വീണാ ജോര്‍ജ്, ഫയല്‍ ചിത്രം 
Kerala

റെറ്റിനോ ബ്ലാസ്റ്റോമയടക്കമുള്ള കണ്ണിലെ കാന്‍സറിനുള്ള സമഗ്ര ചികിത്സാ സംവിധാനം ആദ്യമായി എംസിസിയില്‍

കണ്ണിന്റെ കാഴ്ച്ച പൂര്‍ണമായും നഷ്ടപ്പെടാനിടയുള്ള ഈ കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ പൂര്‍ണമായും കാഴ്ച്ചയും ജീവനും നിലനിര്‍ത്താന്‍ കഴിയും.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവന​ന്തപുരം: സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തലശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ (എംസിസി) കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന കാന്‍സര്‍ രോഗമായ റെറ്റിനോ ബ്ലാസ്റ്റോമയ്ക്കുള്ള ചികിത്സയും ന്യൂറോ സര്‍ജിക്കല്‍ ഓങ്കോളജി സംവിധാനവും ആരംഭിച്ചു. തിരുവനന്തപുരം ആര്‍സിസിയില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ലുട്ടീഷ്യം ചികിത്സ ആരംഭിച്ചു. നൂതന ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കിയാണ് ഈ രണ്ട് കാന്‍സര്‍ സെന്ററുകളിലും ഇവ യാഥാര്‍ത്ഥ്യമാക്കിയത്. 

സംസ്ഥാനത്തെ കാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാന്‍സര്‍ കെയര്‍ പോര്‍ട്ടല്‍ അടുത്തിടെ സജ്ജമാക്കിയിരുന്നു. ആരോഗ്യ വകുപ്പിന്റെ 'അല്‍പം ശ്രദ്ധ, ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി 40 ലക്ഷത്തോളം ആളുകളില്‍ ജീവിതശൈലീ രോഗ സാധ്യതാ സ്‌ക്രീനിംഗ് നടത്തി. അതില്‍ 2.60 ലക്ഷം ആളുകളെയാണ് ഈ പോര്‍ട്ടല്‍ വഴി കാന്‍സര്‍ ക്ലിനിക്കല്‍ സ്‌ക്രീനിംഗിന് വിധേയമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വളരെ ചെറിയ പ്രായത്തിലുള്ള കുട്ടികളുടെ കണ്ണില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന റെറ്റിനോ ബ്ലാസ്റ്റോമയടക്കമുള്ള കണ്ണില്‍ വരുന്ന കാന്‍സര്‍ ചികിത്സയാണ് എംസിസിയില്‍ സജ്ജമാക്കിയിരിക്കുന്നത്.
കണ്ണിന്റെ കാഴ്ച്ച പൂര്‍ണമായും നഷ്ടപ്പെടാനിടയുള്ള ഈ കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ പൂര്‍ണമായും കാഴ്ച്ചയും ജീവനും നിലനിര്‍ത്താന്‍ കഴിയും. നൂതന ചികിത്സാ സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് സംസ്ഥാനത്ത് ആദ്യമായി റെറ്റീനോ ബ്ലാസ്റ്റോമ സമഗ്ര ചികിത്സാ സംവിധാനം യാഥാര്‍ത്ഥ്യമാക്കിയത്. ഈ ചികിത്സയ്ക്കായി സംസ്ഥാനത്തിന് പുറത്തേയ്ക്കു പോയിക്കൊണ്ടിരിക്കുന്ന രോഗികള്‍ക്ക് ഇതോടെ ആശ്വാസമാകും. കുട്ടികളുടെ കാന്‍സര്‍ ചികിത്സയ്ക്കായി വിവിധ സര്‍ക്കാര്‍ പദ്ധതികളിലൂടെ തീര്‍ത്തും സൗജന്യമായി സമഗ്ര ചികിത്സ നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ എംസിസിയില്‍ ഒരുക്കിയിട്ടുണ്ട്.

ലേസര്‍ ചികിത്സ, ക്രയോതെറാപ്പി തുടങ്ങിയ കണ്ണിലേക്ക് നേരിട്ട് നല്‍കുന്ന ചികിത്സയും കൂടാതെ ആവശ്യമായ സാഹചര്യങ്ങളില്‍ കീമോതെറാപ്പി, റേഡിയേഷന്‍ എന്നിവയുമാണ് ചികിത്സാ രീതി. സിസ്റ്റമിക് കീമോതെറാപ്പി, ഇന്‍ട്രാ ആര്‍ട്ടീരിയല്‍ കീമോതെറാപ്പി, ഇന്‍ട്രാവിട്രിയല്‍ കീമോതറാപ്പി, സബ്ടീനോണ്‍ കീമോതറാപ്പി എന്നിവയാണ് റെറ്റീനോ ബ്ലാസ്റ്റോമ ഭേദമാക്കാനുള്ള കീമോതെറാപ്പികള്‍.

എംസിസിയില്‍ ന്യൂറോ സര്‍ജിക്കല്‍ ഓങ്കോളജി സംവിധാനവും ആരംഭിച്ചു. തലച്ചോറിലെയും സുഷുമ്‌ന നാഡിയിലെയും കാന്‍സറിന്റെയും മറ്റു മുഴകളുടെയും ശസ്ത്രക്രിയ സംവിധാനമാണ് എംസിസിയില്‍ ആരംഭിച്ചത്. ഇതിനാവശ്യമുള്ള നൂതന സൗകര്യങ്ങള്‍ എംസിസിയില്‍ ഒരുക്കിയിട്ടുണ്ട്. ഈ ചികിത്സയ്ക്കായി ശ്രീചിത്ര തിരുനാള്‍ ആശുപത്രിയെയും മെഡിക്കല്‍ കോളജുകളെയും ആശ്രയിച്ചിരുന്ന രോഗികള്‍ക്ക് ഇതേറെ ആശ്വാസം നല്‍കുന്നതാണെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും