തൃശൂർ: മുൻ മന്ത്രിയും കുന്നംകുളം എംഎൽഎയുമായ എ സി മൊയ്തീന്റെ വീട്ടിൽ ഇന്നലെ ആരംഭിച്ച എൻഫോഴ്സ്മെന്റ് റെയ്ഡ് അവസാനിച്ചു. 22 മണിക്കൂറോളം നീണ്ടുനിന്ന പരിശോധന ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അവസാനിച്ചത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലായിരുന്നു പരിശോധന.
മൊയ്തീന്റെ വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിൽ ഇന്നലെ രാവിലെയാണ് റെയിഡ് ആരംഭിച്ചത്. കരുവന്നൂർ ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്നും വീട് പരിശോധിക്കണമെന്ന് പറഞ്ഞപ്പോൾ പൂർണ്ണമായി താനതിനോട് സഹകരിച്ചെന്നും മൊയ്തീൻ പറഞ്ഞു. ക്രമരഹിതമായി വായ്പ കൊടുക്കാൻ ഞാൻ മാനദണ്ഡങ്ങൾ മാറ്റാൻ പറഞ്ഞു എന്ന് ഒരാളുടെ മൊഴി ഉണ്ടെന്ന് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നും റെയ്ഡിന് ശേഷം മൊയ്തീൻ പറഞ്ഞു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിൽ നിന്നുള്ള പന്ത്രണ്ട് പേരടങ്ങുന്ന സംഘമാണ് എംഎൽഎയുടെ വീട്ടിലെത്തിയത്. കേന്ദ്ര സേനയിലെ സായുധ ഉദ്യോഗസ്ഥരടക്കം സംഘത്തിലുണ്ടായിരുന്നു. മൊയ്തീന്റെ ഭാര്യ സുബൈദ ബീവിയും മകൾ ഡോ. ഷീബയും വീട്ടിലുണ്ടായിരുന്നു. ഇവരുടെയും ബാങ്ക് രേഖകളടക്കം പരിശോധിച്ചിട്ടാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. ഇഡി പരിശോധന അഡണ്ടയുടെ ഭാഗമാണെന്നാണ് മൊയ്തീന്റെ പ്രതികരണം. എല്ലാ രേഖകളും പരിശോധിച്ചു. വീടിന്റെ മുക്കും മൂലയും തെരഞ്ഞു. ഏത് അന്വേഷണത്തോടും സഹകരിക്കും ഭയപ്പെട്ട് നിൽക്കേണ്ടതില്ല, അദ്ദേഹം പ്രതികരിച്ചു.
മൊയ്തീനുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ടു ബിസിനസുകാരുടെ വീട്ടിലും റെയ്ഡുണ്ടായിരുന്നു. ബാങ്കുകളുമായി ബന്ധപ്പെട്ടു സ്വർണം വായ്പക്ക് വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശി അനിൽകുമാറിന്റെ (സുഭാഷ്) ചേർപ്പിലെ വീട്ടിലും പണം പലിശയ്ക്കു കൊടുക്കുന്ന കണ്ണൂർ സ്വദേശി സതീശന്റെ കോലഴിയിലെ വീട്ടിലുമാണ് ഇഡി റെയ്ഡ് നടത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates