ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തിലിന് പറയാനുള്ളത് കേള്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം. ഇക്കാര്യത്തില്‍ നീണ്ട ചര്‍ച്ചകള്‍ വേണ്ടിവരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിക്കുന്നത്. രാഹുലിനെ കൂടി കേട്ടശേഷം മാത്രമേ അന്തിമ തീരുമാനം സ്വീകരിക്കൂ എന്നാണ് നേതൃത്വത്തിന്റെ നിലപാട്.
വിഷയം വളരെ ഗൗരവതരമാണന്നും തീരുമാനം വൈകില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. വിശദീകരണം നല്‍കാനുണ്ടെന്ന് പാര്‍ട്ടിയോട് രാഹുല്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളില്‍ പലരും രാഹുലിന്റെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ്.
രാജി അനിവാര്യമെന്ന് വനിത നേതാക്കളും ആവശ്യപ്പെട്ടു. കടുത്ത ആരോപണങ്ങള്‍ക്ക് പിന്നാലെ പാര്‍ട്ടില്‍ നേതാക്കള്‍ രാജി സൂചന നല്‍കുമ്പോഴും രാജിയില്ലെന്ന് സൂചന നല്‍കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. തന്നെ കുടുക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്നാണ് രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെച്ചാല്‍ പാലക്കാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയില്ല. രാജി വെച്ചാല്‍ ആറ് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് വ്യവസ്ഥയെങ്കിലും നിയമസഭയ്ക്ക് ഒരു വര്‍ഷമോ അതിലധികമോ കാലവധിയുണ്ടാകണമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ 151 എ വകുപ്പ് വ്യക്തമാക്കുന്നത്. രാഹുല്‍ രാജി വെച്ചാല്‍, നിയമസഭയുടെ കാലാവധി 9 മാസമേയുള്ളൂ. അതിനാല്‍ തെരഞ്ഞെടുപ്പ് നടത്താനാവില്ല. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് സമാനമായ രീതിയില്‍ ഒഴിവ് വന്ന അംബാല, പുനെ, ചന്ദ്രപ്പൂര്‍, ഗാസിപ്പൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ കമ്മീഷന്‍ ഉപ തെരഞ്ഞെടുപ്പ് നടത്തിയിരുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates