തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ പ്രിയങ്ക ഗാന്ധിക്കും കെസി വേണുഗോപാലിനും കൊടിക്കുന്നില്‍ സുരേഷിനുമെതിരെ ഗുരുതരമായ ആരോപണവുമായി ഹരിയാന മഹിളാ കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിയുടെ ഭര്‍ത്താവ് ഗൗരവ് കുമാര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ വാങ്ങിയെന്നാണ് ആരോപണം. പണം നല്‍കിയതിന്റെ രേഖകള്‍ ഉള്‍പ്പടെ ഗൗരവ് കുമാര്‍ ഡിജിപിക്ക് പരാതി നല്‍കി.
തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. മൂന്ന് നേതാക്കളും കേരളത്തില്‍നിന്നുള്ള എംപിമാരായതിനാലാണ് ഇവിടെ വാര്‍ത്താസമ്മേളനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. തന്റെ കൈയില്‍ നിന്നും കോടികള്‍ കൈപ്പറ്റിയിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ല. ഇതോടെ പണം തിരികെ ചോദിച്ചപ്പോള്‍ പണം തരാന്‍ കഴിയില്ലെന്ന് നേതാക്കള്‍ പറഞ്ഞതായും ഗൗരവ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേതാക്കള്‍ക്ക് പണം നല്‍കിയതിന്റെ രേഖകളും മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ഹാജരാക്കി.
ഹരിയാനയിലെ ബാവല്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കുമെന്നായിരുന്നു വാഗ്ദാനം. സോണിയാഗാന്ധിയുടെ പിഎയ്ക്കും പ്രിയങ്ക ഗാന്ധിയുടെ പിഎയ്ക്കും ജന്‍പഥ് വസതിയില്‍ വച്ചാണ് പണം നല്‍കിയത്. കൊടിക്കുന്നിലിന് 1.60 കോടി രൂപയാണ് നല്‍കിയത്. കെ സി വേണുഗോപാലിന്റെ പിഎ അനസിനും പണം നല്‍കി. വേണുഗോപാലിന്റെ മുന്‍പില്‍വെച്ചാണ് പണം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വാഗ്ദാനം ചെയ്തതോടെ പ്രചാരണവും ആരംഭിച്ചു.
അതിനുവേണ്ടിയും ലക്ഷങ്ങള്‍ ചെലവായി. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയം വന്നപ്പോള്‍ സീറ്റ് ലഭിച്ചില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നര കൊല്ലമായിട്ടും കൊടുത്ത പണം തിരികെ തന്നിട്ടുമില്ല. പണം ചോദിക്കുമ്പോഴെല്ലാം നിഷേധാത്മക സമീപനമാണ് നേതാക്കള്‍ സ്വീകരിച്ചത്. കേരളത്തിലേക്ക് താന്‍ വരുന്നതിന് മുന്‍പ് വേണുഗോപാലിന്റെ പിഎ അനസ് നാല്‍പതിലേറെ തവണ വിളിച്ചു. എന്തെങ്കിലും ഒക്കെ പദവി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ പദവിയല്ല തനിക്ക് വേണ്ടത്. നേതാക്കളുടെ വാക്ക് കേട്ട് ഏഴ് കോടിയിലധികം രൂപ നഷ്ടപ്പെട്ടു. 56 വര്‍ഷത്തോളമായി താനും കുടുംബവും കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകരാണ്. പ്രിയങ്കയും വേണുഗോപാലും കൊടിക്കുന്നിലും ജനങ്ങളെ പറ്റിക്കുകയാണെന്നും ഗൗരവ് കുമാര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates