എം വി ​ഗോവിന്ദന്റെ വാർത്താസമ്മേളനം ( M V Govindan ) ഫെയ്സ്ബുക്ക്
Kerala

ആര്‍എസ്എസുമായി ഒരു കൂട്ടുകെട്ടും സിപിഎമ്മിന് ഇല്ല; പ്രസ്താവന വളച്ചൊടിച്ച് കള്ള പ്രചാരവേല: എം വി ഗോവിന്ദന്‍

ജനസംഘത്തിന്റെ പിന്‍ഗാമിയല്ല ജനതപാര്‍ട്ടി. വിശാലമായൊരു പ്ലാറ്റ്‌ഫോമായിരുന്നു അതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആര്‍എസ്എസുമായി ഒരു കൂട്ടുകെട്ടും സിപിഎമ്മിന് ഇല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ( M V Govindan ) . ഒരു ഘട്ടത്തിലും സിപിഎമ്മിന് ആര്‍എസ്എസുമായി രാഷ്ട്രീയ സഖ്യമില്ല. ഇന്നലെയുമില്ല ഇന്നുമില്ല, നാളെയും ഉണ്ടാകില്ല. ആര്‍എസ്എസുമായി ( RSS- CPM ) സഹകരിച്ചെന്ന് പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളച്ചൊടിച്ച് കള്ളപ്രചാരവേല നടത്തുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്തെ കാര്യമാണ് താന്‍ പറഞ്ഞത്. അടിയന്തരാവസ്ഥ അറബിക്കടലില്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി വലിയ പ്രക്ഷോഭമാണ് ഉണ്ടായത്. ഇന്ദിരാ ഗാന്ധിക്കെതിരെ മറ്റു പാര്‍ട്ടികളെല്ലാം ഒന്നിച്ചു. വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന് ജനതാ പാര്‍ട്ടിയുണ്ടാക്കി. ജനസംഘവും അന്ന് ജനതാപാര്‍ട്ടിയുടെ ഭാഗമായി. ആര്‍എസ്എസ് അന്ന് പ്രബല ശക്തിയല്ല. അങ്ങനെ രാജ്യവ്യാപകമായി എല്ലാ വിഭാഗവും ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്നാണ് സൂചിപ്പിച്ചത്. അതാണ് വളച്ചൊടിച്ചതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

ചരിത്രത്തെ ചരിത്രത്തിന്റെ ഭാഗമായി പഠിക്കണം. അങ്ങനെ അല്ലാതെ വരുമ്പോഴാണ് ഇത്തരം പ്രശ്നങ്ങള്‍. അടിയന്തരാവസ്ഥ അര്‍ദ്ധ ഫാസിസത്തിന്റെ ഭാഗമായിരുന്നു. സിപിഎം കൂട്ടുകെട്ടുണ്ടാക്കിയത് ജനതപാര്‍ട്ടിയുമായാണ്. അടിയന്തരാവസ്ഥയെ എതിര്‍ക്കുന്നതിന് വേണ്ടിയായിരുന്നു ആ സഖ്യം. ജനസംഘത്തിന്റെ പിന്‍ഗാമിയല്ല ജനതപാര്‍ട്ടി. വിശാലമായൊരു പ്ലാറ്റ്‌ഫോമായിരുന്നു അതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

വിമോചനസമരത്തില്‍ ആര്‍എസ്എസുമായി കൂട്ടുകെട്ടുണ്ടാക്കിയത് കോണ്‍ഗ്രസാണ്. വടകരയിലും, ബേപ്പൂരും അവര്‍ തമ്മില്‍ സഖ്യമുണ്ടാക്കി. ആ സഖ്യത്തെ എല്‍ഡിഎഫ് തോല്‍പിച്ചു. നിലമ്പൂരില്‍ കോണ്‍ഗ്രസിന് നിരായുധരായ സൈന്യത്തിന്റെ അവസ്ഥയാണ്. ജമാ അത്തെ ഇസ്ലാമിയെ വെള്ളപൂശാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഒരു വര്‍ഗ്ഗീയതയുടെ കൂട്ടും സിപിഎമ്മിന് വേണ്ട. മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വികസനം പറഞ്ഞാണ് എല്‍ഡിഎഫ് പ്രചാരണം നടത്തിയത്. വികസനം എന്ന വാക്ക് യുഡിഎഫ് അജന്‍ഡയിലില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. എല്‍ഡിഎഫ് മണ്ഡലത്തിലുടനീളം വലിയ മേല്‍കൈ നേടി. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടെയാണ് എല്‍ഡിഎഫ് മത്സരിച്ചത്. യുഡിഎഫിന് ഒരു രാഷ്ട്രീയ മുദ്രാവാക്യവും മുന്നോട്ട് വെക്കാനായില്ല. യുഡിഎഫ്- ജമാഅത്തെ ഇസ്ലാമി സഖ്യത്തിനെതിരെ നിലമ്പൂര്‍ വിധിയെഴുതുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

അടിയന്തരാവസ്ഥ വന്നപ്പോള്‍ യോജിക്കുന്നവരുമായെല്ലാം യോജിച്ചിട്ടുണ്ടെന്നും വര്‍ഗീയവാദികളായ ആര്‍എസ്എസുമായും ചേര്‍ന്നിട്ടുണ്ടെന്നും എംവി ഗോവിന്ദന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞതാണ് വിവാദമായത്. അടിയന്തരാവസ്ഥ അര്‍ദ്ധഫാസിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു. അത് തുറന്ന് പറയാന്‍ തങ്ങള്‍ക്കൊരു ഭയവുമില്ല. സത്യസന്ധമായ കാര്യങ്ങള്‍ പറഞ്ഞാല്‍ വിവാദമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവന വിവാദമായതോടെയാണ് എം വി ഗോവിന്ദന്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

സജി ചെറിയാന്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു; മന്തിയും ജീവനക്കാരും പരിക്കേല്‍ക്കാത രക്ഷപ്പെട്ടു

'കർമ്മയോദ്ധ' തിരക്കഥ മോഷ്ടിച്ചത്; മേജർ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

സോഷ്യൽ മീഡിയ വൈറൽ താരം, ബ്ലാക്ക് ഡയമണ്ട് ആപ്പിളിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

പഴം പഴുത്തുപോവുന്നത് തടയാൻ ഇതാ ചില പൊടിക്കൈകൾ

SCROLL FOR NEXT