തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ബേക്കറി ഉടമയായ സ്ത്രീ ജീവനൊടുക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പാര്‍ട്ടി നടപടിയെടുത്തു. തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്ളിനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ആത്മഹത്യാക്കുറിപ്പില്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചത്താലത്തിലാണ് നടപടി. സസ്പെന്‍ഡ് ചെയ്ത വിവരം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എയാണ് അറിയിച്ചത്.
ജോസ് ഫ്രാങ്ക്‌ളിന്‍ നിരന്തരം ലൈംഗികമായി ശല്യം ചെയ്തെന്നും ഗത്യന്തരമില്ലാതെയാണ് ജീവനൊടുക്കുന്നതെന്നും ആത്മഹത്യാക്കുറിപ്പില്‍ സ്ത്രീ ആരോപിച്ചിരുന്നു. കഴിഞ്ഞ എട്ടാം തീയതിയാണ് നെയ്യാറ്റിന്‍കര സ്വദേശി ഗ്യാസ് പൊട്ടിത്തെറിച്ച് മരിച്ചത്. നാല് മാസം മുമ്പ് ആരംഭിച്ച ബേക്കറിക്ക് വായ്പ ശരിയാക്കി തരാം എന്നുപറഞ്ഞ് ജോസ് ഫ്രാങ്ക്ളിന്‍ ഓഫീസിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് ആത്മഹത്യാക്കുറിപ്പിലെ പ്രധാന ആരോപണം. വായ്പ നല്‍കണമെങ്കില്‍ തനിക്ക് വഴങ്ങണമെന്നാവശ്യപ്പെട്ട് ജോസ് ഫ്രാങ്ക്‌ളിന്‍ നിരന്തരം കടയിലെത്തി ശല്യപ്പെടുത്തിയിരുന്നെന്നും കുറിപ്പിലുണ്ട്.
ആദ്യം അപകടമരണമെന്ന് കരുതിയെങ്കിലും, ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതോടെ ആത്മഹത്യ എന്ന് സ്ഥിരീകരിക്കുകയായിരുന്നു. മക്കള്‍ക്ക് എഴുതിയതെന്ന് കരുതുന്ന നാല് പേജുള്ള ആത്മഹത്യാക്കുറിപ്പാണ് ഇപ്പോള്‍ പുറത്ത് വന്നത്.
ഭര്‍ത്താവില്ല എന്നുകരുതി ഇങ്ങനെയൊക്കെ ചെയ്യാമോ, എനിക്കിങ്ങനെ വൃത്തികെട്ട് ജീവിക്കണ്ട. അവന്‍ എന്നെ ജീവിക്കാന്‍ സമ്മതിക്കില്ല, ഞാന്‍ പോകുന്നു എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. വീട്ടമ്മയുടെ കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് ഫ്രാങ്ക്ളിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും ലൈംഗികാതിക്രമവും ചുമത്തിയിരുന്നു. ഒളിവില്‍ പോയ ജോസ് ഫ്രാങ്ക്ളിന് കഴിഞ്ഞ ദിവസം തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവധിച്ചു. ഇതിനിടെ ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി വീട്ടമ്മയുടെ മകനും രംഗത്ത് എത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates