കോഴിക്കോട്: സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടില്‍ ഒരു അന്വേഷണത്തെയും ഭയപ്പെടുന്നില്ലെന്നും തിരക്കഥയൊക്കെ നന്നായിയെന്നും സിപിഎം നേതാവ് മുഹമ്മദ് റിയാസ്. സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍ മന്ത്രി മുഹമ്മദ് റിയാസ്, ഭാര്യ ടി വീണ എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്ത് നല്‍കിയ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഏത് അന്വേഷണവും നടക്കട്ടെ. ഒരു തെറ്റും ഞങ്ങള്‍ ചെയ്തിട്ടില്ല. അന്വേഷണത്തെ നിയമപരമായി തന്നെ നേരിടും. ഇതിന് പിന്നിലുള്ള രാഷ്ട്രീയ താത്പര്യങ്ങളും മറ്റും ചൂണ്ടിക്കാണിച്ചതാണ്. അന്വേഷണം നടക്കുന്നത് കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ല. ഒരു തരത്തിലും ഭയപ്പെടാനില്ല. തിരക്കഥ വെച്ച് ഏതൊക്കെ ആംഗിളില്‍ കാര്യങ്ങള്‍ കൊണ്ടുപോയാലും നിരപരാധികള്‍ നിരപരാധികള്‍ തന്നെയാണ്. ഒരു തെറ്റും ചെയ്തിട്ടില്ല. ഏത് അന്വേഷണവും നടക്കട്ടെ. തിരക്കഥയൊക്കെ നന്നായി. തിരക്കഥയൊന്നും മോശമില്ല. ജീവിക്കുന്ന മനുഷ്യന്റെ പച്ചയിറച്ചി കടിച്ചുതിന്ന് രസിക്കുന്നതിന് സമാനമായുള്ള കാര്യങ്ങളാണ് വാര്‍ത്തകളും മറ്റുമായി കുറച്ചുമാസങ്ങളായി വന്നു കൊണ്ടിരിക്കുന്നത്. അത് അതിന്റെ രസത്തില്‍ നടക്കട്ടെ.'- മുഹമ്മദ് റിയാസ് തുടര്‍ന്നു.
'ഏത് നിലയിലുള്ള പരിശോധന നടത്തിയാലും നിരപരാധിത്വം നിരപരാധിത്വം തന്നെയായി നിലക്കൊള്ളും. നല്ല ആത്മവിശ്വാസമുണ്ട്. തീര്‍ച്ചയായും. ഇഡിയുടെ അന്വേഷണം എങ്ങനെയാണ് എന്ന് രാജ്യം കണ്ടതാണ്. ഇതിലും അന്വേഷിക്കട്ടെ. ഓരോ ദിവസവും ഓരോ വാര്‍ത്തയായി വരട്ടെ. പേടിച്ചുപോയി എന്ന് കരുതേണ്ട. എങ്ങനെയൊക്കെ വേട്ടയാടാന്‍ ശ്രമിച്ചാലും എന്തൊക്കെ പ്രചാരണം നടത്താന്‍ ശ്രമിച്ചാലും തിരക്കഥയുടെ ഭാഗമായി മുന്നോട്ടുപോയാലും നല്ല ആത്മവിശ്വാസമുണ്ട്. ഒരു തെറ്റും ചെയ്തിട്ടില്ല.'- മുഹമ്മദ് റിയാസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates