V Kunhikrishnan 
Kerala

'എന്നെ പുറത്താക്കിയതാണ്, തിരിച്ചെടുക്കുന്നത് തീരുമാനിക്കേണ്ടത് പാർട്ടി': വി കുഞ്ഞികൃഷ്ണൻ

'വ്യക്തിപൂജയും ഏകാധിപത്യ പ്രവണതകളും പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റി'

Author : ലക്ഷ്മി ആതിര

കണ്ണൂർ: സിപിഎം കോട്ടകളിൽ വിള്ളലുണ്ടാക്കി അണികളുടെ പിന്തുണയോടെ പയ്യന്നൂരിൽ നിന്നു വിജയിച്ച വിമത നേതാവ് പി കുഞ്ഞികൃഷ്ണൻ പാർട്ടിയുടെ നിലവിലെ പോക്കിൽ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു. വ്യക്തിപൂജയും ഏകാധിപത്യ പ്രവണതകളും പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റിയെന്നും, താഴെത്തട്ടിലുള്ള അണികളുടെ വികാരം ഉൾക്കൊള്ളാൻ നേതൃത്വം പരാജയപ്പെട്ടുവെന്നുമെന്നും സമകാലിക മലയാളത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. പയ്യന്നൂരിലെ ചരിത്ര വിജയത്തിന് പിന്നിലെ രാഷ്ട്രീയവും പാർട്ടിക്കുള്ളിലെ ചർച്ചകളുടെ അഭാവവും തുറന്നുപറയുന്ന കുഞ്ഞികൃഷ്ണൻ, ഇടതുപക്ഷത്തിന്റെ തകർച്ച തീവ്ര വലതുപക്ഷത്തിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പും നൽകുന്നു.

സിപിഎം വിട്ടു പുറത്തുവന്ന മൂന്ന് നേതാക്കളും ഈ തെരഞ്ഞെടുപ്പിൽ വിജയിക്കുകയുണ്ടായല്ലോ. പാർട്ടിയുടെ സംഘടനാ പ്രശ്നങ്ങളെ കൃത്യമായി തുറന്നുകാട്ടിയായിരുന്നു നിങ്ങളുടെ മത്സരം. ഇന്നും ഒരു കമ്മ്യൂണിസ്റ്റായി തുടരുമ്പോൾ, ഈ വൻ തോൽവിയിൽ നിന്നും കരകയറാൻ പാർട്ടി എന്ത് മാറ്റങ്ങളാണ് വരുത്തേണ്ടതെന്നാണ് താങ്കൾ കരുതുന്നത്?

അത് പാർട്ടി തന്നെയാണ് ആലോചിക്കേണ്ടത്. പ്രശ്നങ്ങൾ എന്താണെന്ന് കണ്ടുപിടിച്ച് അവ തിരുത്തി മുന്നോട്ട് പോകുകയാണ് വേണ്ടത്. മുൻപും പാർട്ടിയിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോഴെല്ലാം വ്യക്തികൾക്കെതിരെ നടപടി സ്വീകരിച്ച് ആ പ്രശ്നങ്ങൾ പരിഹരിച്ചായിരുന്നു പാർട്ടി മുന്നോട്ട് പോയിരുന്നത്. എന്നാൽ സമീപകാലത്തായി പാർട്ടിയുടെ ഈ ശൈലിയിൽ മാറ്റം വന്നിട്ടുണ്ട്. അഴിമതി നടത്തുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നത്. അത് തന്നെയാണ് പാർട്ടിയുടെ ഏറ്റവും വലിയ തെറ്റും. ആ തെറ്റ് ജനങ്ങൾ തിരിച്ചറിഞ്ഞു. അതിന്റെ പ്രതിഫലനമാണ് ഈ തിരഞ്ഞെടുപ്പ് ഫലം.

താങ്കളുടെ അഭിപ്രായത്തിൽ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മൂലകാരണം എന്താണ്?

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പാർട്ടി പയ്യന്നൂരിൽ വിജയിച്ചത്. ആ ഭൂരിപക്ഷം മറികടന്ന് ഞാൻ വിജയിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നതല്ല. ജയിക്കാൻ വേണ്ടിയുമായിരുന്നില്ല ഞാൻ സ്ഥാനാർഥിയായത്. എന്നാൽ പാർട്ടിക്കെതിരെയുള്ള അണികളുടെ വികാരമാണ് ഈ തെരഞ്ഞെടുപ്പിൽ കണ്ടത്. അതുകൊണ്ടാണ് ഞാൻ ഏഴായിരത്തിൽപ്പരം വോട്ടിന് വിജയിച്ചത്. അണികളുടെ ഈ വികാരം മനസ്സിലാക്കി പാർട്ടി ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്നാണ് എന്റെ അഭ്യർത്ഥന.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വലിയ രീതിയിലുള്ള ആക്രമണങ്ങൾ താങ്കൾക്ക് നേരിടേണ്ടി വന്നല്ലോ. എന്നാൽ ഫലം വരുമ്പോൾ പാർട്ടിയിലെ തന്നെ വലിയൊരു വിഭാഗം താങ്കൾക്ക് വോട്ട് ചെയ്തതായി കാണുന്നു. ഈ മാറ്റത്തെ എങ്ങനെ നോക്കിക്കാണുന്നു?

സത്യത്തിൽ പാർട്ടിയിലെ വലിയൊരു വിഭാഗം ആളുകളും മനസ്സുകൊണ്ട് എന്റെ കൂടെയായിരുന്നു. എന്നാൽ അത് തുറന്നു പറയാനുള്ള സാഹചര്യം അവർക്കുണ്ടായിരുന്നില്ല. പലതരത്തിലുള്ള ഭീഷണികൾ അവർ നേരിട്ടിരുന്നു. അക്രമങ്ങൾ നടത്തിയത് പാർട്ടിയിലെ ഒരു ചെറിയ വിഭാഗം മാത്രമാണ്. യുഡിഎഫ് സർക്കാർ വന്നതിനുശേഷം ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഞാൻ കരുതുന്നു.

കണ്ണൂരിൽ പാർട്ടിയുടെ അടിവേരിളക്കുന്ന രീതിയിലുള്ള മാറ്റമാണല്ലോ ഉണ്ടായിരിക്കുന്നത്. ഇതിന് കാരണം നിലവിലെ ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടാണോ?

തീർച്ചയായും. പണ്ട് ഏതൊരു വിഷയത്തിലും പാർട്ടിയിൽ കൃത്യമായ ചർച്ചകൾ നടന്നതിന് ശേഷം മാത്രമായിരുന്നു തീരുമാനങ്ങൾ എടുത്തിരുന്നത്. ഏരിയ കമ്മിറ്റിയായാലും ജില്ലാ കമ്മിറ്റിയായാലും ആ രീതിയിലായിരുന്നു സിസ്റ്റം പ്രവർത്തിച്ചിരുന്നത്. എന്നാൽ കുറച്ചുനാളായി ഈ പ്രവണതയ്ക്ക് മാറ്റം വന്നു. വ്യക്തികൾ എടുക്കുന്ന തീരുമാനങ്ങൾ അവതരിപ്പിക്കുന്ന ഇടം മാത്രമായി പാർട്ടി യോഗങ്ങൾ മാറി. ആ തീരുമാനങ്ങളിൽ ചർച്ചകൾ ഉണ്ടാകാറില്ല, അതിനെ എതിർക്കാൻ ആരും തയ്യാറാകുന്നുമില്ല. ഇത്തരത്തിലുള്ള ഏകാധിപത്യ പ്രവണതയ്ക്കുള്ള തിരിച്ചടിയാണ് ഇപ്പോൾ ലഭിച്ചത്.

പിണറായി വിജയനെതിരെയുള്ള ജനവികാരമാണ് പാർട്ടിക്കുണ്ടായ കനത്ത തിരിച്ചടിക്ക് കാരണമെന്ന് കേൾക്കുന്നുണ്ടല്ലോ?

തീർച്ചയായും. കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനമല്ല ഉണ്ടാകാറുള്ളത്. എന്നാൽ ഇന്ന് ഒരു ഉന്നത വ്യക്തിയോ അല്ലെങ്കിൽ പാർട്ടി സെക്രട്ടറിയോ മാത്രമാണ് തീരുമാനങ്ങൾ എടുക്കുന്നത്. ഇത് ശരിയായ പ്രവണതയല്ല. ഏത് വ്യക്തിയായാലും, വ്യക്തിയെ മാത്രം ഉയർത്തിക്കാട്ടുന്നത് ശരിയല്ല. ഒരു വ്യക്തിക്ക് പല കഴിവുകളും ഉണ്ടാകാം, എന്നാൽ ആ വ്യക്തിയല്ല പാർട്ടി. പാർട്ടി എന്നത് ഒരു കൂട്ടായ്മയാണ്. കൂട്ടായ ചർച്ചകളിലൂടെയാകണം തീരുമാനങ്ങൾ ഉണ്ടാകേണ്ടത്. എന്നാൽ ഇന്നത്തെ നിലയിൽ പാർട്ടിക്ക് അത് സാധിക്കാതെ പോയി. തളിപ്പറമ്പിലെ സ്ഥാനാർഥി ടികെ ഗോവിന്ദൻ ജില്ലാ കമ്മിറ്റി അംഗമാണ്. അദ്ദേഹം പറയുന്നത്, ഒരു കമ്മിറ്റിയിലും ചർച്ച ചെയ്യാത്ത പേരാണ് തളിപ്പറമ്പിൽ സ്ഥാനാർഥിയായി വന്നതെന്നാണ്. ഇത് ചില വ്യക്തികളുടെ സ്വാർത്ഥ താല്പര്യങ്ങൾക്കനുസരിച്ച് നീങ്ങുന്നതിന്റെ തെളിവാണ്. ഈ പ്രവണതയാണ് പാർട്ടിയുടെ തകർച്ചയ്ക്ക് കാരണമായി ഞാൻ കാണുന്നത്.

പിണറായി ഇല്ലെങ്കിൽ മറ്റാര് പ്രതിപക്ഷ നേതാവാകും എന്നൊരു ചോദ്യം നിലനിൽക്കുന്നുണ്ട്. നേതൃത്വഗുണമുള്ള യുവനേതാക്കളെ മുന്നോട്ട് കൊണ്ടുവരാൻ പാർട്ടി പരാജയപ്പെട്ടോ?

യുവനേതാക്കൾ പാർട്ടിയിൽ അനേകം പേരുണ്ട്. എന്നാൽ അവർക്കൊന്നും ഈ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിച്ചില്ല എന്നതാണ് ഇവിടുത്തെ പ്രശ്നം.

ബംഗാളിലെ മഴവിൽ സഖ്യത്തെക്കുറിച്ച് താങ്കൾ ബോധവാനാണല്ലോ. മാവോയിസ്റ്റുകൾ മുതൽ ജമാഅത്തെ ഇസ്‌ലാമി വരെയുള്ളവരുടെ കൂട്ടായ്മയാണത്. സിപിഎമ്മിൽ നിന്നു പിരിഞ്ഞുപോയ ചിലരും അതിലുണ്ട്. ഇത്തരത്തിലുള്ള സഖ്യങ്ങൾ ബംഗാളിലെ ഇടതുപക്ഷത്തിന്റെ തകർച്ചയ്ക്ക് കാരണമായിട്ടില്ലേ? കേരളത്തിലും അത് തന്നെയല്ലേ സംഭവിക്കുന്നത്?

ഇടതുപക്ഷം ഇല്ലാതാകുമ്പോൾ തീവ്ര വലതുപക്ഷം ശക്തിപ്പെടും എന്നത് ഒരു യാഥാർഥ്യമാണ്.

പാർട്ടിയിലേക്കുള്ള ഒരു തിരിച്ചുപോക്ക് ഇനി സാധ്യമാണോ?

ഞാൻ സ്വയം പാർട്ടി വിട്ടുപോയതല്ല, അവർ എന്നെ പുറത്താക്കിയതാണ്. അതുകൊണ്ട് ഇനി പാർട്ടിയിലേക്ക് തിരിച്ചുപോകുന്നതിനെക്കുറിച്ച് എനിക്ക് പറയാൻ കഴിയില്ല. അത് തീരുമാനിക്കേണ്ടത് പാർട്ടി തന്നെയാണ്.

cpm should decide whether to reinstate me- payyannur udf candidate V Kunhikrishnan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മമത രാജിവച്ചില്ല; പശ്ചിമ ബംഗാള്‍ നിയമസഭ പിരിച്ചുവിട്ടു

അന്ന് വിഎസിന് വേണ്ടി ജനം തെരുവിലിറങ്ങി; ഇന്ന് വിഡി സതീശനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; പിബി കേട്ടത് ഹൈക്കമാന്‍ഡ് കേള്‍ക്കുമോ?

തമ്മില്‍ത്തല്ലി റയല്‍ മാഡ്രിഡ് താരങ്ങള്‍; ചൗമേനിയുമായി കൈയാങ്കളി, വാല്‍വര്‍ഡെ ആശുപത്രിയില്‍; എംബാപ്പെ പുറത്തു പോകണമെന്ന് ആരാധകര്‍!

Kerala CM Selection Live: 'പടനായകൻ നയിക്കട്ടെ'; സതീശനായി ഫ്ലെക്സും പ്രകടനങ്ങളും

'മുസ്ലീം ലീഗ്' അല്ല, കോണ്‍ഗ്രസ് 'ഹിന്ദു പാര്‍ട്ടി'; ബിജെപി ആരോപണങ്ങള്‍ക്ക് കണക്ക് സഹിതം മറുപടി

SCROLL FOR NEXT