ഗായിക എസ് ജാനകിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. തെന്നിന്ത്യന്‍ സിനിമാ സംഗീതത്തിലെ ഏറ്റവും ഔന്നത്യമുള്ള വ്യക്തിത്വമാണ് ജാനകിയമ്മയെന്ന് വിഡി സതീശന്‍ പറഞ്ഞു. ആ കണ്ഠത്തിന് വഴങ്ങാത്തതായി ഒന്നുമില്ല, ഭക്തി, പ്രണയം, പരിഭവം, ആഹ്ലാദം... അങ്ങിനെ സമസ്ത ഭാവങ്ങളും ജാനകിയമ്മ മറ്റാര്‍ക്കും കഴിയാത്ത വിധം അനശ്വരമാക്കിയെന്ന് മുഖ്യമന്ത്രി ഫെയസ്്ബുക്കില്‍ കുറിച്ചു.
'ജാനകിയമ്മയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗായിക. മലരേ തേന്‍ മലരേ തുടങ്ങി തുമ്പീവാ തുമ്പക്കുടത്തിന്‍, ആടിവാകാറ്റേ, നിറങ്ങള്‍ തന്‍ നൃത്തം തുടങ്ങി മിഴിയോരം നനഞ്ഞൊഴുകും, മോഹം കൊണ്ടു ഞാന്‍, നാഥാ നീവരും... അങ്ങനെ എത്രയെത്ര മധുര ഗാനങ്ങള്‍!. സങ്കടത്തിലും സന്തോഷത്തിലും വിരഹത്തിലും പ്രണയത്തിലും മലയാളിയുടെ ശബ്ദവും വികാരവും വിചാരവും നിര്‍ണയിച്ച മഹാ സ്വരത്തിന് നന്ദി, പ്രണാമം.' - വിഡി സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
പാട്ടിന്റെ അമ്മയ്ക്ക് പ്രണാമം. ഇത്രയും മധുരവും ഊര്‍ജസ്വലവും ആഹ്‌ളാദഭരിതവും സ്നേഹോഷ്മളവുമായ മറ്റൊരു ശബ്ദം മലയാളിയുടെ ആത്മാവില്‍ വേറെയേതാണുള്ളത്?. ജാനകിയമ്മ തെന്നിന്ത്യന്‍ സിനിമാ സംഗീതത്തിലെ ഏറ്റവും ഔന്നത്യമുള്ള വ്യക്തിത്വമാണ്. ആ കണ്ഠത്തിന് വഴങ്ങാത്തതായി ഒന്നുമില്ല, ഭക്തി, പ്രണയം, പരിഭവം, ആഹ്ലാദം... അങ്ങിനെ സമസ്ത ഭാവങ്ങളും ജാനകിയമ്മ മറ്റാര്‍ക്കും കഴിയാത്ത വിധം അനശ്വരമാക്കി.
ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ ചലച്ചിത്ര സംഗീത ലോകത്തെ സ്വരമാധുര്യം കൊണ്ട് വിസ്മയിപ്പിച്ചു. മാതൃഭാഷ മലയാളമല്ലായിരുന്നിട്ടും, ഉച്ചാരണശുദ്ധിയോടെയും ഭാവസാന്ദ്രതയോടെയും അവര്‍ പാടിത്തീര്‍ത്ത ഓരോ ഗാനവും മലയാളിയുടെ ഹൃദയത്തോട് ചേര്‍ന്നുകിടക്കുന്നവയാണ്.
ഇരുപതിലധികം ഭാഷകളിലായി അരലക്ഷത്തോളം ഗാനങ്ങള്‍ എന്നത് വിശ്വസിക്കാന്‍ കഴിയുമോ? അതാണ് എസ് ജാനകി. സംഗീത സംവിധായകര്‍ മനസില്‍ കാണുന്നതിന് അപ്പുറമാണ് എസ് ജാനകി തിരികെ കൊടുത്തത്. അങ്ങനെയാണ് ആ ശബ്ദം മലയാളിയുടെ ഹൃദയത്തെ കീഴടക്കിയത്. ഒരു ഗായിക എന്നതിന് അപ്പുറം എസ് ജാനകി നമ്മുടെ കുടുംബാംഗമായത് ആ ശബ്ദം നല്‍കിയ സ്‌നേഹ വാത്സല്യങ്ങളിലൂടെയാണ്. കാലത്തെ അതിജീവിക്കുന്ന അമൂല്യ സമ്പത്താണ് ജാനകിയമ്മയുടെ ഗാനങ്ങള്‍. എസ് ജാനകിയുടെ ഒരു വരി ഓര്‍ക്കാത്ത ദിവസം മലയാളിക്കില്ല.
തലമുറകളുടെ ഹൃദയം കവര്‍ന്ന ശബ്ദം. തെന്നിന്ത്യയുടെ വാനമ്പാടി എന്ന വിശേഷണത്തിനും അപ്പുറമാണ് എസ് ജാനകി ഇന്ത്യന്‍ ചലച്ചിത്ര ഗാന ശാഖയ്ക്ക് നല്‍കിയ സംഭാവനകള്‍.
ജാനകിയമ്മയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗായിക. മലരേ തേന്‍ മലരേ തുടങ്ങി തുമ്പീവാ തുമ്പക്കുടത്തിന്‍, ആടിവാകാറ്റേ, നിറങ്ങള്‍ തന്‍ നൃത്തം തുടങ്ങി മിഴിയോരം നനഞ്ഞൊഴുകും, മോഹം കൊണ്ടു ഞാന്‍, നാഥാ നീവരും... അങ്ങനെ എത്രയെത്ര മധുര ഗാനങ്ങള്‍!
സങ്കടത്തിലും സന്തോഷത്തിലും വിരഹത്തിലും പ്രണയത്തിലും മലയാളിയുടെ ശബ്ദവും വികാരവും വിചാരവും നിര്‍ണയിച്ച മഹാ സ്വരത്തിന് നന്ദി, പ്രണാമം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates