ജോസ് നെല്ലേടത്ത്  
Kerala

പത്തുവര്‍ഷത്തിനിടെ ജീവനൊടുക്കിയത് അഞ്ചുപേര്‍; പ്രതിസന്ധിയിലായി വയനാട് കോണ്‍ഗ്രസ് നേതൃത്വം

പ്രാദേശിക ഗ്രൂപ്പുവഴക്കുകളാണ് സാമ്പത്തികക്രമക്കേടുകള്‍ ആരോപിച്ച് ഡിസിസി ട്രഷറായിരുന്ന എന്‍എം വിജയനും ഇപ്പോള്‍ ആരോപണവിധേയനായ ജോസ് നെല്ലേടവും ജീവനൊടുക്കുന്നതിലേക്ക് എത്തിച്ചത്.

ലക്ഷ്മി ആതിര

കല്പറ്റ: കള്ളക്കേസും അഴിമതിയാരോപണങ്ങള്‍ക്കും പിന്നാലെ രണ്ടു നേതാക്കള്‍ ജീവനൊടുക്കിയ അവസ്ഥയിലേക്ക് ഗ്രൂപ്പുകളി കൈവിട്ടിട്ടും നിയന്ത്രിക്കാനാകാതെ വയനാട്ടിലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി. പ്രാദേശിക ഗ്രൂപ്പുവഴക്കുകളാണ് സാമ്പത്തികക്രമക്കേടുകള്‍ ആരോപിച്ച് ഡിസിസി ട്രഷറായിരുന്ന എന്‍എം വിജയനും ഇപ്പോള്‍ ആരോപണവിധേയനായ ജോസ് നെല്ലേടവും ജീവനൊടുക്കുന്നതിലേക്ക് എത്തിച്ചത്.

പാര്‍ട്ടിയിലെ പ്രാദേശിക വിഷയങ്ങളുടെ പേരില്‍ മുന്‍പും നേതാക്കള്‍ മരിക്കാനിടയായതും ചര്‍ച്ചയാകുകയാണ്. കൃത്യമായ സമയത്ത് ജില്ലാനേതൃത്വത്തിന്റെ ഇടപെടലുണ്ടായിരുന്നെങ്കില്‍ നേതാക്കള്‍ ജീവനൊടുക്കുന്ന സാഹചര്യം ഉണ്ടാവില്ലായിരുന്നെന്നും അതിനു സാധിക്കാത്ത നേതൃത്വത്തെ മാറ്റണമെന്നുമുള്ള വികാരമാണ് ഉയരുന്നത്.സഹകരണബാങ്ക് ക്രമക്കേടുകളും മറ്റു പ്രാദേശിക ഗ്രൂപ്പുതാത്പര്യങ്ങളുടെയും ഇരയായി കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അഞ്ചുപേരാണ് ജീവനൊടുക്കിയത്.

2015 നവംബറില്‍ മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പിവി ജോണ്‍ പാര്‍ട്ടി ഓഫീസിനുള്ളിലാണ് തൂങ്ങിമരിച്ചത്. തെരഞ്ഞെടുപ്പ് പരാജയമായിരുന്നു പ്രേരണ. ഒപ്പമുണ്ടെന്ന വിശ്വസിപ്പിച്ച് നേതൃത്വം വഞ്ചിച്ചെന്ന വിഷമത്തിലായിരുന്നു മരണം. അന്നത്തെ ജില്ലാനേതൃത്വത്തിനെതിരേ പി.വി. ജോണിന്റെ കുടുംബം ആക്ഷേപം ഉന്നയിച്ചിരുന്നു.

പുല്പള്ളി കേളക്കവല സ്വദേശി കോണ്‍ഗ്രസ് നേതാവായിരുന്ന രാജേന്ദ്രന്‍ നായര്‍ 2023 മേയില്‍ ആത്മഹത്യ ചെയ്തു. പുല്പള്ളി സഹകരണബാങ്കിലെ വായ്പത്തട്ടിപ്പിന് ഇരയായിരുന്നു രാജേന്ദ്രന്‍. ഈ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് മുന്‍പ്രസിഡന്റായിരുന്ന കെപിസിസി മുന്‍ ജനറല്‍സെക്രട്ടറി കെ.കെ. അബ്രഹാം പിന്നീട് ജയിലിലുമായി.

2024 ഡിസംബറില്‍ ജില്ലാ കോണ്‍ഗ്രസ് ട്രഷറര്‍ എന്‍.എം. വിജയനും മകന്‍ ജിജേഷും വിഷംകഴിച്ചു ജീവനൊടുക്കി. ബത്തേരി സഹകരണബാങ്കിലെ നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തികബാധ്യതകളുടെ പേരിലായിരുന്നു ആത്മഹത്യ. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, കെ.കെ. ഗോപിനാഥന്‍ എന്നിവരെ ഇപ്പോഴും ഈ കേസില്‍ പ്രതിപ്പട്ടികയിലുണ്ട്.

കോണ്‍ഗ്രസ് നേതാവ് കാനാട്ടുമലയില്‍ തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കി 16 ദിവസം ജയിലിലടപ്പിച്ചതിന് പിന്നാലെ നടന്ന ആരോപണ-പ്രത്യാരോപണങ്ങളാണ് ഗ്രാമപഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തിന്റെ മരണത്തിലേക്ക് നയിച്ചത്. നേതാക്കളുടെ മരണത്തിലേക്കെത്തിച്ച രണ്ടുവിഷയങ്ങളിലും ഡിസിസി പ്രസിഡന്റുതന്നെ ആരോപണവിധേയനാണ് എന്നതാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തെയും വലയ്ക്കുന്നത്.

മുള്ളന്‍കൊല്ലിയില്‍ കോണ്‍ഗ്രസില്‍ നേതൃ മാറ്റത്തിന് സാധ്യതയുണ്ട്. മുള്ളന്‍കൊല്ലിയിലെ ഉള്‍ പാര്‍ട്ടി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെപിസിസി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നാണ് ഡിസിസിയുടെ ആവശ്യം. ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരില്‍നിന്ന് ഇന്ന് പൊലീസ് മൊഴിയെടുക്കും. ഇതില്‍ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും ഉള്‍പ്പെടും. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡണ്ട് തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്കും സാധ്യതയുണ്ട്.

ഒന്‍പത് മാസം മുന്‍പ് ജീവനൊടുക്കിയ കോണ്‍ഗ്രസ് മുന്‍ ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബത്തെ അവഗണിച്ചെന്ന പരാതി പാര്‍ട്ടിയെ വെട്ടിലാക്കുകയാണ്. കടബാധ്യത തീര്‍ക്കാനുള്ള കരാറില്‍ നിന്ന് പാര്‍ട്ടി പിന്‍മാറിയെന്ന വിഷയം ഉന്നയിച്ചതിന് പിന്നാലെ വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. രണ്ടരക്കോടി രൂപയുടെ ബാധ്യത തീര്‍ക്കുന്ന കരാറിന്റെ കാര്യത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ടി.സിദ്ദിഖ് എംഎല്‍എയും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉന്നയിച്ചതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇതില്‍ കൂടുതല്‍ വ്യക്തത വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Jose Nelledam’s suicide; Leadership change likely in Mullankolly Congress unit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി; കണ്ണഞ്ചിപ്പിക്കുന്ന വികസനമെന്ന് മമ്മൂട്ടി; കെജിഎസിന് എഴുത്തച്ഛന്‍ പുരസ്‌കാരം; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

'അതിദാരിദ്ര്യമുക്ത സംസ്ഥാനം'; കേരളത്തെ അഭിനന്ദിച്ച് ചൈന

അപകടസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കണ്ട; പിഴ 1000 ദിർഹമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്

SCROLL FOR NEXT