡീഷണല്‍ ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ തട്ടുകടയുടമ മരിച്ച സംഭവത്തില്‍, പ്രതിക്ക് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതിയായ 17 കാരന് ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി വിധി റദ്ദാക്കണം, പ്രതിയുടെ പിതാവ് സ്വാധീനമുള്ള ജുഡീഷ്യല്‍ ഓഫീസര്‍ ആയതിനാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ജയബാലകൃഷ്ണന്റെ മക്കളായ ഭദ്രകീര്‍ത്തിയും ഭരത് ശങ്കറും നല്‍കിയ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജി ജസ്റ്റിസ് സി. ജയചന്ദ്രന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്. പ്രതിക്ക് ജാമ്യം അനുവദിച്ച ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഉത്തരവും ജാമ്യം ശരിവച്ച കുട്ടികളുടെ കോടതിയുടെ ഉത്തരവും റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട കേസാണിത്. പ്രതിക്ക് ജാമ്യം നല്‍കി വിട്ടത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതാണ്. പ്രതിയെ ഒബ്‌സെര്‍വഷന്‍ ഹോമില്‍ അയക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
കേവലം അശ്രദ്ധ മൂലമല്ല അപകടമുണ്ടായതെന്നും മനുഷ്യജീവന് വിലകല്‍പ്പിക്കാത്ത മനോഭാവമാണ് പ്രതി കാട്ടിയതെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രതിയുടെ പിതാവ് ജഡ്ജിയായതിനാല്‍ തെളിവ് നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. അപകടമുണ്ടായതിന് ശേഷം പൊലീസിന് സംഭവിച്ച വീഴ്ചകളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒക്ടോബര്‍ 25നാണ് ചേരാനല്ലൂരില്‍ വെച്ച് അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ മകനായ പതിനേഴുകാരന്‍ അമിതവേഗത്തില്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ തട്ടുകട ഉടമ മാഞ്ഞാലി പുത്തന്‍പറമ്പില്‍ ജയബാലകൃഷ്ണന്‍ (55) മരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates