കൊച്ചി: ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയില്‍ പങ്കെടുത്തെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വിശദീകരണവുമായി സിപിഎം എംഎല്‍എ ദലീമ. അരൂര്‍ നിയോജക മണ്ഡലത്തില്‍ സംഘടിപ്പിച്ച 'കനിവ്' എന്ന പാലിയേറ്റീവ് സംഘടനയുടെ ആംബുലന്‍സ് ഫ്ളാഗ് ഓഫ് ചടങ്ങിലാണ് താന്‍ പങ്കെടുത്തതെന്നും ഇവിടെ തന്നെ ക്ഷണിച്ചതും പങ്കെടുത്തതും ജമാഅത്തെ ഇസ്ലാമിയുടെയോ അതിന്റെ പോഷകസംഘടനകളുടെയോ പരിപാടികള്‍ക്കല്ലെന്നും ദലീമ ഫെയ്സ്ബുക്കില്‍ കുറിച്ചു.
കനിവ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ജനുവരി 11 ന് നടന്ന ചടങ്ങിലാണ് ദലീമയും പങ്കെടുത്തതെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ഉള്‍പ്പെടെ ഈ ചടങ്ങില്‍ പങ്കെടുത്തതായുമാണ് വാര്‍ത്തകളുണ്ടായിരുന്നത്. ഇതിനുപിന്നാലെയാണ് ദലീമ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
'ദലീമ എംഎല്‍എ ജമാഅത്തെ ഇസ്ലാമിയുടെ വേദിയില്‍ എന്നുള്ള തരത്തില്‍ ഇതിനോടകം പല മാധ്യമങ്ങളും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഈ വാര്‍ത്തയുടെ കാരണമായിട്ടുള്ളത് ഈ മാസം ജനുവരി 11ന് എന്റെ നിയോജക മണ്ഡലത്തില്‍ നടന്ന ചടങ്ങാണ്.ആ പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് ഞാന്‍ ഈ കുറിപ്പിനൊപ്പം പങ്കുവെക്കുകയാണ്
ദലീമയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
അരൂക്കുറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കനിവ് എന്ന പാലീയേറ്റിവ് സംഘടനയുടെ കിടപ്പുരോഗികളെ ചികിത്സിക്കുന്ന ഹോം കെയര്‍ ആവശ്യങ്ങള്‍ക്കായുള്ള ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫിനായാണ് എന്നെ ക്ഷണിച്ചത്.മണ്ഡലത്തിലെ പാലീയേറ്റീവ് - ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെ പ്രോത്സാഹിപ്പിക്കേണ്ടതും അത്തരം വേദികളില്‍ പങ്കെടുക്കേണ്ടതും ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്വമായാണ് കാണുന്നത്.ക്ഷണിക്കുന്ന പരിപാടികള്‍ക്കെല്ലാം പങ്കെടുക്കാന്‍ പരിശ്രമിക്കുന്ന, ചാരിറ്റി പാലീയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ കുറേക്കൂടി താത്പര്യം കാണിക്കുന്ന സമീപനമാണ് എന്റേത്. ഇവിടെ എന്നെ ക്ഷണിച്ചതും ഞാന്‍ പങ്കെടുത്തതും ജമാ അത്തെ ഇസ്ലാമി ഹിന്ദിന്റെയോ അതിന്റെ പോഷക സംഘടനകളുടെയോ പരിപാടികള്‍ക്കല്ല. സംഘപരിവാറിന്റെയോ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെയോ കാസ ഉള്‍പ്പടെയുള്ള തീവ്രനിലപാടുകാരുടെയോ വേദികളില്‍ പങ്കെടുക്കില്ല എന്നത് ഞാനും എന്റെ പ്രസ്ഥാനമായ സിപിഐഎമ്മിന്റെയും പ്രഖ്യാപിത നിലപാടാണ്. മനുഷ്യര്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കുന്ന ഒരു പ്രസ്ഥാനവുമായും സന്ധിയില്ല. സമത്വവും സാഹോദര്യവുമാണ് എന്റെ ആശയം അത് ജീവനുള്ള കാലം വരെ തുടരും അതിന്റെ പ്രചരണത്തിനായി സംസാരിക്കും പൊതുപ്രവര്‍ത്തനം ചെയ്യും പാട്ടുകളും പാടും''. ദലീമ കുറിച്ചു.
കഴിഞ്ഞദിവസം മന്ത്രി വി അബ്ദുറഹിമാനും ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടിരുന്നു. മലപ്പുറം താനൂരില്‍ 'ബൈത്തുസകാത്ത് കേരള' സംഘടിപ്പിച്ച സക്കാത്ത് കാംപെയ്നിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത് മന്ത്രി അബ്ദുറഹിമാനായിരുന്നു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറല്‍ ടി ആരിഫലി, ബൈത്തുസകാത്ത് കേരള ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് തുടങ്ങിയവരും മറ്റു ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി നേതാക്കളും ഈ ചടങ്ങില്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ജമാഅത്തെ ഇസ്ലാമിക്കെതിരെ സിപിഎം നിരന്തരം രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് മന്ത്രി അബ്ദുറഹിമാന്‍ ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടതെന്നതും ശ്രദ്ധേയമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates