BJP: പാർട്ടിയുടെ അനുമതി ഇല്ലാതെ മാധ്യമങ്ങളോട് സംസാരിക്കാനോ പരാതി നൽകാനോ പാടില്ലെന്ന് ബി ജെ പി  
Kerala

"ഒരക്ഷരം മിണ്ടരുത്", മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കി ബി ജെ പി സർക്കുലർ,പാർട്ടിയിൽ അടിയന്തരാവസ്ഥയെന്ന് വിമർശനം

സംസാരിക്കാൻ പാടില്ല എന്ന് മാത്രമല്ല, പൊതു വിഷയങ്ങളിൽ പരാതി കൊടുക്കുന്നതും വ്യവഹാരങ്ങളിൽ ഏർപ്പെടുന്നതും ഈ സർക്കുലറിലൂടെ ബി ജെ പി വിലക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

നിലമ്പൂർ ഉപതെരഞ്ഞുടപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച അഭിപ്രായ വ്യത്യാസം മൂർച്ഛിക്കുന്നതിനിടെ കേരളത്തിലെ ബി ജെ പിയിൽ പുതിയ ശൈലിക്ക് വഴി തുറക്കുന്നു. സംസ്ഥാന അധ്യക്ഷ​ന്റെയോ സംസ്ഥാന മീഡിയ ചുമതലയുള്ള വ്യക്തിയുടെയോ ( മീഡിയാ പ്രഭാരി) മുൻകൂർ അനുമതി ഇല്ലാതെ ആരും മാധ്യമങ്ങളോട് സംസാരിക്കുകയോ അഭിമുഖം നൽകുകയോ ചർച്ചയിൽ പങ്കെടുക്കുയോ ചെയ്യാൻ പാടില്ലെന്നാണ് സർക്കുലർ.

സംസാരിക്കാൻ പാടില്ല എന്ന് മാത്രമല്ല, പൊതു വിഷയങ്ങളിൽ പരാതി കൊടുക്കുന്നതും വ്യവഹാരങ്ങളിൽ ഏർപ്പെടുന്നതും ഈ സർക്കുലറിലൂടെ ബി ജെ പി (BJP) വിലക്കിയിട്ടുണ്ട്. 26 -05-2025 എന്ന തിയ്യതി വച്ചാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീറി​ന്റെ പേരിലാണ് സർക്കുലർ ഇറങ്ങിയിരിക്കുന്നത്. പൊതുവിഷയങ്ങളിൽ പരാതി കൊടുക്കുന്നതിൽ നിന്നും ബി ജെ പിയുടെ പാർട്ടി ഭാരവാഹികളെയോ ജനപ്രതിനിധികളെയോ മാത്രമല്ല, അം​ഗങ്ങളെയും വിലക്കിയിട്ടുണ്ട്.

മാധ്യമങ്ങളോട് സംസാരിക്കുന്നതും അന്വേഷണ ഏജൻസികൾക്ക് പരാതി നൽകുന്നതും വിലക്കിക്കൊണ്ടുള്ള ബി ജെ പി സംസ്ഥാനകമ്മിറ്റി പുറത്തിറക്കിയ സർക്കുലർ

സർക്കുലറി​ന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്

നമസ്കാരം,

പാർട്ടിയുടെ മുൻകൂർ അനുമതിയില്ലാതെ ഭാരവാഹികളോ ജനപ്രതിനിധികളോ അം​ഗങ്ങളോ പൊതുവിഷയങ്ങളിൽ വ്യവഹാരങ്ങളിൽ ഏർപ്പെടാനോ അന്വേഷണ ഏജൻസികൾക്ക് മുന്നിൽ പരാതി നൽകാനോ പാടുള്ളതല്ല.

പാർട്ടി വക്താക്കളോ മീഡിയാ പാനലിസ്റ്റുകളോ അല്ലാതെ മറ്റാരും തന്നെ സംസ്ഥാന അധ്യക്ഷ​ന്റെയോ സംസ്ഥാന മീഡിയാ പ്രഭാരിയുടെയോ മുൻകൂർ അനുവാദം കൂടാതെ പൊതുവിഷയങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കാനോ അഭിമുഖം നടത്തുവാനോ ചർച്ചകളിൽ പങ്കെടുക്കുവാനോ പാടുള്ളതല്ല.

ഇത്രയുമാണ് ജനറൽ സെക്രട്ടഠി പി. സുധീർ ഒപ്പിട്ട സർക്കുലറിൽ വ്യക്തമാക്കിയിട്ടുള്ളത്.

കേരളത്തിൽ ബി ജെ പിക്കുള്ളിൽ വിഭാ​ഗീയതയും വിയോജിപ്പുകളും അതിതീവ്രമായി നിന്ന കാലത്തു പോലും മുൻകൂർ അനുമതി ഇല്ലാതെ മിണ്ടാൻ പാടില്ലെന്നും അന്വേഷണ ഏജൻസികൾക്ക് പരാതി നൽകാൻ പാടില്ലെന്നും ആരും പറഞ്ഞിട്ടുപോലുമില്ല. ഇപ്പോൾ ഇത്തരം കാര്യങ്ങളുമായി സർക്കുലർ ഇറക്കിയിട്ടുണ്ടെങ്കിൽ അത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ലെന്ന് ബി ജെ പിയുടെ ഒരു മുതിർന്ന നേതാവ് സമകാലിക മലയാളത്തോട് പറഞ്ഞു. പാർട്ടി ആരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിര് നിന്നിട്ടില്ല. അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കുലർ കണ്ടശേഷം കൂടുതൽ പ്രതികരിക്കാമെന്നും പറഞ്ഞു.

"കേരളത്തിൽ മാധ്യമങ്ങളോട് രാഷ്ട്രീയ പ്രവർത്തകർ സംസാരിക്കരുത് എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാകുന്നില്ല. പ്രത്യേകിച്ച് ഒരു ഉപതെരഞ്ഞടുപ്പ് നടക്കാൻ പോകുന്നു. തൊട്ടുപിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വരാൻ പോകുന്നു. സ്വാഭാവികമായും മാധ്യമങ്ങൾ അതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചോദിക്കും ജനങ്ങൾക്കും അറിയാൻ താൽപ്പര്യമുണ്ടാകും. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ മാധ്യമങ്ങൾ അഭിപ്രായം ചോദിക്കും. അവർ ചോദിക്കുക, അവർക്കും ജനങ്ങൾക്കും അറിയാവുന്ന നേതാക്കളോടായിരിക്കും. അല്ലെങ്കിൽ അവർ വിളിച്ചാൽ വ്യക്തമായി പ്രതികരിക്കുന്ന നേതാക്കളോടായിരിക്കും അത് സ്വാഭാവികമാണ്. പി കെ കൃഷ്ണദാസും, വി. മുരളീധരനും, എം ടി രമേശും, കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനുമൊക്കെ ജനങ്ങൾക്കും മാധ്യമങ്ങൾക്കും അറിയാവുന്നവരും വ്യക്തമായും പാർട്ടി നിലപാട് പറയാൻ അറിയാവുന്നവരുമാണ്.അവരോടായിരിക്കുമല്ലോ പൊതുവിൽ നിങ്ങൾ മാധ്യമ പ്രവർത്തകർ അഭിപ്രായം ചോദിക്കുക. എന്തിനുള്ള വിലക്കാണ് ഇതെന്ന് അറിയില്ല. " ജില്ലാതലത്തിലുള്ള ഒരു ബി ജെ പി പ്രവർത്തകൻ അഭിപ്രായപ്പെട്ടു

"പൊതുതാൽപ്പര്യമുള്ള കാര്യങ്ങളിൽ അന്വേഷണ ഏജൻസികൾക്ക് പരാതി നൽകുന്നതിൽ നിന്നും കേസ് എടുക്കുന്നതിൽ നിന്നും സാധാരണ അം​ഗങ്ങളെപോലും തടയുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല. പൊതുതാൽപ്പര്യമുള്ള വിഷയങ്ങളിൽ ഇടപെട്ടുകൊണ്ടല്ലേ പാർട്ടി മുന്നോട്ട് പോകുന്നതും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുന്നതും. സാധാരണ അം​ഗങ്ങൾ മുതൽ നേതാക്കൾ വരെ അങ്ങനെയാണല്ലോ ചെയ്യുന്നത്. ഇപ്പോൾ ഇങ്ങനെ പറയുന്നതിന് കാരണമെന്താണ് എന്നറിയില്ല. ഇനി പാർട്ടിയിൽ അടിയന്തരാവസ്ഥ വല്ലതും പ്രഖ്യാപിച്ചോ എന്നറിയില്ല" എന്നാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് സമകാലിക മലയാളത്തോട് സംസാരിച്ച ബി ജെ പി നേതാക്കൾ അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT