പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി file
Kerala

പറോട്ട ബീഫ് ഫ്രൈക്കൊപ്പം ഗ്രേവിയും വേണം; 'ആചാര സംരക്ഷണത്തിന്' കോടതി

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു തര്‍ക്കത്തില്‍, പൊറോട്ട പ്രേമികള്‍ക്ക് ആവേശം പകരുന്ന സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ച് കേരള സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

Author : വിദ്യാനന്ദന്‍ എംഎസ്‌

തിരുവനന്തപുരം: ഭക്ഷണലോകത്തെ വലിയൊരു നിയമപോരാട്ടം വഴിത്തിരിവിലേക്ക്. ഹോട്ടലുകൾ പറോട്ടക്കൊപ്പം ഗ്രേവി സൗജന്യമായി നൽകണോ എന്നതിലാണ് തർക്കം. ഫ്രീയായി കൊടുക്കേണ്ട ബാധ്യത ഹോട്ടലുകൾക്കില്ലെന്ന് വിധിച്ച എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷൻ ഇപ്പോൾ വെട്ടിലായിരിക്കുകയാണ്.

അപ്പീൽ അതോറിറ്റിയായ സംസ്ഥാന കമ്മീഷൻ ജില്ലാ കമ്മീഷന്റെ കണ്ടെത്തൽ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, നിശിതമായി വിമർശിക്കുകയും ചെയ്‌തു. ഡ്രൈ ഫുഡിന്റെ കൂടെ ഗ്രേവി നൽകണമോ വേണ്ടയോ എന്നത് ഹോട്ടൽ മേഖലയിൽ ദീർഘകാലമായി നിലനിൽക്കുന്ന പതിവുകൾ (lപരിശോധിച്ച് അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ തീരുമാനം എടുക്കാനാവൂ എന്നാണ് സംസ്ഥാന കമ്മീഷൻ കണ്ടെത്തിയത്.

അത് പരിശോധിക്കാതെ നിയമത്തിന്റെ സാങ്കേതികത്തം ചൂണ്ടിക്കാട്ടി ഉപഭോക്താവിന്റെ പരാതി തള്ളിയ ജില്ലാ കമ്മീഷന്റേത് 'ഉപഭോക്‌തൃ അനുകൂല' നടപടിയല്ലെന്ന് സംസ്ഥാന കമ്മീഷൻ പറഞ്ഞു. സംസ്ഥാന കമ്മീഷൻ പ്രസിഡന്റ് ജസ്റ്റിസ് ബി. സുധീന്ദ്ര കുമാർ, മെമ്പർ കെ. രാധാകൃഷ്ണൻ എന്നിവരുടെ ബെഞ്ചാണ് ഭക്ഷണപ്രിയർക്ക് ആവേശം പകരുന്ന ഉത്തരവ് പുറപ്പെടുവിച്ചത്.

2024 നവംബര്‍ 9ന് എറണാകുളം സ്വദേശിയും ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനുമായ ഷിബു എസ് സുഹൃത്തിനൊപ്പം കോലഞ്ചേരിയിലെ പേര്‍ഷ്യന്‍ ടേബിള്‍ എന്ന റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. പൊറോട്ടയും ബീഫ് ഫ്രൈയും ഓര്‍ഡര്‍ ചെയ്ത ഇവര്‍ക്ക് റെസ്റ്റോറന്റ് അധികൃതര്‍ ഗ്രേവി നല്‍കാന്‍ കൂട്ടാക്കിയില്ല. ഷിബുവിന്റെ പരാതിയെ തുടര്‍ന്ന് നവംബര്‍ 20ന് താലൂക്ക് സപ്ലൈ ഓഫീസര്‍ റെസ്റ്റോറന്റില്‍ പരിശോധന നടത്തുകയും ഗ്രേവി നല്‍കിയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സേവനത്തില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ച് ഷിബു ജില്ലാ ഉപഭോക്തൃ കമ്മീഷന് പരാതി നല്‍കി.

എന്നാല്‍, പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി നല്‍കാന്‍ റെസ്റ്റോറന്റിന് പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരുവിധ കരാര്‍ ബാധ്യതയുമില്ലെന്ന് ചൂണ്ടിക്കാട്ടി 2025 മേയ് 19ന് ജില്ലാ കമ്മീഷന്‍ ഈ പരാതി തള്ളിക്കളയുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ജസ്റ്റിസ് ബി സുധീന്ദ്ര കുമാര്‍, അംഗം കെആര്‍ രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ അപ്പീല്‍ ഹര്‍ജി പരിഗണിച്ചത്. ജില്ലാ കമ്മീഷന്റെ ഉത്തരവ് രണ്ട് കാരണങ്ങളാല്‍ നിലനില്‍ക്കില്ലെന്ന് സംസ്ഥാന കമ്മീഷന്‍ കണ്ടെത്തി

ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ള 21 ദിവസത്തെ സമയപരിധി കഴിഞ്ഞാണ് ജില്ലാ കമ്മീഷന്‍ പരാതി തള്ളിയത്. 2025 ഏപ്രില്‍ 25ന് ഫയല്‍ ചെയ്ത പരാതി മേയ് 19നാണ് ജില്ലാ കമ്മീഷന്‍ തള്ളിയത്. അതിനാല്‍ നിയമപരമായി ഈ പരാതി സ്വീകരിക്കപ്പെട്ടതായി കണക്കാക്കണമെന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നിരീക്ഷിച്ചു.

ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കൊപ്പം ഗ്രേവി വിളമ്പുന്നത് പണ്ടുമുതലേയുള്ള ഒരു പതിവാണോ, അത് റെസ്റ്റോറന്റുകളുടെ പരോക്ഷമായ ബാധ്യതയാണോ എന്നത് പൂര്‍ണ്ണമായും തെളിവുകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കേണ്ട കാര്യമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. തുടക്കത്തില്‍ തന്നെ ഇതില്‍ ജില്ലാ കമ്മീഷന്‍ വിധി പറഞ്ഞത് അകാലത്തിലുള്ളതും നീതീകരിക്കാനാവാത്തതുമാണെന്നും കമ്മീഷന്‍ വിലയിരുത്തി.

പരാതിയിന്മേല്‍ നിയമപ്രകാരം തുടര്‍നടപടികളുമായി മുന്നോട്ട് പോകാന്‍ ജില്ലാ കമ്മീഷനോട് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഉപഭോക്താക്കളുടെ പരാതികള്‍ നിയമപരമായി പരിഹരിക്കാന്‍ വേണ്ടി സ്ഥാപിച്ചിട്ടുള്ളതാണ് ഉപഭോക്തൃ കമ്മീഷനുകള്‍. എന്നിട്ടും ഈ വിഷയത്തില്‍ ഉപഭോക്താവിന് അനുകൂലമായ ഒരു സമീപനം സ്വീകരിക്കുന്നതില്‍ ജില്ലാ കമ്മീഷന് വീഴ്ച പറ്റിയെന്നും സംസ്ഥാന കമ്മീഷന്‍ നിരീക്ഷിച്ചു. ജൂലൈ 8-ന് ജില്ലാ കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ പരാതിക്കാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Crave free gravy? Kerala state consumer panel whets diners’ appetite

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എകെജി ഭവനില്‍ കയറാന്‍ എവിടെ നിന്നാണ് ധൈര്യം?, നെയിം ബോര്‍ഡും യൂണിഫോമും എവിടെ?'; പൊലീസ് ഉദ്യോഗസ്ഥയോട് തര്‍ക്കിച്ച് ജോണ്‍ ബ്രിട്ടാസ്

'അജു പറയുന്നത് കാര്യമായി എടുക്കാനിരുന്നാൽ ഞാൻ കുത്തുപാള എടുക്കും; അഭിനയം നിർത്തിക്കഴിഞ്ഞാൽ 'സിഎം' ആകാതെ എനിക്ക് വേറെ വഴിയില്ല'

റബ്ബര്‍ കർഷകർക്ക് 75,000 രൂപ ധനസഹായം! കൃഷി വകുപ്പിന്റെ 'കേര' പദ്ധതി

പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവം: മെറ്റ നൽകിയ വിശദീകരണം തള്ളി കേന്ദ്രം

ദിവസവും കാപ്പി കുടിക്കുന്നത് പിസിഒഎസ് ഉള്ളവർക്ക് നല്ലതാണോ? പഠനം