തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് വിവാദത്തില്‍ കോണ്‍ഗ്രസിന്റെ കൂടുതല്‍ ആരോപണങ്ങളുമായി സിപിഎം നേതാവ് എം വി നികേഷ് കുമാര്‍. പുനരധിവാസത്തിനായി കോണ്‍ഗ്രസ് പിരിച്ച തുക സൂക്ഷിച്ച അക്കൗണ്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവര്‍ പങ്കുവച്ച വിവരങ്ങളില്‍ അവ്യക്തതയുണ്ടെന്നാണ് നികേഷ് കുമാറിന്റെ ആരോപണം. പുനരധിവാസത്തിനായി ഫണ്ട് പിരിച്ച ശേഷം ഇടപാട് നടന്നത് ധനലക്ഷ്മി ബാങ്കിന്റെ അക്കൗണ്ടില്‍ മാത്രമല്ലെന്നും ഫെഡറല്‍ ബാങ്കിലെ അക്കൗണ്ടിലും ഇടപാട് നടന്നുവെന്നും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയോ കോര്‍ഡിനേറ്ററുമായ നികേഷ് കുമാര്‍ ആരോപിക്കുന്നു.
ഫെഡറല്‍ ബാങ്കിന്റെ വെള്ളയമ്പലം ബ്രാഞ്ചിലെ അക്കൗണ്ടില്‍ എട്ടംഗ സംഖ്യയുടെ ഇടപാട് നടന്നു എന്നാണ് നികേഷ് കുമാര്‍ ആരോപിക്കുന്നത്. 13740200004964 നമ്പര്‍ ഉള്‍പ്പെടെയാണ് വിഡിയോയില്‍ പരാമര്‍ശിക്കുന്നത്. ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടില്‍ ലഭിച്ച പണം മാത്രമാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കഴിഞ്ഞദിവസം പുറത്തുവിട്ടത്. ഇതിന് പുറമേയാണ് ഫെഡറല്‍ ബാങ്കിന്റെ പട്ടം ബ്രാഞ്ചിലെ അക്കൗണ്ട്. ഇതിലേക്ക് കോടികള്‍ ലഭിക്കുകയും അവ പലതവണയായി പിന്‍വലിക്കുകയും ചെയ്തു. യുഎഇയില്‍ ഉള്ള ഒരു മലയാളിയുടെ അക്കൗണ്ടിലേക്ക് പോയ 53 ലക്ഷത്തോളം രൂപയും ഇതിലുള്‍പെടുമെന്നും നികേഷ് കുമാര്‍ പറയുന്നു.
സറ്റാന്‍ഡ് വിത്ത് വയനാട് ഐഎന്‍സി എന്ന ആപ്പുമായി ബന്ധിപ്പിച്ചത് ധനലക്ഷ്മി ബാങ്ക് ശാസ്തമംഗലം ബ്രാഞ്ചിലെ അക്കൗണ്ടാണ് എന്നാണ് വിവരം. 2024 ആഗസ്ത് 17ന് ആണ് അക്കൗണ്ട് ആരംഭിച്ചത്. ഇതിലെ 5.38 കോടിയാണ് സണ്ണി ജോസഫ് കണക്ക് എന്ന പേരില്‍ വായിച്ചത്. ഫെഡറല്‍ ബാങ്കില്‍ നിന്നും പണം മാറ്റിയ മലയാളിയുടെ അക്കൗണ്ടിലേക്ക് ഫെബ്രുവരിയില്‍ ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടില്‍നിന്നും ഒരു കോടി രൂപ കൈമാറിയിട്ടുണ്ടെന്നും നികേഷ് കുമാര്‍ ആരോപിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates