Indira Gandhi's Emergency 50 years cpim leader TP Ramakrishnan facebook post  Social Media
Kerala

'ലോക്കപ്പില്‍ തല്ലിച്ചതച്ചു, നട്ടെല്ല് ലാക്കാക്കി കരിക്കിന്‍ തൊണ്ടുകൊണ്ട് എറിഞ്ഞുവീഴ്ത്തി'; അടിയന്തരാവസ്ഥക്കാലം അനുസ്മരിച്ച് ടി പി രാമകൃഷ്ണന്‍

ലോക്കപ്പില്‍ അന്ന് പ്ലാന്റേഷന്‍ ലേബര്‍ യൂണിയന്‍ സെക്രട്ടറിയായ തിനിക്കും ആര്‍ രവീന്ദ്രനും അതിഭീകരമായി തല്ലിയൊതുക്കി. ജയറാം പടിക്കല്‍, ലക്ഷ്മണ, പുലിക്കോടന്‍ നാരായണന്‍ തുടങ്ങിയവരായിരുന്നു അതിക്രൂരമായ ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയത്

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അരനൂറ്റാണ്ട് തികയുമ്പോള്‍ അക്കാലത്ത് നേരിട്ട കൊടിയ പൊലീസ് മര്‍ദനത്തിന്റെയും പ്രതിരോധങ്ങളുടെയും ഓര്‍മകള്‍ പങ്കുവച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. അന്ന് പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയായിരുന്ന തന്നെ പൊലീസ് പിടികൂടിയതും ലോക്കപ്പില്‍ നേരിട്ട കൊടിയ പീഡനങ്ങളും സംബന്ധിച്ച ഓർമയാണ് ടി പി രാമകൃഷ്ണന്‍ പങ്കുവയ്ക്കുന്നത്. ഫെയ്സ് ബുക്കില്‍ പങ്കുവച്ച പോസ്റ്റിലായിരുന്നു പ്രതികരണം.

തന്നെയുള്‍പ്പെടെ അറസ്റ്റ് ചെയ്തതിനുള്ള പ്രത്യാക്രമണമായാണ് 1976 ഫെബ്രുവരി 28 ലെ കായണ്ണ സ്റ്റേഷന്‍ ആക്രമണം എന്നായിരുന്നു പൊലീസ് ഭാഷ്യം. സ്റ്റേഷന്‍ ആക്രമണം നടന്നത് ടി പി രാമകൃഷ്ണനെ അറസ്റ്റു ചെയ്തതിലുള്ള പ്രത്യാക്രമണമായാണ് എന്ന് തൊഴിലാളികളെക്കൊണ്ട് പറയിപ്പിക്കുന്നതിന് വേണ്ടി മുതുകാട് പ്ലാന്റേഷന്‍ ക്വാട്ടേഴ്‌സുകളില്‍ നിരന്തരം പൊലീസ് അതിക്രമം നടത്തി. ലോക്കപ്പില്‍ അന്ന് പ്ലാന്റേഷന്‍ ലേബര്‍ യൂണിയന്‍ സെക്രട്ടറിയായ തിനിക്കും ആര്‍ രവീന്ദ്രനും അതിഭീകരമായി തല്ലിയൊതുക്കി. ജയറാം പടിക്കല്‍, ലക്ഷ്മണ, പുലിക്കോടന്‍ നാരായണന്‍ തുടങ്ങിയവരായിരുന്നു അതിക്രൂരമായ ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയത്.

തുടര്‍ച്ചയായ മര്‍ദ്ദനങ്ങള്‍ക്ക് ശേഷം രത്‌നവേലു എന്ന പൊലീസുകാരന്‍ കക്കയം ക്യാമ്പില്‍വെച്ച് തന്നെ ജയില്‍ മുറിയിലെ ചുമരിനോട് കുനിച്ചുനിര്‍ത്തി നട്ടെല്ല് ലാക്കാക്കി കരിക്കിന്‍ തൊണ്ടുകൊണ്ട് എറിഞ്ഞുവീഴ്ത്തിയെന്നും ടി പി രാമകൃഷ്ണന്‍ പോസ്റ്റില്‍ കുറിക്കുന്നു.

ടി പി രാമകൃഷ്ണന്റെ പോസ്റ്റ് പൂര്‍ണരൂപം-

ചക്കിട്ടപാറയില്‍ അടിയന്തിരാവസ്ഥയ്‌ക്കെതിരെ ഉജ്ജ്വലമായ പ്രകടനം നടക്കുന്നത് 1975 ആഗസ്ത് 16നായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയുടെ ഫാസിസത്തിനെതിരെ പ്രതിഷേധിച്ച സഖാക്കളെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ മുന്നിട്ടിറങ്ങി ഞാന്‍ അന്ന് പാര്‍ടി ലോക്കല്‍ സെക്രട്ടറിയായിരുന്നു.

ഏറെ വൈകാതെ പേരാമ്പ്ര പാര്‍ട്ടി ഓഫീസിലെത്തിയ പോലീസ് എന്നെ അറസ്റ്റ് ചെയ്തു. 1976 ഫെബ്രുവരി 26നാണ് പൊലീസ് ലോക്കപ്പിലിട്ടത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണവും വെള്ളവുമില്ലാതെ അടിവസ്ത്രം മാത്രം ധരിച്ചുകഴിഞ്ഞ ഒരു ജയില്‍വാസകാലമായിരുന്നു പിന്നീട്. ജയിലിനകത്ത് കൊടിയ മര്‍ദ്ദനങ്ങള്‍ നേരിടേണ്ടിവന്നു. ആയിടയ്ക്കാണ് കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണം നടക്കുന്നത്. 1976 ഫെബ്രുവരി 28 ലെ കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണം എന്നെയുള്ളപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തതിനുള്ള പ്രത്യാക്രമണമാണെന്നായിരുന്നു പോലീസ് ഭാഷ്യം.

കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണം നടന്നത് ടി പി രാമകൃഷ്ണനെ അറസ്റ്റു ചെയ്തതിലുള്ള പ്രത്യാക്രമണമായാണ് എന്ന് തൊഴിലാളികളെക്കൊണ്ട് പറയിപ്പിക്കുന്നതിന് വേണ്ടി മുതുകാട് പ്ലാന്റേഷന്‍ ക്വാട്ടേഴ്‌സുകളില്‍ നിരന്തരമായ പോലീസ് റെയിഡായിരുന്നു അക്കാലത്തുണ്ടായിരുന്നത്. ആക്രമണം നടന്നതിന്റെ പിറ്റേന്ന് ഫെബ്രുവരി 29ന് എന്നെയും സഹ തടവുകാരായ നാരായണ മാരാരെയും

കായണ്ണ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി തെളിവെടുത്തു. പിന്നീട് കക്കയം ക്യാമ്പിലേക്ക് മാറ്റി.

പഴയ ഒരു KSEB വര്‍ക്ക് ഷെഡില്‍ ആയിരുന്നു കക്കയം ക്യാമ്പ്. തുരുമ്പെടുത്തൊലിക്കുന്ന പഴയ ഒരു ഇരുമ്പു പൈപ്പിലൂടെ വല്ലപ്പോഴും വരുന്ന വൃത്തികെട്ട വെള്ളം കൊണ്ടാണ് പലപ്പോഴും ഞങ്ങള്‍ ദാഹം ശമിപ്പിച്ചിരുന്നത്.

സ്റ്റേഷന് പുറത്ത് കെട്ടിയ ടെന്റില്‍ വെച്ചാണ് അന്ന് പോലീസുകാര്‍ ചോദ്യം ചെയ്തത്. പൊട്ടിവീണ പെട്രോമാക്‌സിന്റെ അവശിഷ്ട്ടങ്ങളും ചിതറിത്തെറിച്ച കുറെ ഫയലുകളും കടലാസുകളും അവിടവിടെയായി ഉണ്ടായിരുന്ന ആ ടെന്റില്‍ ജയറാം പടിക്കല്‍, ലക്ഷ്മണ, പുലിക്കോടന്‍ നാരായണന്‍ തുടങ്ങിയവരൊക്കെയാണ് അതിക്രൂരമായ ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയിരുന്നത്. പ്ലാന്റേഷന്‍ ലേബര്‍ യൂണിയന്‍ സെക്രട്ടറിയായ എന്നെയും ആര്‍ രവീന്ദ്രനെയും ആണ് പൊലീസ് അതിഭീകരമായി തല്ലിയൊതുക്കിയത്.

തുടര്‍ച്ചയായ മര്‍ദ്ദനങ്ങള്‍ക്ക് ശേഷം രത്‌നവേലു എന്ന പോലീസുകാരന്‍ കക്കയം ക്യാമ്പില്‍വെച്ച് എന്നെ ജയില്‍ മുറിയിലെ ചുമരിനോട് കുനിച്ചുനിര്‍ത്തി നട്ടെല്ല് ലാക്കാക്കി കരിക്കിന്‍ തൊണ്ടുകൊണ്ട് എറിഞ്ഞുവീഴ്ത്തുകയായിരുന്നു. ബോധരഹിതനായി ഞാന്‍ നിലത്തുവീണു.

പോലീസ് മര്‍ദ്ദനം മൂലം എനിക്ക് പുറത്തെയും നെഞ്ചിലെയും നീര്‍ക്കെട്ട് ക്രമാതീതമാവുകയും ചെയ്തു. ആരോഗ്യ സ്ഥിതി അത്യധികം മോശമായതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുശേഷം എന്നെ പേരാമ്പ്ര ലോക്കപ്പിലേക്ക് കൊണ്ടുവന്നു.

കക്കയം ക്യാമ്പില്‍ നിന്നും എന്നെയും മറ്റുസഖാക്കളെയും പേരാമ്പ്ര ലോക്കപ്പിലേക്ക് മാറ്റിയ സമയത്ത് രാവിലെയും ഉച്ചയ്ക്കും അവര്‍ക്കായി ചായയും കടിയും കൊണ്ടുതന്നത് കല്‍പ്പത്തൂരിന്റെ അനശ്വര രക്തസാക്ഷി സഖാവ് ചോയിയുടെ അനിയന്‍ കുഞ്ഞിക്കണ്ണേട്ടന്റെ ഹോട്ടലില്‍ നിന്നായിരുന്നു. പേരാമ്പ്രയിലെ പാര്‍ടി നേതാവ് കണ്ണന്‍ മാഷ് പറഞ്ഞതനുസരിച്ചാണ് കുഞ്ഞിക്കണ്ണേട്ടന്‍ നേന്ത്രപ്പഴം നിറച്ചതിനകത്ത് മര്‍മ്മാണി ഗുളിക തിരുകിക്കയറ്റി ഞങ്ങള്‍ക്ക് തന്നത്. കക്കയം ക്യാമ്പിലെ പോലീസ് ക്രൂരതയില്‍ നീര്‍ക്കെട്ടിന്റെയും മറ്റും കലശലായ അവശതകള്‍ ഉണ്ടായ എനിക്ക് സഹതടവുകാര്‍ മര്‍മ്മാണി ഗുളിക കലക്കിപ്പുരട്ടി നല്‍കുകയായിരുന്നു.

രാത്രി വൈകിയ വേളകളില്‍ പോലീസുകാര്‍ കാണാതെ മര്‍മ്മാണിഗുളിക വെള്ളം ചേര്‍ത്ത് എന്റെ ശരീരമാസകലം തടവി ലോക്കപ്പിലെ പ്രിയ സഖാക്കള്‍. അടിയന്തരാവസ്ഥ എന്ന ദുരവസ്ഥയുടെ കയ്‌പ്പേറിയ ഓര്‍മ്മകള്‍ക്ക് 50 വര്‍ഷം.

half a century of the National Emergency in India. LDF convener T.P. Ramakrishnan shared his memories of the brutal police repression faced at that time.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

SCROLL FOR NEXT