തൃശൂർ: പൃഥ്വിരാജ് ചിത്രം 'റോബിൻ ഹുഡ്' കണ്ട് പ്രചോദനമുൾക്കൊണ്ട് എടിഎം മോഷണത്തിനു ശ്രമിച്ചയാൾ അറസ്റ്റിൽ. പാലക്കാട് സ്വദേശിയായ 37കാരൻ രഞ്ജിത് കുമാറാണു പിടിയിലായത്. ഇന്റർനെറ്റിൽ തിരഞ്ഞ് എടിഎം മെഷീനുകളുടെ പ്രത്യേകതകളും സുരക്ഷയും മനസിലാക്കിയതിന് ശേഷമാണ് രഞ്ജിത് മോഷണത്തിനിറങ്ങിയത്. പൊലീസ് നൈറ്റ് പട്രോൾ സംഘങ്ങളെ നിരീക്ഷിച്ച് ഉദ്യോഗസ്ഥർ ഇല്ലെന്ന് ഉറപ്പാക്കിയതിന് ശേഷമായിരുന്നു ഇയാളുടെ ഓപ്പറേഷനുകൾ.
പൃഥ്വിരാജ് നായകനായി 2009ൽ പുറത്തിറങ്ങിയ റോബിൻഹുഡ് എന്ന ചിത്രത്തിന്റെ ഇതിവൃത്തവും എടിഎം മോഷണമായിരുന്നു. സച്ചി-സേതു രചിച്ച് ജോഷി സംവിധാനം ചെയ്ത ചിത്രം കണ്ടാണ് രഞ്ജിത് മോഷണത്തിന് പദ്ധതി മെനഞ്ഞത്. വർഷങ്ങളായി ആലുവ കേന്ദ്രീകരിച്ചാണ് രഞ്ജിത് താമസിക്കുന്നത്. അയൽവാസികളെയും വീട്ടുടമയേയും ടാക്‌സി സർവീസ് കമ്പനി ഉടമയാണെന്നാണ് ധരിപ്പിച്ചിരുന്നത്. പൊലീസ് അന്വേഷണം വഴിതിരിക്കാൻ ടാക്സി കാർ സഞ്ചാരം ഉപകരിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ.
കേരളത്തിലും തമിഴ്‌നാട്ടിലും നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ശനിയാഴ്ച കൊരട്ടി മുരിങ്ങൂർ ജങ്ഷനിലെ ഫെഡറൽ ബാങ്ക് എടിഎം തകർക്കാനാണ് ആദ്യശ്രമമുണ്ടായത്. ഈ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ പുലർച്ചെ ചാലക്കുടി ചൗക്കയിലും എടിഎമ്മിൽ മോഷണശ്രമം നടന്നു. ഉത്തരേന്ത്യൻ രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ച് മുഖം മറച്ചയാളാണ് എടിഎം കുത്തിത്തുറക്കാൻ ശ്രമിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രദേശത്തെ അമ്പതോളം സിസി ടിവിയിൽ നിന്നുള്ള ദൃശ്യം പൊലീസ് പരിശോധിച്ചു. അന്വേഷണം ഊർജിതമാക്കിയതോടെ ഇരുപത്തിനാലു മണിക്കൂറിനകം പ്രതിയെ പിടികൂടാനായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates