നിലമ്പൂരിന്‍റെ വിധിയെഴുത്തിന് തൊട്ടു മുമ്പായി, കമ്മ്യൂണിസ്റ്റുകാരും ആർഎസ്എസുകാരും സഹകരിച്ചിട്ടുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശവും അതുയർത്തിയ രാഷ്ട്രീയ കൊടുങ്കാറ്റുകളും കെട്ടടങ്ങിയിട്ടില്ല. 1970കളിലെ ആർഎസ്എസ് ബന്ധം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ചികഞ്ഞെടുത്തത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ സിപിഎം ഒരുകാലത്തും ആർഎസ്എസിന് തണലൊരുക്കിയിട്ടില്ലെന്ന മറുവാദത്തോടെ മുഖ്യമന്ത്രി പിണറായി തന്നെ പ്രതിരോധത്തിന്റെ കോട്ട തീർത്തു കഴിഞ്ഞു. ആരോപണ പ്രത്യാരോപണങ്ങൾ അവിടെ നിൽക്കുമ്പോഴും അടിയന്തരാവസ്ഥക്കാലത്ത് സിപിഎമ്മിൻ്റെയും ജനസംഘത്തിൻ്റേയും നേതാക്കൾ ജയിൽമുറികൾ പങ്കിട്ടിരുന്നു എന്നത് യാഥാർത്ഥ്യമായി നിലനിൽക്കുന്നു. അന്ന് അടിയന്തരാവസ്ഥ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഉയർന്നത് ഒരേ മനസ്സോടെയാണ്.
അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികത്തിലാണ് സിപിഎം ഔദ്യോഗികമായി അടിയന്തരാവസ്ഥാ വിരുദ്ധ ദിനം ആചരിക്കുന്നത്. ജൂൺ 25ന് എകെജി ഹാളിൽ വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന സമ്മേളനത്തിൽ അടിയന്തരാവസ്ഥ തടവുകാർ കൂടിയായിരുന്ന പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സമിതിയംഗം എം വിജയകുമാർ തുടങ്ങിയവർ ഇതിൽ പങ്കെടുക്കും.
മുൻവർഷങ്ങളിൽ അടിയന്തരാവസ്ഥ തടവുകാർ പലപ്പോഴും ഒത്തു കൂടാറുണ്ടായിരുന്നെങ്കിലും സി പി എം ഔദ്യോഗികമായി അടിയന്തരാവസ്ഥ വിരുദ്ധ ദിനം ആചരിക്കുന്നത് ഇതാദ്യമായാണ്.
കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും സമരതീക്ഷ്ണമായ ഒരു കാലഘട്ടത്തിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യത്തിന് അമ്പതാണ്ട് പിന്നിടുമ്പോഴാണ് സി പി എം ഔദ്യോഗികമായി ഇത് ആചരിക്കാന തയ്യാറാകുന്നത്. അന്ന് ജനാധിപത്യം വീണ്ടെടുക്കാൻ നടത്തിയ സമരത്തിന്റെ ഭാഗമായി നിരവധി പേർ അന്നത്തെ ഭരണകൂടത്തിന്റെ പീഡനങ്ങൾക്ക് വിധേയരായി. രാജൻ, വിജയൻ തുടങ്ങിയവർ പൊലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പേർ മരിച്ചതിന് തുല്യമായി തുടർന്നുള്ള ജീവിതം. ചിലരുടെ ജീവിതത്തിന്റെ തന്നെ താളം തെറ്റി. സർക്കാരിനോട് സമരം ചെയ്യാത്തവർ പോലും നിർബന്ധിത വന്ധ്യംകരണം പോലുള്ള സർക്കാർ നടടപടികൾക്ക് വിധേയരായി. അങ്ങനെ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നിരവധിപേർ ഭരണകൂട പീഡനം അനുഭവിച്ച കാലഘട്ടമായിരുന്നു അത്.
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഇരുണ്ട യുഗത്തിന് വരുന്ന ജൂൺ 25ന് 50 വർഷം തികയും. ഉരുക്ക് വനിത ഇന്ദിരാഗാന്ധി ഇന്ത്യയ്ക്കുമേൽ അടിച്ചേൽപ്പിച്ച അടിയന്തരാവസ്ഥക്കെതിരെ അന്ന് സമരവുമായി മുന്നിട്ടിറങ്ങിയത് ജയപ്രകാശ് നാരായണനും മൊറാർജി ദേശായിയും ഉൾപ്പടെ അനേകം നേതാക്കളായിരുന്നു. അവരുടെ ചുവടുപിടിച്ച് കേരളത്തിലും ഒട്ടനവധി പേർ അടിയന്തരാവസ്ഥക്കെതിരായ സമരത്തിൽ പങ്കാളികളായി. സി പി എം നേതാവായ ഇഎംഎസ് നമ്പൂതിരിപ്പാടും ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വിഎസ് അച്യുതാനന്ദനും തലമുതിർന്ന ബിജെപി നേതാക്കളായ ഒ രാജഗോപാലും കെ രാമൻപിള്ളയും ഉൾപ്പെടെ പതിനായിരങ്ങളാണ് അന്ന് അടിയന്തരാവസ്ഥക്കെതിരെ ശബ്ദിച്ചതിന് കേരളത്തിൽ അറസ്റ്റിലായത്. അവരിൽ കുറച്ചു പേരെങ്കിലും ഇന്നും ജീവിച്ചിരിപ്പുണ്ട്, അടിയന്തരാവസ്ഥയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളായി. അവരിൽ ഏറ്റവും പ്രമുഖൻ മറ്റാരുമല്ല, മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ. അന്ന് കൂത്തുപറമ്പ് എംഎൽഎയായിരുന്ന പിണറായി അടിയന്തരാവസ്ഥക്കാലത്ത് കൊടിയ പൊലീസ് മർദ്ദനങ്ങൾക്കും വൻ പീഡനങ്ങൾക്കും വിധേയനായിട്ടുണ്ട്.
കക്കയം ക്യാമ്പും രാജൻ കേസും കേരളം കണ്ട ഒരുപക്ഷേ ഏറ്റവും മാന്യനായിരുന്ന മുഖ്യമന്ത്രി സി അച്യുതമേനോന്റെ നിശബ്ദതയുമെല്ലാം അടിയന്തരാവസ്ഥയുടെ ചരിത്രത്തിൻറെ ശബ്ദിക്കുന്ന പ്രതീകങ്ങളാണ്. "നിങ്ങളെന്തിനാണ് എന്റെ കുഞ്ഞിനെ മഴയത്ത് നിർത്തിയിരിക്കുന്നത്' എന്ന ഈച്ചര വാര്യരുടെ ചോദ്യവും സിആർ ഓമനക്കുട്ടൻ എഴുതിയ ശവംതീനികൾ എന്ന പുസ്തകവും ആ മൗനത്തെ അടയാളപ്പെടുത്തുന്നു.
അടിയന്തരാവസ്ഥ അര നൂറ്റാണ്ട് പിന്നിടുമ്പോൾ അന്നത്തെ തടവുകാരുടെ ഇന്നത്തെ സ്ഥിതി എന്താണ്? അന്ന് കൊടിയ പീഡനങ്ങൾക്കും മർദ്ദനങ്ങൾക്കും ഇരയായി ഇന്നും ശാരീരിക വിഷമതകൾ അനുഭവിക്കുന്ന അവരിൽ പലരും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു നേരെ പ്രതീക്ഷാപൂർവ്വം നോക്കുകയാണ്.
അടിയന്തരാവസ്ഥ തടവുകാർക്ക് അവരർഹിക്കുന്ന അംഗീകാരം നൽകണമെന്നും അവർക്ക് ചികിത്സ സഹായവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്നും ഉള്ള ആവശ്യം പല കോണുകളിൽ നിന്നും വർഷങ്ങളായി ഉയരുന്നുണ്ട്. ഇന്ത്യയിലെ 13 സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. പഞ്ചാബിലെ അകാലിദൾ സർക്കാർ ആണ് 1980ല്‍ അടിയന്തരാവസ്ഥ തടവുകാർക്ക് സ്വാതന്ത്ര്യസമര സേനാനികൾക്ക് തുല്യമായ പദവിയും ആനുകൂല്യങ്ങളും നൽകാൻ തീരുമാനിച്ചത്. ഏറ്റവും ഒടുവിൽ ഒഡിഷ ഭരണകൂടം ഇക്കഴിഞ്ഞ ജനുവരിയിൽ അടിയന്തരാവസ്ഥ തടവുകാർക്ക് 20000 രൂപ പെൻഷനും ആനുകൂല്യങ്ങളും നൽകാൻ തീരുമാനിച്ചു. എന്നാൽ മാറിമാറിവരുന്ന കേരള സർക്കാറുകൾ ഈ ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. അടിയന്തരാവസ്ഥയുടെ പീഡനങ്ങൾക്ക് ഇരയായ ഒരാൾ തന്നെ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ഈ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് കരുതിയവർക്ക് തെറ്റി. രണ്ടാഴ്ച മുൻപ് അടിയന്തരാവസ്ഥ തടവുകാരുടെ ആവശ്യത്തോട് മുഖം തിരിച്ചു കൊണ്ട് സംസ്ഥാന സർക്കാർ ഒരിക്കൽ കൂടി നിലപാടെടുത്തു.
തടവുകാരുടെ സംഘടന ഇക്കഴിഞ്ഞ ഏപ്രിലിൽ മുഖ്യമന്ത്രിക്കും സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിക്കും നൽകിയ നിവേദനത്തിൽ ഈ ആവശ്യം വീണ്ടും ഉന്നയിച്ചിരുന്നു. എന്നാൽ പരിഗണിക്കാൻ നിർവാഹമില്ല എന്നാണ് ആഭ്യന്തര വകുപ്പ് മറുപടി നൽകിയത്.
അടിയന്തരാവസ്ഥ തടവുകാരുടെ ഏകോപന സമിതി എന്ന സംഘടന നൽകിയ അപേക്ഷ നിരാകരിക്കാൻ കാരണമായി സർക്കാർ ചൂണ്ടിക്കാണിച്ചത് 2019ലെ ഒരു ഹൈക്കോടതി വിധിയാണ്. ആഭ്യന്തര അടിയന്തരാവസ്ഥ പീഡിതർക്ക് പെൻഷനും ചികിത്സാ സഹായവും ലഭ്യമാക്കണമെന്നുള്ള നിവേദനങ്ങൾ ഹൈക്കോടതി മുൻപാകെ ഫയൽ ചെയ്തിട്ടുണ്ടായിരുന്നെന്നും ഈ വിഷയത്തിൽ കേന്ദ്രസർക്കാറുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു എന്നും ചൂണ്ടിക്കാണിച്ചായിരുന്നു മറുപടി.
ഇടതുപക്ഷ സർക്കാർ തടവുകാരുടെ ആവശ്യത്തോട് മുഖം തിരിച്ച് നിൽക്കുമ്പോഴാണ് ചരിത്രത്തിലാദ്യമായി സിപിഎം നേതൃത്വം ജൂൺ 25 അടിയന്തരാവസ്ഥ വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. പാർട്ടി ജനറൽ സെക്രട്ടറി കൂടിയായ എം എ ബേബി ഉൾപ്പെടെയുള്ള അടിയന്തരാവസ്ഥ തടവുകാർ അന്ന് തലസ്ഥാനത്ത് ഒത്തുകൂടും.
സംസ്ഥാനത്ത് ഇന്ന് ജീവിച്ചിരിക്കുന്ന അടിയന്തരാവസ്ഥ തടവുകാരുടെ എണ്ണത്തിൽ കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും മിസ, ഡിഐആർ നിയമങ്ങൾ പ്രകാരം അന്ന് അറസ്റ്റിലായവരിൽ ഏതാണ്ട് ആയിരത്തോളം പേർ ഇന്ന് ജീവിച്ചിരിപ്പുണ്ടാകും എന്ന് കരുതപ്പെടുന്നു. എന്നാൽ കരുതൽ തടങ്കലിൽ ഉൾപ്പെട്ടവരും പൊലീസ് കസ്റ്റഡിയിൽ ആയവരും സത്യഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റിലായവരും ഉൾപ്പെടെ ഏതാണ്ട് 5000ത്തോളം പേർ ജീവിച്ചിരിപ്പുണ്ടാകും എന്നാണ് മറ്റൊരു കണക്ക്.
2006ലെ വിഎസ് അച്യുതാനന്ദൻ സർക്കാർ അടിയന്തരാവസ്ഥ തടവുകാരുടെ കണക്കെടുക്കാൻ തീരുമാനിക്കുകയും ഏതാണ്ട് 6300 പേരുടെ പട്ടിക തയ്യാറാക്കുകയും ചെയ്തിരുന്നു എന്ന് ഏകോപനസമിതി ചൂണ്ടിക്കാണിക്കുന്നു. എന്നാൽ അത് പിന്നീട് മുന്നോട്ടു പോയില്ല. വർഷങ്ങൾക്കുശേഷം 2019 ൽ സംസ്ഥാന സർക്കാർ വീണ്ടും അത്തരമൊരു ഉദ്യമത്തിന് തുടക്കമിടുകയും ജില്ലാ കലക്ടറേറ്റുകൾക്ക് വിവരശേഖരണം നടത്താൻ നിർദ്ദേശം നൽകുകയും ചെയ്തു എന്നാൽ അതും മുന്നോട്ടു പോയില്ല.
തടവുകാർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കണം എന്നതിനൊപ്പം തന്നെ ഏകോപന സമിതി ഉയർത്തിയ മറ്റ് രണ്ട് ആവശ്യങ്ങളും ശ്രദ്ധേയമാണ്. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത യുഗത്തെക്കുറിച്ചും അതിന് പ്രതിരോധം തീർത്തവരെക്കുറിച്ചും സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം എന്നതാണ് അതിലെ ഒരു ആവശ്യം.
രാജൻ കേസിന് സാക്ഷ്യം വഹിച്ച കക്കയം ഉൾപ്പെടെ അഞ്ച് പീഡന ക്യാമ്പുകളായിരുന്നു അന്ന് പൊലീസ് മർദ്ദനത്തിൻ്റെ അരങ്ങുകൾ. കക്കയം, മാലൂർക്കുന്ന്, ഇടപ്പള്ളി, ഊട്ടുപുര, ശാസ്തമംഗലം എന്നിവയായിരുന്നു അവ. അവയിൽ ഇന്ന് അവശേഷിക്കുന്ന ഒരേയൊരു ക്യാമ്പ് തിരുവനന്തപുരത്തെ ശാസ്തമംഗലത്താണ്. തൃശൂർ ക്യാമ്പ് പിന്നീട് ഒരു ഐജി ഓഫീസ് ആയി മാറി. മറ്റു മൂന്നും ഇന്നില്ല. ശാസ്തമംഗലം ക്യാമ്പ് അടിയന്തരാവസ്ഥയുടെ സ്മാരകമായി സംരക്ഷിക്കണം എന്നതാണ് സമിതിയുടെ മറ്റൊരാവശ്യം. നിർഭാഗ്യമെന്ന് പറയട്ടെ ഈ ആവശ്യങ്ങളോടും സർക്കാർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
"ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഇത്തരം ഒരു ഇരുണ്ട യുഗം ഉണ്ടായിരുന്നു എന്ന് ഇന്നത്തെ യുവതലമുറ അറിയേണ്ടതില്ലേ? അടിയന്തരാവസ്ഥയുടെ ഭീകര ദിനങ്ങളെ എതിർത്തവരിൽ ഏറ്റവും പ്രധാനികൾ എന്ന നിലയ്ക്ക് അതിന് ഇടതുപക്ഷത്തിന് കൂടുതൽ ഉത്തരവാദിത്വമുണ്ടെന്ന് ഞങ്ങൾ കരുതുന്നു. അതുകൊണ്ടാണ് ഈ ചോദ്യങ്ങൾ അവർക്ക് നേരെ ഉയരുന്നത്. മറ്റ് പല സംസ്ഥാന സർക്കാരുകളും അടിയന്തരാവസ്ഥ തടവുകാർക്ക് അത്തരമൊരു അംഗീകാരം നൽകിയിട്ടുണ്ട്. കേരളത്തിലെ സർക്കാരിന് അവർക്ക് രാഷ്ട്രീയ തടവുകാർ എന്ന അംഗീകാരം നൽകാൻ എന്താണ് ഇത്ര മടി?," ഏകോപന സമിതി സെക്രട്ടറിയും അടിയന്തരാവസ്ഥ തടവുകാരനുമായ പിസി ഉണ്ണി ചെക്കൻ ചോദിക്കുന്നു.
മുൻവർഷങ്ങളിൽ എന്നപോലെ ഇത്തവണയും അടിയന്തരാവസ്ഥ തടവുകാരുടെ ഏകോപന സമിതി സെക്രട്ടേറിയറ്റിന് മുൻപിൽ ജൂൺ 26ന് അടിയന്തരാവസ്ഥ വിരുദ്ധ ദിനം ആചരിക്കും, വർഷങ്ങളായി അതിന് നേതൃത്വം കൊടുക്കുന്ന ധനുവച്ചപുരം സുകുമാരൻ പറയുന്നു.
അതേസമയം അടിയന്തരാവസ്ഥ തടവുകാർക്ക് പെൻഷൻ നൽകണമെന്ന ആവശ്യത്തോടെ വിയോജിക്കുന്നവരുമുണ്ട്. രാഷ്ട്രീയമായ ഒരു തീരുമാനത്തിന്റെ ഭാഗമായി ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടി പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായി മുന്നിട്ടിറങ്ങിയതാണ് ഇടതുപക്ഷം എന്നും അതിന് പെൻഷൻ എന്ന ഒരു വില നൽകേണ്ടതില്ലെന്നും ചില മുതിർന്ന ഇടതു നേതാക്കൾ പറയുന്നു. "രാഷ്ട്രീയമായി പറഞ്ഞാൽ പെൻഷൻ എന്ന ആവശ്യത്തോട് ഞാൻ യോജിക്കുന്നില്ല. രാഷ്ട്രത്തിനുവേണ്ടി നടത്തിയ ത്യാഗത്തിന് അങ്ങനെ വിലയിടുന്നത് ശരിയല്ല. എന്നാൽ തടവുകാരുടെ ചില സംഘടനകൾ അത്തരമൊരു ആവശ്യം ഉയർത്തിയിട്ടുണ്ടെന്ന് ശരിയാണ്," മുതിർന്ന സിപിഎം നേതാവും മുൻ സ്പീക്കറുമായ എം വിജയകുമാർ പറയുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഒരാഴ്ചയ്ക്കകം തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജിന്റെ മുന്നിൽ നിന്ന് അന്നത്തെ യുവ നേതാക്കളായ എം എ ബേബിക്കും ജി സുധാകരനും ഒപ്പം അടിയന്തരാവസ്ഥ വിരുദ്ധ ജാഥ നയിച്ചതിന് അറസ്റ്റിലായവരിൽ പ്രധാനിയാണ് എം. വിജയകുമാർ.
"അടിയന്തരാവസ്ഥ വിരുദ്ധ സമരം ഒരു പ്രത്യേക രാഷ്ട്രീയ കാലഘട്ടത്തിൽ ജനാധിപത്യ സംരക്ഷണത്തിനു വേണ്ടി നടത്തിയ സമരമാണ്. അതിൽ പങ്കെടുത്തവർ തങ്ങളെ ആധുനിക കാലത്തെ സ്വാതന്ത്ര്യ സമര സേനാനികൾ എന്ന് അംഗീകാരം തരണം എന്ന് ആവശ്യപ്പെടുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ അതിനു വേണ്ടി പെൻഷനും മറ്റ് ആനുകൂല്യങ്ങളും ചോദിക്കേണ്ടതില്ല എന്നാണ് പാർട്ടിയുടെ സുചിന്തിതമായ നിലപാട്," എംഎ ബേബി പറയുന്നു. രാജ്യത്ത് ഇന്ന് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ആവർത്തിക്കുന്നതിലൂടെ അടിയന്തരാവസ്ഥ തെറ്റായിരുന്നു എന്ന് ഭംഗ്യന്തരേണയെങ്കിലും കോൺഗ്രസ് സമ്മതിക്കുകയാണെന്ന് ബേബി പറഞ്ഞു.
എന്നാൽ പെൻഷനേക്കാൾ, പ്രധാനം അടിയന്തരാവസ്ഥ തടവുകാർക്ക് സ്വാതന്ത്ര്യ സമര സേനാനികൾക്ക് തുല്യമായ അംഗീകാരം നൽകുകയാണ് എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. "പെൻഷൻ എന്ന ആനുകൂല്യത്തിന് അപ്പുറത്ത് ഇത് അടിയന്തരാവസ്ഥക്കെതിരെ ഉള്ള പോരാട്ടത്തിൽ പങ്കെടുത്തവരുടെ ആത്മാഭിമാനത്തിന്റെ കൂടി കാര്യമാണ്. മിസ, ഡിഐആർ തടവുകാരായി അന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഏതാണ്ട് ആയിരം പേരായിരിക്കും ഇന്ന് ജീവിച്ചിരിപ്പുണ്ടാവുക," അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അതേ ദിവസം തന്നെ അറസ്റ്റിലായ അന്നത്തെ സി പി എം പേട്ട ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി കൂടിയായ ശരത്ചന്ദ്ര ബാബു ചൂണ്ടിക്കാണിക്കുന്നു.
അതേസമയം ഇക്കാര്യത്തിൽ കേന്ദ്രസർക്കാരാണ് തീരുമാനമെടുക്കേണ്ടത് എന്നാണ് ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫ് എമർജൻസി വിക്ടിംസ് എന്ന അടിയന്തരാവസ്ഥ ഇരകളുടെ സംഘടന ചൂണ്ടിക്കാണിക്കുന്നത്. ബി ജെ പിയോട് ആഭിമുഖ്യം പുലർത്തുന്ന ഈ സംഘടന കേരളത്തിലെ അടിയന്തരാവസ്ഥ തടവുകാരുടെ വിവരശേഖരണം നടത്തുകയും ചെയ്തിട്ടുണ്ട്. 2016 നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനു ശേഷം ഈ ആവശ്യം ഉന്നയിച്ച് സംഘടന പലതവണ പ്രധാനമന്ത്രിയെ നേരിട്ടും സംസ്ഥാനത്തെ ബിജെപി നേതാക്കൾ മുഖേനയും കേന്ദ്രമന്ത്രിമാർ വഴിയും സമീപിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ല.
അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടത്തെ ദേശീയ തലത്തിൽ തന്നെ രണ്ടാം സ്വാതന്ത്ര്യസമരമായി കണക്കാക്കണമെന്നും ഈ സമരത്തിൽ പങ്കെടുത്തവർക്ക് സ്വാതന്ത്ര്യ സമര സേനാനികൾക്ക് തുല്യമായ അംഗീകാരങ്ങൾ നൽകണമെന്നുമാണ് സംഘടന ആവശ്യപ്പെടുന്നത്. "അടിയന്തരാവസ്ഥ പോലെയുള്ള ഒരു ഇരുണ്ട കാലഘട്ടത്തിൽ ജനാധിപത്യത്തിന് വേണ്ടി സമരം ചെയ്ത ഇവരുടെ ത്യാഗത്തെ സർക്കാർ അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇക്കാര്യത്തിലുള്ള ഏതൊരു കാലതാമസവും തികച്ചും വേദനാജനകമാണ്," സംഘടന സെക്രട്ടറിയായ ആർ മോഹനൻ, പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
സംഘടനയുടെ കണക്ക് പ്രകാരം അടിയന്തരാവസ്ഥക്കെതിരെ സത്യാഗ്രഹത്തിൽ പങ്കെടുത്തവരും അറസ്റ്റ് ചെയ്യപ്പെട്ടവരും പല പൊലീസ് നടപടികളിലായി ജയിലിലായവരും മിസ തടവുകാരും ഉൾപ്പെടെ കേരളത്തിൽനിന്ന് 10425 പേരാണുള്ളത്. ഇവരിൽ ഏതാണ്ട് 5000ത്തോളം പേർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു.
അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ ബാന്ധവങ്ങളും കമ്മ്യൂണിസ്റ്റ് ആർഎസ്എസ് കൂട്ടുകെട്ടുണ്ടായിരുന്നോ എന്ന ചോദ്യവും കേരളരാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിക്കുമ്പോൾ മറുഭാഗത്ത് അന്നത്തെ ഇരകൾ കാത്തിരിക്കുകയാണ്. ജനാധിപത്യ രാഷ്ട്രത്തിൻറെ നിലനിൽപ്പിനുവേണ്ടി സ്വന്തം ജീവിതം തന്നെ ഹോമിച്ച അവർക്ക് വേണ്ടത് സർക്കാരിൻറെ താമ്രപത്രമല്ല. മറിച്ച് ഈ പോരാട്ടത്തിൽ തങ്ങളും പങ്കാളികളായിരുന്നു എന്ന അംഗീകാരം മാത്രം!
Ironically, in a first, the CPM plans to observe an anti-Emergency day on June 25 this year on the 50th anniversary of Emergency.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates