പാലക്കാട് : വടക്കഞ്ചേരിയിൽ സ്കൂൾ വിദ്യാർത്ഥികൾ അടക്കം ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കെഎസ്ആർടിസി ബസിനും പങ്കുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്. റോഡ് ഷോൾഡറിന്റെ അപാകം അപകടതീവ്രത വർധിപ്പിച്ചതായും പാലക്കാട് എൻഫോഴ്‌സ്‌മെന്റ് ആർടിഒ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ പറയുന്നു.
കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ദേശീയപാതയിലെ വളവിൽ നിർത്തി യാത്രക്കാരനെ ഇറക്കിയിരുന്നു. ഇതിനുശേഷം മുന്നോട്ടുനീങ്ങുമ്പോഴാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. ബസ് റോഡിൽ നിർത്തിയില്ലെന്ന കെഎസ്ആർടിസിയുടെ വാദം തള്ളുന്നതാണ് ആർടിഒയുടെ അന്തിമ റിപ്പോർട്ട്.
വാഹനങ്ങൾക്ക് തടസ്സമുണ്ടാകുംവിധം കെഎസ്ആർടിസി റോഡിൽ നിർത്തിയത് തെറ്റാണ്. എങ്കിലും അപകടത്തിന് പ്രധാനകാരണം ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ അമിതവേഗവും അലക്ഷ്യ ഡ്രൈവിങ്ങുമാണ്. വലത് ട്രാക്കിലൂടെ നീങ്ങിയ കാറിനെയും ഇടതുട്രാക്കിലൂടെ നീങ്ങിയ കെഎസ്ആർടിസി ബസിനെയും വളവിൽവെച്ച് ഒരേസമയം മറികടക്കാൻ ടൂറിസ്റ്റ് ബസ് ഡ്രൈവർ ശ്രമിച്ചുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
വേഗക്കൂടുതൽ കാരണം വളവ് തിരിയാൻ കൂടുതൽ സ്ഥലമെടുത്തതോടെ കണക്കുകൂട്ടൽ പിഴച്ചു. ഈ സമയം ടൂറിസ്റ്റ് ബസ് 97.72 കി.മീ. വേഗത്തിലായിരുന്നു. ബസിലെ ജിപിഎസിൽനിന്നുള്ള വിവരങ്ങൾ, നിരീക്ഷണ ക്യാമറകളിൽ നിന്നുള്ള വിവരങ്ങൾ എന്നിവ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ഇടിക്കുശേഷം ടൂറിസ്റ്റ് ബസ് റോഡരികിലെ മൺകൂനയിൽ കയറിയാണ് മറിഞ്ഞത്. തെരുവുവിളക്കുകളും ഇല്ലായിരുന്നു. കെഎസ്ആർടിസി ബസിന്റെ വേഗപ്പൂട്ട് വിച്ഛേദിച്ചതായും ഇരു ബസുകളിലും നിയമപ്രകാരമുള്ള റിഫ്ലക്ടീവ് സ്റ്റിക്കറുകൾ ഇല്ലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ക്കുപുറമേ കെഎസ്ആർടിസി ഡ്രൈവര്‍ക്കും പിഴവ് സംഭവിച്ചതായി നാറ്റ്പാക് പഠനറിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates