തൃശൂർ: മറ്റത്തൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺഗ്രസിനെയും ബിജെപിയെയും പരിഹസിച്ച് പോസ്റ്റർ. 'മറ്റത്തൂരിൽ കോൺഗ്രസ് ജനതാ പാർട്ടി' എന്ന അടിക്കുറിപ്പോടെ താമരയും കൈപ്പത്തിയും ചേർന്നുള്ള ചിത്രവും ഉൾപ്പെടുത്തിയുള്ള പോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടത്. ഡിവൈഎഫ്ഐ മറ്റത്തൂർ മേഖലാ കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചത്.
ബിജെപിയെ അധികാരത്തിലെത്തിക്കാൻ കോൺഗ്രസ് നടത്തിയ കൂറുമാറ്റത്തിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് ഓഫീസിനു മുൻപിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതെന്ന് ഡിവൈഎഫ്ഐ സൂചിപ്പിക്കുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം പാർട്ടിയിൽ നിന്ന് രാജിവെച്ചു. തുടർന്ന് ബിജെപിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് വിമത ടെസി ജോസ് കല്ലറയ്ക്കലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിച്ച് വിജയിപ്പിക്കുകയായിരുന്നു.
കഴിഞ്ഞതവണ പ്രതിപക്ഷ നേതാവായിരുന്ന ഔസേഫിനെ സിപിഎം സ്വാധീനിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന്, നീക്കങ്ങൾക്ക് നേതൃത്വം നൽകിയ അതുൽ കൃഷ്ണ പറയുന്നു. 25 കൊല്ലം ഭരിച്ച സിപിഎം കോൺഗ്രസിലെ ഔസേഫിനെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി കൊണ്ടു വരികയായിരുന്നു. ഔസേഫിനെ സിപിഎം പർച്ചേസ് ചെയ്തതാണ്, ഇത്തരമൊരു നീക്കങ്ങൾക്ക് പിന്നിലെന്നും കോൺഗ്രസ് വിട്ട മെമ്പറായ അതുൽ കൃഷ്ണ പറയുന്നു.
24 അംഗ പഞ്ചായത്തിൽ 12 വോട്ട് ബിജെപി–കോൺഗ്രസ് സഖ്യസ്ഥാനാർത്ഥി നേടി. എൽഡിഎഫ് പിന്തുണച്ച സ്ഥാനാർത്ഥി കെ ഒ ഒൗസേഫിന് 11 വോട്ട് ലഭിച്ചു. ഒരുവോട്ട് അസാധുവായി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജെപി പിന്തുണയിൽ കോൺഗ്രസ് അംഗം പി യു നൂർജഹാൻ 13 വോട്ട് നേടി വിജയിച്ചു. എൽഡിഎഫ്–10, യുഡിഎഫ്–8, ബിജെപി–4, സ്വതന്ത്രർ–2 എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷിനില.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates