Minister V N Vasavan  ഫയൽ
Kerala

ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡ്; രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍

ശബരിമലയിലെ വികസനമാണ് അയ്യപ്പ സം​ഗമത്തിൽ ചർച്ച ചെയ്യുന്നതെന്ന് ദേവസ്വം മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം  തീരുമാനിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ഒരു വര്‍ഷം മുമ്പ് ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് നടത്താന്‍ തീരുമാനിച്ച ആശയമാണിത്. കഴിഞ്ഞ തീര്‍ത്ഥാടനകാലം കുറ്റമറ്റ രീതിയില്‍ നടത്താന്‍ കഴിഞ്ഞു. കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് ശബരിമലയിലെത്തിയ ശ്രീലങ്കയില്‍ നിന്നും സിംഗപ്പൂരില്‍ നിന്നുമുള്ള അയ്യപ്പ ഭക്തര്‍ ദേവസ്വം ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ട് സംസാരിച്ചു. അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിക്കാനായി ഒരു കൂട്ടായ്മ സംഘടിപ്പിക്കാമോയെന്ന് ചോദിച്ചിരുന്നുവെന്ന് മന്ത്രി വാസവന്‍ പറഞ്ഞു.

ഈ ആശയം കൂടി നേരത്തെയെടുത്ത തീരുമാനത്തിന് സഹായകരമായി വന്ന പശ്ചാത്തലത്തിലാണ് ദേവസ്വം ബോര്‍ഡ് അയ്യപ്പ സംഗമത്തിന് തീരുമാനമെടുത്തത്. ദേവസ്വം ബോര്‍ഡിന് ഒറ്റയ്ക്ക് നടത്താന്‍ കഴിയാത്തതിനാല്‍, സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനം കൂടി വേണം. അതിന് സര്‍ക്കാര്‍ സഹായിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെ രാഷ്ട്രീയമായിട്ടോ, മറ്റേതെങ്കിലും വിഭാഗീയമായിട്ടോ കാണേണ്ട പ്രശ്‌നമില്ലെന്ന് മന്ത്രി വാസവന്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് മൂന്നുകാര്യങ്ങളാണ് മുന്നോട്ടുവെക്കുന്നത്. അയ്യപ്പ സംഗമം നടക്കുന്നത് ശബരിമലയില്‍ അല്ല, പമ്പയിലാണ്. തിരുവനന്തപുരം എന്‍ജിനിയറിങ് കോളജ് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനുണ്ട്. ഹൈപ്പവര്‍ കമ്മിറ്റി അംഗീകരിച്ച പ്ലാനില്‍ 773 കോടി രൂപയുടെ വികസനം മൂന്നുഘട്ടങ്ങളിലായി ശബരിമലയിലും , 250 കോടിയുടെ വികസനം പമ്പയിലും നിലയ്ക്കലുമായി നടപ്പാക്കാനുള്ള പ്രോജക്ടാണ് നല്‍കിയിട്ടുള്ളത്. അത് മന്ത്രിസഭ അംഗീകരിച്ച് നടപ്പാക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.

ശബരിമല വിമാനത്താവളത്തിന് വേണ്ടിയുള്ള സ്ഥലമെടുപ്പും ഭാവി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു നീങ്ങുകയാണ്. ശബരിമല റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് ധാരണയായിട്ടുണ്ട്. ഇങ്ങനെ പുതിയ പശ്ചാത്തല സൗകര്യം വിദേശികളും സ്വദേശികളുമായ അയ്യപ്പ ഭക്തര്‍ക്ക് ഒരുക്കിക്കൊടുക്കുകയും നിലവില്‍ മുന്നോട്ടു വന്ന വികസനകാര്യങ്ങളും ചര്‍ച്ച ചെയ്യുക എന്നതാണ് അയ്യപ്പസംഗമത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. മറ്റൊന്ന് ശബരിമലയിലെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുകയെന്നതാണ്. മന്ത്രി വാസവന്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ ചെല്ലുന്ന ഏതൊരു തീര്‍ത്ഥാടകനും കാണുന്ന പ്രധാന വാക്യമാണ് തത്വമസി. ഭഗവാനും ഭക്തനും തമ്മില്‍ വ്യത്യാസമില്ല എന്നതാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ലോകത്ത് ഒരു തീര്‍ത്ഥാടനകേന്ദ്രത്തിലും ഇങ്ങനെയൊരു സന്ദേശമില്ല. അയ്യപ്പനെ കാണാന്‍ വരുന്നവരെയെല്ലാം അയ്യപ്പന്മാരെന്നാണ് വിളിക്കുന്നത്. ആ സന്ദേശം വിശ്വമാനവികതയുടേതാണ്. ആ സന്ദേശം ലോക തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റാന്‍ സഹായിക്കുന്ന സന്ദേശമാണ്. ശബരിമലയിലെ വികസനവും പശ്ചാത്തല സൗകര്യവും ഉറപ്പാക്കുന്നതിന്, ഭാവിയില്‍ വേണ്ടതെന്തെല്ലാം, തുടങ്ങിയ കാര്യങ്ങള്‍ സംഗമത്തിലെത്തിച്ചേരുന്ന പ്രതിനിധികളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ച് നടപ്പില്‍ വരുത്തുക എന്നതാണ് അയ്യപ്പ സംഗമത്തിന്റെ ഉദ്ദേശമെന്നും മന്ത്രി വാസവന്‍ കൂട്ടിച്ചേര്‍ത്തു.

സം​ഗമത്തെ രാഷ്ട്രീയമായി മറ്റു തരത്തിലൊന്നും വ്യാഖ്യാനിക്കേണ്ടതില്ല. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്നതിനായി ദേവസ്വം ബോര്‍ഡ് സഹായം അഭ്യര്‍ത്ഥിച്ചാല്‍ മതനിരപേക്ഷ സര്‍ക്കാര്‍ സഹായം ചെയ്തു കൊടുക്കേണ്ടതല്ലേ. അത് സര്‍ക്കാരിന്റെ ചുമതലയാണ്. ശബരിമലയില്‍ ഏറ്റവുമധികം തീര്‍ത്ഥാടകരെത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. അതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാലിനെ കണ്ടത്. മുഖ്യമന്ത്രിയെ ക്ഷണിക്കുന്നതിനായി ദേവസ്വം മന്ത്രി എന്ന നിലയിലാണ് താന്‍ ചെന്നൈയില്‍ പോയത്. താനൊറ്റയ്ക്കല്ല ദേവസ്വം കമ്മീഷണറും സെക്രട്ടറിയുമെല്ലാം ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് വരാന്‍ കഴിയില്ലെന്നും പകരം തമിഴ്‌നാട് ദേവസ്വം മന്ത്രി ശേഖര്‍ബാബു, ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ എന്നിവരെ അയക്കാമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വാസവന്‍ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ച് പ്രതിപക്ഷം കാര്യം മനസ്സിലാകാതെയാണ് പ്രതികരിക്കുന്നത്. പ്രതിപക്ഷം ഉന്നയിക്കുന്നത് രാഷ്ട്രീയമാണ്. ശബരിമലയുടെ വികസനമാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ മുഖ്യലക്ഷ്യം. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലം കോടതി നടപടികളുമായി ബന്ധപ്പെട്ട കാര്യമാണ്. സുപ്രീംകോടതിയുടെ മുന്നിലുള്ള വിഷയത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. ആ വിഷയത്തില്‍ ഇവിടെ ചര്‍ച്ചയില്ല. അതില്‍ സമയം വരുമ്പോള്‍ കൂടിയാലോചിച്ച് ചെയ്യും. ശബരിമല സമരവുമായി ബന്ധപ്പെട്ട ചെറിയ കേസുകള്‍ പിന്‍വലിച്ചു. നോണ്‍ ബെയ്‌ലബിള്‍ ആയ കേസുകള്‍ പിന്‍വലിക്കുന്നത് സര്‍ക്കാരിന് പറ്റില്ല. കോടതിയുടെ അനുമതിയോടെ മാത്രമേ അതിന് കഴിയൂ. ആ കേസുകള്‍ ഗൗരവത്തോടെ നടത്തുന്ന രീതിയല്ല ഇപ്പോള്‍ സര്‍ക്കാരിന്റേത്. കോടതിയുടെ അനുമതി കിട്ടിയാല്‍ അനുഭാവപൂര്‍വം ഓരോ കേസിന്റെയും മെറിറ്റ് നോക്കി പിന്‍വലിക്കുന്നതില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി വാസവന്‍ വ്യക്തമാക്കി.

Minister VN Vasavan said that the Travancore Devaswom Board decided to hold the global Ayyappa Sangam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

SCROLL FOR NEXT