തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ നടപ്പാക്കുന്ന ലോക്ക്ഡൗണിനുള്ള നിര്‍ദേശങ്ങള്‍ ഇന്നു വൈകിട്ടോടെ സര്‍ക്കാര്‍ പുറത്തിറക്കും. അവശ്യ സര്‍വീസുകള്‍ക്കു നിയന്ത്രണം ഉണ്ടാവില്ലെന്നും ഇന്നും നാളെയും തിരക്കു കൂട്ടേണ്ട കാര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലചരക്കും മറ്റ് അവശ്യവസ്തുക്കളും വാങ്ങിവയ്ക്കാന്‍ ജനങ്ങള്‍ തിരക്കു കൂട്ടുന്ന അവസ്ഥയുണ്ട്. ഇത് വേണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ പേരില്‍ തിരക്കു കൂട്ടി കോവിഡ് വ്യാപിക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്ന് അവര്‍ പറയുന്നു. ഏതെല്ലാം കടകള്‍ തുറക്കുമെന്നും ഏതെല്ലാം സര്‍വീസുകള്‍ ഉണ്ടാവുമെന്നുമുള്ള കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുന്നതോടെയേ വ്യക്തത വരൂ. കഴിഞ്ഞ വര്‍ഷത്തെ ലോക്ക് ഡൗണിലും അവശ്യ സര്‍വീസുകള്‍ അനുവദിച്ചിരുന്നു.
ലോക്ക്ഡൗണില്‍ പൊതുഗാതഗതം പൂര്‍ണമായി നിര്‍ത്തിവെക്കുമെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പിടിച്ചെടുക്കും. നേരത്തെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പൊതുഗതാഗതം വിലക്കിയിരുന്നു.
അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെ വിശദമായ ഉത്തരവിന് കാത്തിരിക്കുകയാണെന്ന് ദക്ഷിണ റെയില്‍വെ അധികൃതര്‍ അറിയിച്ചു. ട്രെയിന്‍ സര്‍വീസ് ഉണ്ടാകുമോ എന്ന കാര്യത്തില്‍ അന്തിമതീരുമാനം വൈകീട്ട് ഉണ്ടാകും.
അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ വിലക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ദക്ഷിണ റെയില്‍വെ സര്‍വീസുകള്‍ റദ്ദാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സംസ്ഥാനങ്ങള്‍ അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates