ആലപ്പുഴ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയുടെ അനുഭവം പങ്കുവച്ച് ഡോ. ഷിംന അസീസ്. അസാധ്യ മനുഷ്യനെന്ന് തോന്നിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും ചെന്നിത്തല അക്ഷരാര്‍ഥത്തില്‍ നേതാവ് ആണെന്നും ഷിംന അസീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു,
'ഏതായാലും തിരുവനന്തപുരം വരെ ചെല്ലേണ്ടി വന്നില്ല, ഹരിപ്പാട്, സിംഹത്തിന്റെ മടയില്‍ ചെന്നു തന്നെ ഓപ്പറേഷന്‍ തൂഫാന്‍ വാര്യര്‍ പട്ടം ഏറ്റു വാങ്ങിയിട്ടുണ്ട്. കുറച്ചു ബിഹാര്‍ വിശേഷങ്ങളും കുറേ തൂഫാന്‍ കഥകളും പറഞ്ഞിട്ടുണ്ട്. വടവൃക്ഷമായാലും വേര് മണ്ണില്‍ ആഴത്തില്‍ തന്നെ വേണമെന്ന് മനസ്സില്‍ ഊട്ടിയുറപ്പിച്ചു തന്നു' - കുറിപ്പില്‍ പറയുന്നു.
ഡോ. ഷിംന അസീസിന്റെ കുറിപ്പ്
ഓഗസ്റ്റ് രണ്ടാം തിയ്യതി, ജോർജ്കുട്ടി ധ്യാനം കൂടാൻ തൊടുപുഴക്ക് പോയ അതേ ദിവസം, ഇരുചെവിയറിയാതെ രായ്ക്കുരാമാനം സ്ലീപ്പർ ബസ് പിടിച്ച് മഞ്ചേരിയിൽ നിന്ന് ഞാനും തിരുവനന്തപുരത്തേക്ക് വെച്ച് പിടിച്ചു. ഇത്തവണ അജണ്ടയിൽ ഹോം മിനിസ്റ്ററുമായി ഒരു കൂടിക്കാഴ്ച കൂടിയുണ്ടായിരുന്നു.
കുറച്ച് ആഴ്ചകൾക്ക് മുന്നേ, ശ്രീ. രമേശ് ചെന്നിത്തലയുടെ അണലിയെക്കൊണ്ട് കൊത്തിക്കൽ പ്രസ്താവനയും, തുടർന്നുള്ള തിരുത്തും, കൂട്ടത്തിലൊരു സർപ്രൈസായി ഓപ്പറേഷൻ തൂഫാൻ വാര്യർ ക്ഷണവുമൊക്കെ നടന്ന ശേഷം ആദ്യമായി വെക്കേഷന് നാട്ടിൽ വന്നതായിരുന്നു.
അന്ന് പോസ്റ്റ് ഇട്ട ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന കഴിഞ്ഞ നവംബറിലോ മറ്റോ പറഞ്ഞതാണ് എന്ന് എന്നോട് സുഹൃത്തുക്കൾ സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ തിരുത്തൽ പോസ്റ്റ് വന്നപ്പോൾ ഫോണിൽ സംസാരിച്ചിരുന്നു. പഴയ പ്രസ്താവന ആണെന്ന് വൈകിയാണ് അറിഞ്ഞത് എന്ന് ഒരൽപം ആശങ്കയോടെ തന്നെ സൂചിപ്പിച്ചു. "അല്ല ഡോക്ടറെ ഞാൻ ഈയിടെ ആ തെറ്റ് വീണ്ടും ആവർത്തിച്ചിരുന്നു, അതാണ് ന്യൂസ് ആയത്. എന്നെ തിരുത്തിയത് നന്നായി" എന്ന് അദ്ദേഹത്തിന്റെ മറുപടി. ഞാനോർത്തത് ഇത്രയും ഉന്നതപദവിയിലുള്ളൊരു വ്യക്തി ഒരു ഈഗോയുമില്ലാത്ത, ന്യായീകരിക്കാൻ മെനക്കേടാതെ എന്തിന് എന്നോട് ഇത് ആവർത്തിച്ച് സമ്മതിക്കുന്നുവെന്നാണ്. RC മനസ്സിലെ ആദരവിന്റെ പുസ്തകത്തിൽ കയറിപ്പറ്റിയെന്ന് മാത്രമല്ല, പറ്റുമെങ്കിൽ നേരിട്ട് കാണണമെന്ന് ഉറപ്പിച്ചതും ഇതിനാലാണ്.
ഏതായാലും തിരുവനന്തപുരം വരെ ചെല്ലേണ്ടി വന്നില്ല, ഹരിപ്പാട്, സിംഹത്തിന്റെ മടയിൽ ചെന്നു തന്നെ ഓപ്പറേഷൻ തൂഫാൻ വാര്യർ പട്ടം ഏറ്റു വാങ്ങിയിട്ടുണ്ട്. കുറച്ചു ബിഹാർ വിശേഷങ്ങളും കുറേ തൂഫാൻ കഥകളും പറഞ്ഞിട്ടുണ്ട്. വടവൃക്ഷമായാലും വേര് മണ്ണിൽ ആഴത്തിൽ തന്നെ വേണമെന്ന് മനസ്സിൽ ഊട്ടിയുറപ്പിച്ചു തന്നു ശ്രീ. രമേശ് ചെന്നിത്തലയുടെ പെരുമാറ്റം. അസാധ്യമനുഷ്യൻ, അക്ഷരാർത്ഥത്തിൽ നേതാവ്.
ദാറ്റ് സന്തോഷം മൊമന്റ്സ് കഴിഞ്ഞ് ഹരിപ്പാട് നിന്നും തലസ്ഥാനം വരെ സുഹൃത്തിനൊപ്പം രസമുള്ളൊരു മഴ പൊതിഞ്ഞ ലോങ്ങ് ഡ്രൈവ് കിട്ടി. മാവേലിക്കരയിൽ നിന്നും തിളച്ച എണ്ണകുമിളകൾ തുള്ളിക്കളിക്കുന്ന ക്രിസ്പി മത്തി വറുത്തതും കൂട്ടി തനിനാടൻ വീട്ടിലെ ഊണ്, ഇന്ത്യൻ കോഫി ഹൗസിലെ ചിക്കൻ ഓംലറ്റും കാപ്പിയും, ശ്രീചിത്രയിലെ പിജിക്കാലം ഓർമ്മിപ്പിച്ച് ഹാജി അലിയിലെ ഛാട്ടും ജ്യൂസും ഒക്കെയായി ബിഹാറിൽ ചെന്നാൽ സ്വപ്‌നത്തിൽ മാത്രം കാണാനാവുന്ന ഫൂഡ് കഴിച്ചു. രണ്ട് ദിവസങ്ങളിൽ കുറേ കുറേ കൂട്ടുകാരുമായി കൂടിക്കാഴ്ചകൾ, പല വിധ ചർച്ചകൾ ... സ്വയം പ്രേമിച്ചു തകർത്ത, ഒന്നര ക്വിന്റൽ സന്തോഷം കിട്ടിയൊരു തിരുവനന്തപുരം യാത്ര.
രാത്രി തനിയെ നടക്കാനിറങ്ങി അമ്പലത്തിനും മസ്‌ജിദിനും ഇടയിലുള്ള പാളയത്തെ ഹാജി അലി ജ്യൂസ് ഷോപ്പിൽ പോയി. ഒരുപാട് നല്ലോർമ്മകൾ ഉള്ളയിടം. പിജിക്ക് പഠിച്ചിരുന്നപ്പോൾ മുതൽ കാണാറുള്ള ഒരു യുപിക്കാരൻ ഭൈയ്യ അവിടെയുണ്ട്. ഞാൻ കേരളത്തിൽ നിന്ന് പോവും മുന്നേയുള്ള എന്റെ അതിദാരുണമായ മുറിഹിന്ദിയും, ഇപ്പോൾ യുപി/ബിഹാർ സ്ലാങ് ഫ്ലൂവന്റ് ഹിന്ദിയും കൈയിലുള്ള വകയിൽ മ്മളെ കമ്പനിയാണ് മൂപ്പര്. മൂന്ന് വർഷത്തിന് ശേഷം കണ്ട വിശേഷം പറച്ചിലിൽ എന്നോടു ഭോജ്പുരി പറഞ്ഞപ്പോൾ "ഹം ആപ്കെ ഭാസ നഹി ബുജൈ ഛീ" എന്ന് സമസ്തിപൂർ സ്റ്റൈൽ മൈഥിലി സംസാരിച്ചതിന് ഒരുപാട് ആസ്വദിച്ചു ചിരിച്ചു കക്ഷി. മൂപ്പരാണ് ഇക്കുറി എനിക്ക് കഴിക്കാനുള്ള ഐറ്റംസ് സജസ്റ്റ് ചെയ്ത് സ്നേഹപൂർവ്വം വിളമ്പിയത്.
ഭയ്യ കൊണ്ടുത്തന്ന പേരക്ക ജ്യൂസ് കുടിച്ച്, കുട മടക്കി ബാഗിലാക്കി റോഡ് ക്രോസ് ചെയ്തു. നേരിയ മഴയുണ്ട്, എനിക്കിഷ്ടമാണത് നനയാൻ. പാളയത്ത് ഇഷാഅ് നമസ്കാരത്തിന്റെ ശ്രവണസുന്ദരമായ ഖുർആൻ സൂക്തങ്ങൾ സാകൂതം ശ്രവിക്കുന്ന ഗണേശന്റെ ആനചെവിയും പുഞ്ചിരിയും നോക്കി സ്വയം മറന്ന് നമ്മുടെ നാടിന്റെ സമാധാനം തെരുവുവിളക്കുകളുടെ ശോഭയിൽ ആസ്വദിക്കുകയായിരുന്നു. റോഡിലെ ടാറിൽ ജലം ഒരു തിളങ്ങുന്ന കാൻവാസ് തയ്യാറാക്കിയിരുന്നു, അതിൽ പല നിറമുള്ള കാഴ്ചകൾ. അതിലേ പോകുന്ന വാഹനങ്ങളും പലവർണത്തിലെ വെളിച്ചവും മനുഷ്യരുമെല്ലാം എനിക്ക് മുന്നിൽ റീപ്ലേ ആകും പോലെ, രണ്ട് തവണയായിട്ട്...
ഇതൊന്നും സങ്കൽപിക്കാൻ പോലും പറ്റാത്ത നാട്ടിൽ മൂന്ന് വർഷമായി ജീവിക്കുന്ന എനിക്ക് കർത്താവും ഗണപതിയും അല്ലാഹുവും അയൽപക്കക്കാരായി "സ്സപ് ബ്രോ?" മൂഡിൽ നിൽക്കുന്നയിടം തരുന്ന സായൂജ്യം എങ്ങനെയിവിടെ എഴുതി ഫലിപ്പിക്കുമെന്നറിയില്ല.
എന്റേതായ കുറേപ്പേരെ കണ്ടു. കാണാമെന്ന് പറഞ്ഞ രണ്ടാളെ മിസ്സായ ഗ്യാപ്പിൽ പോയി മുൻപോസ്റ്റിൽ എല്ലാവരും പറഞ്ഞു കൊതിപ്പിച്ച ഓഡീസി സിനിമ IMAX അനുഭവത്തിനായി വീണ്ടും കണ്ടു. ക്രിസ്റ്റഫർ നോളന്റെ അതിഗംഭീര ക്രാഫ്റ്റ് ഇക്കുറി ഞാൻ അതിലെ പെണ്ണുങ്ങളുടെ കണ്ണിലൂടെയാണ് കണ്ടത്. "പുരുഷന്മാർ അവർ തിരഞ്ഞെടുക്കുന്നത് ചെയ്യുന്നു, സ്ത്രീ അവളെക്കൊണ്ട് സാധിക്കുന്നത് ചെയ്യുന്നു" എന്ന് പറയുന്ന പെനലോപ്പി തന്നെയാണ് സ്വയവും, രാജ്യവും, നൽകിയ വാഗ്ദാനങ്ങളും, നെഞ്ച് നിറയെ സ്നേഹവും മുറുകെപ്പിടിച്ച് ഓഡീസിയസ് തിരിച്ചെത്തും വരെ കാത്തിരിക്കുന്നത്. ആ പ്രണയത്തിന് സ്യൂസ് ദേവനും അഥീനയും സൂര്യദേവനും കടൽ കാക്കുന്ന പൊസൈഡനും ഒക്കെ രാപ്പകൽ കാവലിരുന്നിരിക്കാം. ഡയലോഗുകളും പല ഡീറ്റെയിൽസും രണ്ടാം കാഴ്ചയിലാണ് ശ്രദ്ധിച്ചത്. മനുഷ്യബന്ധങ്ങൾക്ക് ഒരു തരിയെങ്കിലും വില കൽപ്പിക്കുന്നവർക്ക് അവഗണിക്കാനാവാത്ത പലതുമാണ് ആ കഥാപാത്രങ്ങൾ പറഞ്ഞു വെക്കുന്നത്.
കഴിഞ്ഞു വെക്കേഷൻ. എത്രയാണ് യാത്ര ചെയ്തത്! പന്ത്രണ്ട് ദിവസത്തിൽ ഏഴ് ജില്ലകളിൽ പോയി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പാതിയോളം ദൂരം മക്കളും കൂടെയുണ്ടായിരുന്നു. കേരളം ഒരിക്കലും തളർച്ചയും സുരക്ഷക്കുറവും തോന്നിക്കാറില്ല. പോയിടമൊന്നും മഴ പ്രളയമായിരുന്നില്ല. പോകാറായപ്പഴേക്ക് എങ്ങാണ്ടൊക്കെയോ വെള്ളം കയറിയിരുന്നു, സങ്കടങ്ങൾ കേട്ടു തുടങ്ങിയിരുന്നു. നിസ്സഹായയായി മടങ്ങുന്നു... അതിർത്തിക്കുള്ളിലെങ്കിലും പ്രവാസമാണ്, പ്രയാസമാണ്.
തിരുവനന്തപുരം എയർപോർട്ടിൽ വെച്ച് നാട് വിടേണ്ടതിന്റെ വിങ്ങലിൽ കണ്ണ് നിറയുമെന്ന ഭീതിയിൽ നിൽക്കുമ്പോൾ വീൽചെയറിൽ ഇരുന്ന് നിറയെ മിണ്ടിയ ടീച്ചറമ്മൂമ്മ തന്ന അനുഗ്രഹച്ചിരി ആയിരുന്നു ഇത്തവണത്തെ ഡിസർട്ട്, അവസാന തുള്ളി മധുരം. കറുപ്പിൽ മറൂൺ മാങ്ങ ഡിസൈൻ ഉള്ള കോട്ടൺ സാരി ഉടുത്ത്, വണ്ണം കുറഞ്ഞ ചെയിനും കറുത്ത മുത്തുമാലയുമിട്ട് നെറ്റിയിൽ നേരിയ ചന്ദനക്കുറിയുമായി ചന്തമുള്ളവർ. പഠിപ്പിച്ച കുട്ടികളിൽ കുറേപേർ ഡോക്ടർമാരായ അഭിമാനം തമിഴിൽ പെയ്തുതിർത്തു ആ ഗ്രേസ്ഫുൾ അമ്മൂമ്മ.
ഇപ്പോൾ സമസ്തിപൂരിലെ അടഞ്ഞ വാതിലിനകത്ത് വന്ന് കയറിയിരിക്കുന്നു. വീണ്ടും"കേ ഹാൽ ഛോ" കുശലങ്ങളിലേക്ക്. ഇനിയുള്ള മൂന്നാല് ദിവസം നിർത്താത്ത ഹോണടിയും തുപ്പി ചുവന്ന നിലവും നാടല്ലെന്ന് പറഞ്ഞു മനസ്സിലാക്കി തന്ന് പരുവപ്പെടുത്തി എന്നെ ബിഹാറിൻ്റേതാക്കുന്നതിലേക്ക്.
പിന്നെയെല്ലാം മനസ്സ് ഉൾക്കൊണ്ടോളും. ഓഡീസിയസിന്റെ പായ്ക്കപ്പൽ പോലെ കാറ്റും ഒഴുക്കും നോക്കിയൊഴുകി ഇടക്ക് ഉലഞ്ഞും അടർന്നും വീണ്ടും കൂടിച്ചേർന്നും ഇനിയും വീടണയും വരെ നടുക്കടലിൽ...
നാടിനെയും എന്റെ മനുഷ്യരെയും വല്ലാതെ മിസ് ചെയ്യുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates