തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് ധാരണമായി. സ്ഥാനാര്‍ത്ഥിത്വത്തില്‍ വലിയ സര്‍പ്രൈസുകള്‍ ഉണ്ടാകില്ലെന്നാണ് സൂചനയെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, മുന്‍ മന്ത്രി കെ ടി ജലീല്‍ തവനൂരില്‍ വീണ്ടും മത്സരിക്കും. യോജിച്ച പകരക്കാരനെ കണ്ടെത്താനാകാത്തതാണ് ജലീലിനെ വീണ്ടും രംഗത്തിറക്കാന്‍ പ്രേരിപ്പിച്ചത്. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടെങ്കിലും, മന്ത്രി വീണാ ജോര്‍ജ് ആറന്മുളയില്‍ നിന്ന് മത്സരിക്കും. പൊന്നാനിയില്‍ സിറ്റിങ്ങ് എംഎല്‍എ പി നന്ദകുമാറിന് പകരം മുന്‍ പിഎസ്സി ചെയര്‍മാനും കേരള വഖഫ് ബോര്‍ഡ് ചെയര്‍പേഴ്സണ്‍ എം കെ സക്കീര്‍ മത്സരിക്കും.
കുന്നമംഗലത്ത് എല്‍ഡിഎഫ് സ്വതന്ത്രന്‍ പിടിഎ റഹീം വീണ്ടും ജനവിധി തേടും. മുന്‍മന്ത്രി കെ കെ ശൈലജ മട്ടന്നൂരില്‍ നിന്നും പേരാവൂര്‍ മണ്ഡലത്തിലേക്ക് മാറും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് എതിരാളി. ഇതോടെ രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന ഗ്ലാമര്‍ പോരാട്ടവേദിയായി പേരാവൂര്‍ മാറുന്നു. വിവിധ ജില്ലാ കമ്മിറ്റികള്‍ ആവശ്യപ്പെട്ട സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് മത്സരത്തിനില്ല.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മുന്‍ മന്ത്രി എം എം മണി, സ്പീക്കര്‍ എ എന്‍ ഷംസീര്‍, എം രാജഗോപാലന്‍ എന്നിവര്‍ ഒഴിവാക്കപ്പെട്ട പ്രമുഖ നേതാക്കളില്‍ ഉള്‍പ്പെടുന്നു. ആലപ്പുഴ ജില്ലാസെക്രട്ടറി ആര്‍ നാസറിനെ കായംകുളത്തേക്ക് നിര്‍ദേശിച്ചെങ്കിലും, സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളി. സിറ്റിങ് എംഎല്‍എ യു പ്രതിഭ തന്നെ കായംകുളത്ത് മത്സരിക്കും.
ധര്‍മ്മടം സീറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കും. മന്ത്രിമാരായ പി രാജീവ് (കളമശ്ശേരി), കെ എന്‍ ബാലഗോപാല്‍ (കൊട്ടാരക്കര), വി എന്‍ വാസവന്‍ (ഏറ്റുമാനൂര്‍), സജി ചെറിയാന്‍ (ചെങ്ങന്നൂര്‍), എം ബി രാജേഷ് (തൃത്താല), പി എ മുഹമ്മദ് റിയാസ് (ബേപ്പൂര്‍), വീണ ജോര്‍ജ് (ആറന്മുള), ആര്‍. ബിന്ദു (ഇരിഞ്ഞാലക്കുട), ഒ ആര്‍ കേളു (മാനന്തവാടി), വി ശിവന്‍കുട്ടി ( നേമം) എന്നിവര്‍ മത്സരരംഗത്തുണ്ടാകും.
കോഴിക്കോട് സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും
പേരാമ്പ്രയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണനും, ഉടുമ്പന്‍ചോലയില്‍ എം എം മണിക്കു പകരം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രനും മത്സരിക്കും. കണ്ണൂര്‍ ജില്ലയില്‍ ടി ഐ മധുസൂദനന്‍ (പയ്യന്നൂര്‍), എം വിജിന്‍ (കല്ല്യാശ്ശേരി), പി കെ ശ്യാമള (തളിപ്പറമ്പ്), കെ വി സുമേഷ് (അഴീക്കോട്), കാരായി രാജന്‍ (തലശ്ശേരി), ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് (മട്ടന്നൂര്‍) എന്നിവരാണ് സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്.
കോഴിക്കോട്ട് എല്ലാ സിറ്റിങ് എംഎല്‍എമാരും വീണ്ടും ജനവിധി തേടും. ടിപി രാമകൃഷ്ണനും മുഹമ്മദ് റിയാസിനും പുറമെ ലിന്റോ ജോസഫ് (തിരുവമ്പാടി), തോട്ടത്തില്‍ രവീന്ദ്രന്‍ (കോഴിക്കോട് നോര്‍ത്ത്), കെ എം സച്ചിന്‍ ദേവ് (ബാലുശ്ശേരി) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. കാനത്തില്‍ ജമീലയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന കൊയിലാണ്ടിയില്‍ പാര്‍ട്ടി വനിതാ നേതാവിനെ തേടുകയാണ്.
പാലക്കാട് മണ്ഡലത്തില്‍ പി സരിനാണ് മുന്‍തൂക്കം. ആലപ്പുഴയിലെ ആറ് സിറ്റിങ് എംഎല്‍എമാരെ വീണ്ടും നാമനിര്‍ദ്ദേശം ചെയ്തു. മലപ്പുറം ജില്ലയില്‍ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സിലെ മന്ത്രി വി അബ്ദുറഹ്മാന്‍ താനൂരില്‍ നിന്ന് മത്സരിക്കും. തിരുവനന്തപുരം ജില്ലയില്‍ പാര്‍ട്ടിയുടെ 10 സിറ്റിങ്ങ് എംഎല്‍എമാര്‍ക്കും സ്ഥാനാര്‍ത്ഥിത്വം നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates