തിരുവനന്തപുരം: മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റ് മുണ്ടേല മോഹനനെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ കാട്ടാക്കട അമ്പൂരി തേക്കുപാറയിലെ റിസോര്‍ട്ടിന് പുറകിലാണ് മോഹനനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ചുള്ള പരാതിയെ തുടര്‍ന്ന് മോഹനന്‍ ഒളിവിലായിരുന്നു.
വെള്ളറട പൊലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സംഘമാണ് മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം. യഥാസമയം പണം തിരികെ നല്‍കിയില്ലെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മാസം സഹകരണ സംഘത്തില്‍ നിക്ഷേപകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുക തിരികെ നല്‍കണമെന്ന ആവശ്യവുമായി സഹകരണ സംഘത്തിലെത്തിയ നിക്ഷേപകര്‍ക്ക് മുന്നില്‍ സെക്രട്ടറി കൈമലര്‍ത്തിയത് സംഘര്‍ഷത്തിന് ഇടയാക്കി. തുടര്‍ന്ന് പൊലീസും സഹകരണ വകുപ്പും നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവില്‍ ഈ മാസം അഞ്ചിനകം തുക മുന്‍ഗണനാ ക്രമത്തില്‍ തിരികെ നല്‍കാന്‍ ധാരണയായിരുന്നു.
ഇതിനുപിന്നാലെയാണ് പ്രസിഡന്റ് മുണ്ടേല മോഹനന്‍ ഒളിവില്‍ പോയത്. പരാതികളില്‍ സഹകരണ വകുപ്പിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുണ്ടേല മോഹനനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates