തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധി സംബന്ധിച്ച് ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ ഹാരിസ് ചിറക്കല്‍. ഉപകരണങ്ങള്‍ വാങ്ങുന്നതിലുണ്ടായ കാലതാമസം സാങ്കേതികം മാത്രമാണെന്നും ഒറ്റദിവസം മാത്രമാണ് പ്രശ്നമുണ്ടായതെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യവകുപ്പിന്റെ വിശദീകരണത്തിന് പിന്നാലെ ഡോ. ഹാരിസ് ഫെയിസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍, താന്‍ ഉന്നയിച്ച വിഷയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഡോ. ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു. പോസ്റ്റിലെ പരാമര്‍ശങ്ങളില്‍ നിന്ന് പിന്നോട്ട് പോകുന്നില്ല. ഇതേ വിഷയം ആരോഗ്യ മന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടെ അറിയിച്ചിരുന്നു. എന്നാല്‍ പരിഹരിക്കപ്പെട്ടില്ല. ഡിഎംഇ ഉള്‍പ്പെടെ ആവശ്യപ്പെട്ടത് പ്രകാരമാണ് പോസ്റ്റ് പിന്‍വലിച്ചത്. പ്രശ്‌നം പരിഹരിക്കാം എന്ന് അറിയിച്ചതായും ഡോ. ഹാരിസ് പ്രതികരിച്ചു.
താന്‍ ഉന്നയിച്ച വിഷയങ്ങള്‍ തള്ളിയ ഡിഎംഇയുടെ വാദം തെറ്റാണെന്നും ഡോ. ഹാരിസ് വ്യക്തമാക്കുന്നു. ഇന്നലെ ശസ്ത്രക്രിയ നടന്നു എന്ന ഡിഎംഇയുടെ വാദം തെറ്റാണ്. ഉപകരണം ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയ മാറ്റുകയാണ് ഉണ്ടായത്. ഇത്തരം വൈറ്റ് വാഷാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നും ഡോ. ഹാരിസ് മാധ്യമങ്ങളോട് വ്യക്തമാക്കി. അസൗകര്യങ്ങള്‍ക്കിടയില്‍ സര്‍വീസ് തുടരുന്നതില്‍ പോലും താത്പര്യമില്ലാത്ത അവസ്ഥയിലെത്തിച്ചു. തുറന്ന് പറച്ചിലില്‍ നടപടി ഉണ്ടായാല്‍ അത് കാര്യമാക്കുന്നില്ലെന്നും ഡോ. ഹാരിസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രതികരണം വിവാദമായ പശ്ചാത്തത്തില്‍ ഡോ. ഹാരിസ് ചിറക്കലിനെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യൂറോളജി വിഭാഗം മേധാവിയ്ക്ക് എതിരെ വകുപ്പ് തല നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിഎംഇയുടെ പ്രതികരണവും ഇതിനുള്ള ശക്തമായ സൂചന നല്‍കുന്നു. ഡോ. ഹാരിസിന്റെ പ്രതികരണം ആരോഗ്യ സംവിധാനത്തെ നാണം കെടുത്തുന്നതിന് വഴിവച്ചെന്നും വിഷയത്തില്‍ വിശദീകരണം തേടുമെന്നും ഡിഎംഇ ഡോ.വിശ്വനാഥൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നാല് ശസ്ത്രക്രിയകൾ നടത്തിയിരുന്നു. ഒരെണ്ണം മാത്രമാണ് മുടങ്ങിയത്. അത് ഉപകരണത്തിന്റെ തകരാർ കാരണമാണ്, മറ്റ് വകുപ്പ് മേധാവികൾക്കൊന്നും ഇത്തരത്തിൽ ഒരു പരാതിയില്ലെന്നും വിഷയം ആരോഗ്യവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും ഡിഎംഇ വിശദീകരിച്ചു.
Dr. Haris Chirakkal s Claims of Surgical Equipment Shortage at Medical College Thiruvanathapuram, Faces Potential Disciplinary Action
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates