കണ്ണൂർ : വിരമിക്കാൻ ഏഴു മാസം ബാക്കി നിൽക്കെ ജീവിതം അവസാനിപ്പിച്ച എ ഡി എം നവീൻ ബാബുവിന് കണ്ണൂരിൻ്റെ യാത്രാമൊഴി. ചേതനയറ്റ ശരീരവുമായി നവീൻ ബാബു ജന്മനാട്ടിലേക്ക് മടങ്ങി. കണ്ണൂരിൻ്റെ ഭരണനിർവഹണത്ത് തലപ്പത്തുണ്ടായിരുന്ന നവീൻ ബാബുവിന് സഹപ്രവർത്തകരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.
കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ, കാസർകോട് ജില്ലാ കലക്ടർ കെ ഇമ്പശേഖർ, സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, മുൻ എംഎൽഎ ടി വി രാജേഷ്, സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, അസിസ്റ്റന്റ് കലക്ടർ ഗ്രന്ഥേ സായികൃഷ്ണ, എഡിഎം ഇൻ ചാർജ് ശ്രുതി കെ വി, സർവീസ് സംഘടനാ നേതാക്കൾ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.
നിയമനടപടികൾക്കു ശേഷം നവീൻ ബാബുവിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ബുധനാഴ്ച പുലർച്ചെ 12.40ന് പത്തനംതിട്ടയിൽ നിന്നെത്തിയ ബന്ധുക്കളാണ് ഭൗതിക ശരീരം ഏറ്റുവാങ്ങിയത്. മൃതദേഹത്തെ കണ്ണൂർ റവന്യു വകുപ്പിൽനിന്നുള്ള ഉദ്യോഗസ്ഥ സംഘം പത്തനംതിട്ടയിലേക്ക് അനുഗമിച്ചു. ഉച്ചയോടെ നവീൻബാബുവിന്റെ മൃതദേഹം പത്തനംതിട്ടയിലെത്തും. നാളെ പത്തനംതിട്ടയിൽ പൊതുദർശനത്തിന് വെക്കും. ഇതിനുശേഷം സംസ്കാരം നടക്കും.
യാത്രയയപ്പ് ചടങ്ങിനെത്തി, സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതില്‍ മനം നൊന്താണ് നവീന്‍ബാബു ജീവനൊടുക്കിയത്. പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ദിവ്യയുടെ പരാമര്‍ശം അപക്വമായെന്ന് പറഞ്ഞ്, റവന്യൂമന്ത്രി കെ രാജന്‍ തള്ളിയിരുന്നു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി കണ്ണൂരില്‍ ബന്ദ് ആചരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates