കൊച്ചി: നാലായിരം കോടിയുടെ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നടന്ന ചടങ്ങില്‍ മൂന്നു വന്‍കിട പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഷിപ്പ് യാര്‍ഡിലെ പുതിയ ഡ്രൈഡോക്ക് രാജ്യത്തിന് അഭിമാനമാണ്. പുതിയ പദ്ധതികള്‍ വികസനത്തിന്റെ നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പുതിയ പദ്ധതികല്‍ യാഥാര്‍ത്ഥ്യമായതോടെ ചരക്കുകപ്പലുകള്‍ക്ക് കാത്തുകെട്ടിക്കിടക്കേണ്ട സാഹചര്യം ഒഴിവായി. കപ്പല്‍ അറ്റകുറ്റപ്പണിക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാകും. ഇതുവഴി കോടികള്‍ വിദേശത്തേക്ക് ഒഴുകുന്നത് നില്‍ക്കും. പദ്ധതികല്‍ ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി വികസനത്തിന് കുതിപ്പേകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര പരിഷ്‌കരണ നടപടികള്‍ കാരണം തുറമുഖ മേഖലയില്‍ നിക്ഷേപം വര്‍ധിച്ചു. തൊഴില്‍ അവസരം ഉയര്‍ന്നു. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്ക് ആണ് കൊച്ചിയിലേത്. പുതിയ പദ്ധതിയോടെ കൊച്ചി കപ്പല്‍ശാലയുടെ ശേഷി പലമടങ്ങായി വര്‍ധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ കേരളീയര്‍ക്കും എന്റെ നല്ല നമസ്‌കാരം എന്നു മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് നരേന്ദ്രമോദി പ്രസംഗം തുടങ്ങിയത്. ഇന്ന് ഭാഗ്യദിനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ഭാഗ്യം ലഭിച്ചു. തൃപ്രയാറിലെ രാമക്ഷേത്രത്തിലും ദര്‍ശനം നടത്താന്‍ സൗഭാഗ്യമുണ്ടായി. കേരളത്തിന്റെ വികസനോത്സവത്തില്‍ പങ്കെടുക്കാനും അവസരം കിട്ടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൊച്ചി കപ്പല്‍ശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണിശാല എന്നിവയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍ പി ജി ഇംപോര്‍ട്ട് ടെര്‍മിനലുമാണ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്.
വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ നേരിട്ട് വന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി പറഞ്ഞു. നാലിയരം കോടിയുടെ പദ്ധതികള്‍ കേരള മണ്ണില്‍ നിന്ന് സമര്‍പ്പിക്കുന്നത് നാടിനാകെ അഭിമാനകരമായ കാര്യമാണ്. ഡ്രൈ ഡോക്ക്, കപ്പല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റിയിലും കൂടി നാലായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഐഎസ്ആര്‍ഒ ദൗത്യങ്ങളില്‍ കേരളം നല്‍കിയ സംഭാവനകള്‍ മുഖ്യമന്ത്രി എടുത്തു പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ് സോനോവാള്‍, വി മുരളീധരന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
കൊച്ചി കപ്പല്‍ ശാലയില്‍ 1799 കോടി രൂപ ചിലവിലാണ് പുതിയ ഡ്രൈ ഡോക്ക് നിര്‍മ്മാണം പൂര്‍ത്തിയായത്. 970 കോടി രൂപ ചെലവഴിച്ചാണ് രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി ശാല ഒരുക്കിയത്. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയുടെ 42 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് അറ്റകുറ്റപ്പണിശാല സജ്ജമാക്കിയത്.
1236 കോടി രൂപ ചെലവഴിച്ചാണ് ഐഒസിയുടെ പുതിയ എല്‍ പി ജി ഇംപോര്‍ട്ട് ടെര്‍മിനല്‍ സ്ഥാപിച്ചിട്ടുള്ളത്. ഉച്ചയ്ക്കുശേഷം പ്രധാനമന്ത്രി എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബിജെപിയുടെ 'ശക്തികേന്ദ്ര പ്രമുഖരുടെ' യോഗത്തില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കൊച്ചിയില്‍ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates