കണ്ണൂര്‍: ചെറുപുഴ പ്രാപ്പൊയിലില്‍ എട്ടും പത്തും വയസുള്ള കുട്ടികളെ മദ്യലഹരിയില്‍ പിതാവ് അതി ക്രൂരമായി മര്‍ദിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. കുട്ടികളുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ മര്‍ദിക്കുകയും തലമുടിയില്‍ പിടിച്ച് വലിച്ച് തറയിലിട്ട് വലിച്ചിഴയ്ക്കുകയും അരിവാള്‍ കൊണ്ട് വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
കുട്ടിയുടെ പിതാവിനെ ഇന്ന് രാവിലെ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാളുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് ആരോഗ്യ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇടപെട്ടു. ശിശുക്ഷേമ സമിതിയോട് കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി. കേസ് കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് എംഎല്‍എ മാധ്യമങ്ങളോട് പ്രതികരിച്ചു.
കുട്ടികളെ ഏറ്റെടുക്കുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. എട്ടും പത്തും വയസ്സുള്ള രണ്ടു കുട്ടികളെയും കൗണ്‍സിലിങ്ങിന് വിധേയരാക്കാനും തീരുമാനമുണ്ട്. മന്ത്രി വീണാ ജോര്‍ജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് തീരുമാനം. മര്‍ദ്ദനമേറ്റ കുട്ടികള്‍ ഇപ്പോഴുള്ളത് കുടകിലെ പിതാവിന്റെ സഹോദരിയുടെ വീട്ടിലാണ്. പൊലീസ് നടപടികള്‍ കഴിഞ്ഞാല്‍ ഉടന്‍ കുട്ടികളുടെ സംരക്ഷണം സി ബ്ല്യു സി ഏറ്റെടുക്കും.
വിശദമായി പഠിച്ച ശേഷം മാത്രമേ അമ്മയ്ക്ക് കുട്ടികളെ വിട്ടുകൊടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ രവി വ്യക്തമാക്കി. ഇതിനിടെ എട്ടുവയസുകാരിയെ അച്ഛന്‍ നേരത്തെയും മര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കുട്ടിയുടെ അമ്മയുടെ സഹോദരി അനിത മാധ്യമങ്ങളോട് വ്യക്തമാക്കി. അമ്മയ്‌ക്കൊപ്പമായിരുന്ന കുട്ടികളെ അമ്മ ജോലിക്ക് പോയ സമയത്ത് പിതാവ് കൂട്ടിക്കൊണ്ടുപോയതാണ്. ഇയാള്‍ ഭാര്യയെയും മര്‍ദിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് കൊടുത്തിട്ടുണ്ടെന്നും അനിത പറഞ്ഞു.
മര്‍ദ്ദനത്തിന് ശേഷം പേടിച്ചു പോയ കുട്ടികള്‍ക്ക് ഉറക്കമില്ലെന്നും പഠിത്തം പോലും നടക്കുന്നില്ലെന്നും അനിത പൊലീസിനോട് പറഞ്ഞു. കുട്ടികളെ അതി ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ചെറുപുഴ പൊലീസ് കുട്ടികളുടെ പിതാവിനെ വിളിച്ച് വരുത്തി വിവരങ്ങള്‍ തേടിയെങ്കിലും ഭാര്യയെ ഭീഷണിപ്പെടുത്തുന്നതിനായി വ്യാജമായി ചിത്രീകരിച്ച വിഡിയോയാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിഡിയോ പ്രാങ്ക് അല്ലെന്നും യഥാര്‍ഥമാണമെന്നും മനസിലായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates