തിരുവനന്തപുരം: മലപ്പുറം വളാഞ്ചേരിയില്‍ നിപ(Nipha) വൈറസ് ബാധിച്ച വ്യക്തിയുടെ രണ്ടു സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഗുരുതര രോഗാവസ്ഥ തരണം ചെയ്തിട്ടില്ലെങ്കിലും രോഗിയുടെ ആരോഗ്യ സൂചകങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ രോഗിയുടെ രോഗാവസ്ഥ സംബന്ധിച്ച് അതിതീവ്ര പരിചരണ വിഭാഗത്തിലെ ഡോക്ടര്‍ ജിതേഷുമായി സംസാരിച്ചു. കഴിഞ്ഞ 14 ദിവസമായി രോഗി വെന്റിലേറ്ററിന്റെ സഹായം കൂടാതെയാണ് ശ്വാസോച്ഛ്വാസം ചെയ്യുന്നത്. ഇപ്പോള്‍ പൂര്‍ണമായും അന്തരീക്ഷവായുവാണ് ശ്വസിക്കുന്നത്, ഒരു ശ്വസന സഹായിയുടെ ആവശ്യമില്ല. ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ഓക്സിജന്‍ സാച്ചുറേഷന്‍ തുടങ്ങിയ അടിസ്ഥാന സൂചകങ്ങള്‍ എല്ലാം സാധാരണ നിലയിലാണ്. കരള്‍, വൃക്കകള്‍ തുടങ്ങിയ ആന്തരിക അവയവങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു. രോഗി ബോധത്തിലേക്ക് തിരിച്ചു വന്നിട്ടില്ലെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും പതിയെ മെച്ചപ്പെടുന്നുണ്ട്. ചിലപ്പോഴെങ്കിലും കണ്ണുകള്‍ ചലിപ്പിക്കുന്നുണ്ട്, രണ്ട് ദിവസമായി താടിയെല്ലുകള്‍ ചലിപ്പിക്കുകയും വേദനയോട് ചെറിയ രീതിയില്‍ പ്രതികരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. തുടര്‍ എംആര്‍ഐ പരിശോധനകളില്‍ അണുബാധ കാരണം തലച്ചോറില്‍ ഉണ്ടായ പരിക്കുകള്‍ ഭേദമായി വരുന്നതായും മന്ത്രി പറഞ്ഞു.
'കൂടുതല്‍ വ്യാപനമില്ലാതെ രോഗബാധ കെട്ടടങ്ങും എന്ന് കരുതുന്നു. ആദ്യ അണുബാധ കണ്ടെത്തിക്കഴിഞ്ഞ് ഒരു പൂര്‍ണമായ ഇന്‍കുബേഷന്‍ പീരീഡ് (ആദ്യ രോഗിയില്‍ നിന്നും മറ്റൊരാള്‍ക്ക് അണുബാധ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പ്രകടമാക്കാന്‍ എടുക്കുന്ന പരമാവധി സമയം) പിന്നിട്ടു കഴിഞ്ഞു. എങ്കിലും കോള്‍ സെന്ററും മറ്റ് സൗകര്യങ്ങളും കുറച്ച് നാള്‍ കൂടി തുടരേണ്ടി വരും.കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ണമായ ശാരീരിക മാനസിക ആരോഗ്യത്തോടുകൂടി രോഗിക്ക് വീട്ടിലേക്ക് മടങ്ങാന്‍ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു. പെരിന്തല്‍മണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിലെ ഡോക്ടര്‍ ജിതേഷ്, ഡോക്ടര്‍ വിജയ്, ഡോക്ടര്‍ മുജീബ് റഹ്മാന്‍, ഡോക്ടര്‍ ധരിത്രി (പള്‍മനോളജിസ്റ്) എന്നിവര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ക്രിട്ടിക്കല്‍ കെയര്‍ ടീം അംഗങ്ങളുടെയും പരിചരണനത്തിലാണ് രോഗി ഇപ്പോള്‍ ഉള്ളത്. തീവ്ര രോഗാവസ്ഥയിലുള്ള രോഗിയെ മൊറ്റൊരിടത്തേക്ക് മാറ്റാതെ അവര്‍ എവിടെയാണോ ഉള്ളത് അവിടെത്തന്നെ സംസ്ഥാന നിപ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം വിദഗ്ധ ചികിത്സ നല്‍കുക എന്നതാണ് നാം സ്വീകരിച്ച നയം. രോഗി അത്യാഹിത വിഭാഗത്തില്‍ തുടരുമ്പോള്‍ ഡോക്ടര്‍മാര്‍ ക്വാറന്റൈനിലേക്ക് പോകേണ്ട അവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം അനുസരിച്ച്, അവരെ പൂര്‍ണമായ അണുബാധ നിയന്ത്രണ സംവിധാനങ്ങള്‍ പാലിച്ചുകൊണ്ട് രോഗിയെ ചികിത്സിക്കാന്‍ അനുവദിക്കുകയായിരുന്നു.
പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങള്‍ നീങ്ങുകയാണെങ്കില്‍ നിപ ബാധ ഉണ്ടായ നമ്മുടെ സഹോദരിയെ ദിവസങ്ങള്‍ക്കുള്ളില്‍ അത്യാസന്ന വിഭാഗത്തില്‍ നിന്നും മാറ്റാനും പിന്നീട് പതിയെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരാനും നമുക്ക് ആകും. അങ്ങനെയെങ്കില്‍, ആദ്യ രോഗിയെ തന്നെ ചികിത്സിച്ച് രക്ഷപ്പെടുത്തുന്ന നമ്മുടെ രണ്ടാമത്തെ അനുഭവമായിരിക്കും അത്. ആദ്യമായി കേരളത്തില്‍ നിപ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രോഗത്തിന്റെ മരണനിരക്ക് 90% ത്തിന് മുകളില്‍ ആയിരുന്നു. ആഗോള തലത്തില്‍ ഇത് ഇതേ ശതമാനത്തില്‍ തുടര്‍ന്നു. എന്നാല്‍ കേരളത്തില്‍ വ്യാപകമായി ആന്റിവൈറല്‍ മരുന്നുകളും മോണോക്ലോണല്‍ ആന്റി ബോഡി ചികിത്സയും നല്‍കിവരുന്ന 2021 മുതല്‍ നിപയുടെ മരണനിരക്ക് കുറഞ്ഞ് വരികയാണ്. 2023ല്‍ ഇത് 33 ശതമാനമായി. ആദ്യ രോഗിയെ രക്ഷിച്ചെടുക്കുക എന്നത് ഇപ്പോഴും ഒരു അപൂര്‍വതയാണ്. പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ മെച്ചപ്പെട്ട ചികിത്സയോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് റംഡിസിവീര്‍ ഉള്‍പ്പെടെയുള്ള ആന്റിവൈറല്‍ മരുന്നുകളുടെ ചികിത്സയും ഐ സി എം ആര്‍ നിന്നും വരുത്തിയ മോണോക്ലോണല്‍ ആന്റി ബോഡി ചികിത്സയും രോഗിക്ക് നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates