malappuram district map 
Kerala

ജനസംഖ്യ 44.8 ലക്ഷം, 'ഭരണ പ്രതിസന്ധി'; മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു

മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട പുതിയ നീക്കമാണ് മുസ്ലിം ലീഗിനെ ആവശ്യം ഔദ്യോഗികമായി ഉന്നയിക്കാന്‍ പ്രേരിപ്പിച്ചത്

Author : ലക്ഷ്മി ആതിര
Edited By : ബിജീഷ് ബാലകൃഷ്ണൻ

മലപ്പുറം: എറണാകുളം ജില്ല വിഭജിച്ച് മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല രൂപീകരിക്കുന്നതിന് മുഖ്യമന്ത്രി വിഡി സതീശന്‍ അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. ജില്ല വിഭജിക്കണമെന്ന ആവശ്യം ഉന്നയിച്ച് മലപ്പുറം യുഡിഎഫ് നേതൃത്വം നേരത്തെ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ല. മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട പുതിയ നീക്കമാണ് യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിനെ ആവശ്യം ഔദ്യോഗികമായി ഉന്നയിക്കാന്‍ പ്രേരിപ്പിച്ചത്.

2011ലെ സെന്‍സസ് പ്രകാരം 44.8 ലക്ഷം ജനസംഖ്യയുള്ള മലപ്പുറം, 32.28 ലക്ഷം ജനസംഖ്യയുള്ള എറണാകുളത്തേക്കാള്‍ ജനസംഖ്യയുള്ള ജില്ലയാണ്. ജനസംഖ്യയാണ് ജില്ല രൂപീകരണത്തിന്റെ മാനദണ്ഡമെങ്കില്‍ മലപ്പുറത്തെ മൂന്ന് ജില്ലകളായി വരെ വിഭജിക്കാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ജനസംഖ്യയും ഭരണപരമായ ആവശ്യകതകളും പരിഗണിച്ച് ജില്ലകള്‍ക്ക് സര്‍ക്കാര്‍ വിഭവങ്ങളും സൗകര്യങ്ങളും തുല്യമായി വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനതലത്തില്‍ അതിര്‍ത്തി പുനര്‍നിര്‍ണയത്തിനായി ഡിലിമിറ്റേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്നും മലപ്പുറത്തിന് ഇതില്‍ പ്രഥമ പരിഗണന ലഭിക്കുമെന്നുമാണ് ജില്ലയിലെ യുഡിഎഫ് നേതാക്കളുടെ പ്രതീക്ഷ. 'മലപ്പുറം വിഭജിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നതാണ്. രാഷ്ട്രീയ സമ്മര്‍ദം ചെലുത്താന്‍ താല്‍പര്യമില്ലാത്തതിനാലാണ് മുസ്ലിം ലീഗ് ഇക്കാര്യം ഔദ്യോഗികമായി ഉന്നയിക്കാതിരുന്നത്. എന്നാല്‍ ഓരോ ജില്ലയിലെയും ജനസംഖ്യയും വിഭവ വിതരണവും പരിശോധിക്കുന്നതിനായി സര്‍ക്കാര്‍ ഡിലിമിറ്റേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മലപ്പുറത്തിന് പ്രഥമ പരിഗണന ലഭിക്കുമെന്ന് ഉറപ്പുണ്ട്. ജനസംഖ്യയ്ക്കനുസരിച്ചുള്ള വിഭവങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ മലപ്പുറം ഭരണപരമായ പ്രതിസന്ധി നേരിടുന്നുണ്ട്. സതീശന്‍ സര്‍ക്കാര്‍ സ്വീകരിച്ച പുതിയ നിലപാട് ഈ വിഷയങ്ങളില്‍ അനുകൂലമായ പരിഹാരത്തിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷ' -മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് പറഞ്ഞു.

മലപ്പുറത്തിനും മൂവാറ്റുപുഴയ്ക്കും തുല്യ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വവും. 'മലപ്പുറം വിഭജിക്കുന്നതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ നേരത്തെ മുഖ്യമന്ത്രി വിഡി സതീശനെ കണ്ടിരുന്നു. അദ്ദേഹം ഞങ്ങളുടെ ആവശ്യത്തിന് ശക്തമായ പിന്തുണ അറിയിച്ചിട്ടുണ്ട്. ഡിലിമിറ്റേഷന്‍ കമ്മിറ്റി മലപ്പുറത്തിന് മുന്‍ഗണന നല്‍കുമെന്ന് ഉറപ്പുണ്ട്' -കെപിസിസി സെക്രട്ടറി കൂടിയായ മലപ്പുറം യുഡിഎഫ് കമ്മിറ്റി ചെയര്‍മാന്‍ കെപി അബ്ദുല്‍ മജീദ് പറഞ്ഞു.

അതേസമയം, മലപ്പുറം വിഭജന വിഷയത്തില്‍ സിപിഎം ഇതുവരെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, സമസ്തയുടെ ഇരു വിഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാഷ്ട്രീയ, മത സംഘടനകളും വര്‍ഷങ്ങളായി മലപ്പുറം വിഭജിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. മലപ്പുറം വിഭജിക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ച രാഷ്ട്രീയ പാര്‍ട്ടികളിലൊന്നാണ് എസ്ഡിപിഐ. സമസ്തയുടെ ഇരു വിഭാഗങ്ങളും ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മലപ്പുറം വിഭജിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.

Demand to bifurcate Malappuram district is gaining momentum again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് റെയില്‍വെ ഡിവിഷന്‍ വിഭജനം: തീരുമാനം പുനഃപരിശോധിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

കെഎസ്ആര്‍ടിസി എക്‌സിക്യുട്ടീവ് എസി വോള്‍വോ സര്‍വീസ് 'ഹിറ്റ്'; 671 രൂപക്ക് 'സൂപ്പര്‍ യാത്ര'

അര്‍ജന്റീനയോട് തോറ്റ് ഇന്ത്യ പുറത്ത്; പ്രധാനമന്ത്രിക്ക് കത്തയച്ച് വിഡി സതീശന്‍; ഉത്രാടപ്പാച്ചില്‍ മഴയില്‍ മുങ്ങും; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

അര്‍ജന്റീനയോട് തോറ്റു; ഇന്ത്യ ഹോക്കി ലോകകപ്പില്‍ നിന്ന് പുറത്ത്

നീറ്റ് പിജി പരീക്ഷ 30ന്; അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍