കൊച്ചി: എ ആര്‍ നാഗര്‍ സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേടില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ തേടി ബിജെപി. കേന്ദ്ര സഹകരണ മന്ത്രാലയത്തിനും ധനകാര്യ മന്ത്രാലയത്തിനും പരാതി നല്‍കുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇ ഡി അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് വിചിത്രമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. വിഷയത്തില്‍ ഇ ഡി അന്വേഷണം വേണമെന്ന കെ ടി ജലീല്‍ എംഎല്‍എയുടെ ആവശ്യം മുഖ്യമന്ത്രിയും സിപിഎമ്മും തള്ളിയതിന് പിന്നാലെയാണ് ബിജെപി നീക്കം.
കേരളത്തിലെ സഹകരണ ബാങ്കുകളില്‍, പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിയുടെ എ ആര്‍ നഗര്‍ ബാങ്കില്‍ ഒരന്വേഷണവും വേണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ നിലപാടില്‍ ശക്തമായി പ്രതിഷേധിക്കുക മാത്രമല്ല, ഇവിടെ ഉന്നയിക്കപ്പെട്ടിട്ടുള്ള 1200 കോടി രൂപയോളം കള്ളപ്പണം കൂമ്പാരമായി കിടക്കുന്ന വിഷയത്തില്‍ അന്വേഷണം നടക്കാന്‍ പോകുമ്പോള്‍ അതിനെ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് തടയുകയാണ്. ഇത് സംബന്ധിച്ച് കേന്ദ്ര ധനകാര്യ വകുപ്പിനും,സഹകരണ വകുപ്പിനും പരാതി കൊടുക്കാനാണ് ആഗ്രഹിക്കുന്നത്'- അബ്ദുള്ളക്കുട്ടി പറഞ്ഞു.
ലീഗ് -സിപിഎം അവിശുദ്ധ ബന്ധം തെളിഞ്ഞതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. എആര്‍ നഗര്‍ ബാങ്കിലെ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണം ഇഡി അന്വേഷിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പരസ്യ നിലപാട് വര്‍ഷങ്ങളായുള്ള ലീഗ്-സിപിഎം അവിശുദ്ധ ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നു. മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗവുമായുള്ള സിപിഎമ്മിന്റേയും മുഖ്യമന്ത്രിയുടേയും ബന്ധമാണ് ജലീലിനെ തള്ളി പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
കേരളത്തിലെ സഹകരണ ബാങ്കുകളിലെ കള്ളപ്പണ ഇടപാടിലൂടെയാണ് ജിഹാദി-സിപിഎം ബന്ധം ദൃഢമാകുന്നത്. എആര്‍ നഗര്‍ ബാങ്കിലെ കള്ളപ്പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന കെ.ടി ജലീലിന്റെ പ്രസ്താവന ഗൗരവതരമാണ്. മാറാട് കലാപം മുതല്‍ പാലാരിവട്ടം പാലം വരെയുള്ള സംഭവങ്ങളില്‍ ഈ ലീഗ്- മാര്‍കിസ്റ്റ് ബന്ധം വ്യക്തമാണ്. ഇപ്പോഴും ലീഗിനാല്‍ നയിക്കപ്പെടുന്ന കോണ്‍ഗ്രസുകാര്‍ കഥയറിയാതെ ആട്ടം കാണുകയാണ്. ആത്മാഭിമാനമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യുഡിഎഫ് വിട്ട് പുറത്തുവരണം.- സുരേന്ദ്രന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates