കല്‍പ്പറ്റ: ജനങ്ങളുടെ ചോദ്യം ചോദിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. സെക്രട്ടേറിയേറ്റിന് മുന്നില്‍ 129 ദിവസമായി സമരം ചെയ്യുന്ന എല്‍പിഎസ്ടി റാങ്ക്‌ഹോള്‍ഡേഴ്‌സിനെ ബുധനാഴ്ച രാത്രി പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കം ചെയ്തിരുന്നു. ഈ നടപടിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രിയങ്ക.
പ്രതിഷേധം ഏത് സംസ്ഥാനത്തായാലും സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിനോ നയങ്ങള്‍ക്കോ എതിരായാലും അത് സമാധാനപരമാണെങ്കില്‍ അനുവദിക്കപ്പെടണം. പ്രതിഷേധങ്ങളില്‍ അക്രമമോ നിയമലംഘനമോ ഉണ്ടാവുകയും ജനങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ നിയമവാഴ്ച സംരക്ഷിക്കാന്‍ പൊലീസിന് നടപടിയെടുക്കാവുന്നതാണ്. എന്നാല്‍ സമാധാനപരമായി നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്താന്‍ പാടില്ല. ജനങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന പ്രതിഷേധിക്കാനുള്ള അവകാശം വിനിയോഗിക്കാന്‍ അനുവദിക്കണമെന്നാണ് തന്റെ അഭിപ്രായം.
ജനങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോഴും ഉത്തരം ആവശ്യപ്പെട്ട് തെരുവിലിറങ്ങുമ്പോഴും പൊലീസിനെ ഉപയോഗിച്ച് മര്‍ദ്ദിച്ചും ജയിലിലടച്ചും പ്രതിഷേധങ്ങള്‍ തടയാന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ല. ജനാധിപത്യ വ്യവസ്ഥയില്‍ സര്‍ക്കാരിന്റെ ഓരോ തീരുമാനത്തിനും നടപടികള്‍ക്കും ജനങ്ങളോട് മറുപടി പറയാന്‍ ഭരണകൂടം ബാധ്യസ്ഥരാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി വയനാട്ടില്‍ എത്തിയ പ്രിയങ്ക ഗാന്ധി ശനിയാഴ്ച ഡല്‍ഹിയിലേക്ക് തിരിച്ചു പോകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates