Cheeruvayal Raman receives the Kerala State Farmers? Award from Chief Minister V. D. Satheesan. File Photo
Kerala

കാർഷിക പൈതൃകത്തിന്റെ കാവൽക്കാരൻ, തീരാനഷ്ടം; ചെറുവയൽ രാമന്റെ വിയോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

മണ്ണിനോടുള്ള ഉത്തരവാദിത്തം പഠിപ്പിച്ച ജീവിതമെന്ന് മുഖ്യമന്ത്രി; പാരമ്പര്യ കാർഷിക പൈതൃകത്തിന്റെ ജീവിക്കുന്ന പ്രതീകമെന്ന് പ്രതിപക്ഷ നേതാവ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പത്മശ്രീ ചെറുവയൽ രാമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. വയനാടിന്റെ മണ്ണിൽ തലമുറകളുടെ ഓർമ്മകൾക്ക് കാവൽ നിന്ന കർഷകനായിരുന്നു ചെറുവയൽ രാമനെന്നും അന്യംനിന്നുപോയേക്കാമായിരുന്ന പാരമ്പര്യ നെൽവിത്തിനങ്ങളെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി വരുംതലമുറയ്ക്കായി കരുതിവെച്ച അദ്ദേഹം കാർഷിക പൈതൃകത്തിന്റെ കാവൽക്കാരനായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. കൃഷി വെറുമൊരു ഉപജീവനമാർഗ്ഗമല്ല, മണ്ണിനോടും പ്രകൃതിയോടുമുള്ള ഉത്തരവാദിത്തമാണെന്ന് സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം ലോകത്തോട് പറഞ്ഞു. യുഡിഎഫ് സർക്കാർ അധികാരമേറ്റെടുത്ത ശേഷം പ്രഖ്യാപിച്ച പ്രഥമ ഉമ്മൻചാണ്ടി സ്മാരക കാർഷിക പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കാൻ കഴിഞ്ഞത് വലിയ സന്തോഷവും അഭിമാനവുമായിരുന്നു. ചെറുവയൽ രാമന്റെ വിയോഗം കേരളത്തിന്റെ കാർഷിക മേഖലയ്ക്കും പൈതൃക സംരക്ഷണത്തിനും തീരാനഷ്ടമാണെന്നും അദ്ദേഹം കാത്തുസൂക്ഷിച്ച ഓരോ വിത്തിലുമുള്ള പ്രതീക്ഷ മണ്ണിൽ നിലനിർത്തുക എന്നതാണ് അദ്ദേഹത്തോടുള്ള ഏറ്റവും വലിയ ആദരവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ പാരമ്പര്യ കാർഷിക പൈതൃകത്തിന്റെയും ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും ജീവിക്കുന്ന പ്രതീകമായിരുന്ന ചെറുവയൽ രാമന്റെ വിയോഗം നാടിനാകെ വലിയ നഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വയനാടിന്റെ മണ്ണിൽ സ്വന്തം ജീവിതം പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷണത്തിനായി അദ്ദേഹം ഉഴിഞ്ഞുവെച്ചു. ലാഭേച്ഛയില്ലാതെ നാടിന്റെ കാർഷിക പാരമ്പര്യം കാത്തുസൂക്ഷിക്കുകയും പുതുതലമുറയ്ക്ക് അത് പകർന്നുനൽകുകയും ചെയ്ത അദ്ദേഹം അന്തർദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പത്മശ്രീ നൽകി രാജ്യം ആദരിച്ച അദ്ദേഹവുമായി പല ഘട്ടങ്ങളിലും വ്യക്തിപരമായി നേരിൽ കാണാനും സംസാരിക്കാനും സാധിച്ചിരുന്നുവെന്ന് ഓർമ്മിപ്പിച്ച പിണറായി വിജയൻ, അദ്ദേഹത്തിന്റെ സ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.

Chief Minister V.D. Satheesan and Leader of the Opposition Pinarayi Vijayan expressed deep grief over the demise of Padma Shri Cheruvayal Raman

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

കേരളത്തിന് മറ്റൊരു ബാങ്ക് കൂടി നഷ്ടമാകുമോ?, ഐഡിബിഐയില്‍ സിഎസ്ബി ലയിക്കുമോ?; ഓഹരി വിറ്റഴിക്കലില്‍ ഉയരുന്ന ചോദ്യങ്ങള്‍

ഹരിതവിപ്ലവത്തിന്റെ വഴിയേ പോയില്ല; നാടൻ നെല്ലിനങ്ങൾക്കായി ഒരു ജീവിതം

ക്രെയിനിൽ നിന്ന് കാർ തലകീഴായി മറിഞ്ഞ് വാനിലേക്ക് പതിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് നടൻ ഇമ്രാൻ ഹാഷ്മി

സൂക്ഷിക്കുക... ഒരു മിസ് കോൾ മതി അക്കൗണ്ട് കാലിയാകാൻ