The Aroor-Thuravoor elevated road under construction, Kochi Metro File
Kerala

ദേശീയപാത 66 കൊച്ചി മെട്രോയ്ക്ക് മുകളിലൂടെ കടന്നുപോകും; പാലാരിവട്ടത്ത് 32 മീറ്റര്‍ ഉയരത്തില്‍ ഫ്‌ളൈഓവര്‍

നിര്‍മാണം പുരോഗമിക്കുന്ന ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം-ഇന്‍ഫോപാര്‍ക്ക് കൊച്ചി മെട്രോ സ്‌ട്രെച്ചിന്റെ ( പിങ്ക് ലൈന്‍) മുകളിലൂടെ ആയിരിക്കും ആറുവരിപാത കടന്നുപോവുക എന്നാണ് ഡിപിആര്‍ പറയുന്നത്

കൃഷ്ണകുമാർ കെ ഇ

കൊച്ചി: കേരളത്തിലെ ദേശീയ പാത 66 ന്റെ ഭാഗമായ ഇടപ്പള്ളി-അരൂര്‍ എലിവേറ്റഡ് ഹൈവേ പാലാരിവട്ടത്ത് കൊച്ചി മെട്രോ വയഡക്റ്റിന് മുകളിലൂടെ കടന്നുപോകും. പ്രോജക്ട് കണ്‍സള്‍ട്ടന്റ് ദേശീയ പാത അതോറിറ്റിക്ക് സമര്‍പ്പിച്ച പുതുക്കിയ പ്രോജക്ട് റിപ്പോര്‍ട്ടില്‍ (ഡിപിആര്‍) ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിര്‍മാണം പുരോഗമിക്കുന്ന ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം-ഇന്‍ഫോപാര്‍ക്ക് കൊച്ചി മെട്രോ സ്‌ട്രെച്ചിന്റെ ( പിങ്ക് ലൈന്‍) മുകളിലൂടെ ആയിരിക്കും ആറുവരിപാത കടന്നുപോവുക എന്നാണ് ഡിപിആര്‍ പറയുന്നത്. മെട്രോ വയഡക്റ്റിനും മുകളില്‍ 32 മീറ്റര്‍ ഉയരത്തിലാണ് ഫ്‌ളൈഓവര്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് മുതിര്‍ന്ന എന്‍എച്ച്എഐ ഉദ്യോഗസ്ഥനും വ്യക്തമാക്കുന്നു.

ഹൈവേ നിര്‍മാണ കമ്പനിയായ ഭോപ്പാല്‍ ആസ്ഥാനമായുള്ള ഹൈവേ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് ലിമിറ്റഡ് നേരത്തെ സമര്‍പ്പിച്ച ഡിപിആറില്‍ നിര്‍മാണം പുരോഗമിക്കുന്ന മെട്രോ പാത പരിഗണിക്കപ്പെട്ടിരുന്നില്ല. ഇതോടെയാണ് അലൈന്‍മെന്റ് പരിഷ്‌കരിക്കാന്‍ നിര്‍ദേശം നല്‍കിയത്. മാസത്തിനുള്ളില്‍ പരിഷ്‌കരിച്ച ഡിപിആര്‍ സമര്‍പ്പിക്കാന്‍ ആയിരുന്നു എന്‍എച്ച്എഐ കണ്‍സള്‍ട്ടന്റിനോട് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ അഞ്ച് മാസം വൈകിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം, പദ്ധതിക്ക് 3,600 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ദേശീയ പാത അതോറിറ്റി അംഗീകാരത്തിന് ശേഷം തയ്യാറാക്കുന്ന അന്തിമ എസ്റ്റിമേറ്റില്‍ പദ്ധതി ചെലവ് ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍.

റോ (റൈറ്റ ഓഫ് വേ) പ്രകാരമാണ് പാതയുടെ നിര്‍മാണം പദ്ധയിട്ടിരിക്കുന്നത്. അതിനാല്‍ ഭൂമി ഏറ്റടുക്കല്‍ ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കില്ല. വളരെ കുറച്ച് ഭൂമി മാത്രമാണ് നിര്‍മാണത്തിന് ഏറ്റെടുക്കേണ്ടി വരികയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം, നിര്‍മാണം പുരോഗമിക്കുന്ന 12.75 കിലോമീറ്റര്‍ അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ പദ്ധതിയുടെ 65 ശതമാനം ജോലികളും എന്‍എച്ച്എഐ പൂര്‍ത്തിയാക്കി. 2026 ഫെബ്രുവരിയില്‍ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേയുടെ വിപുലീകരണമെന്ന നിലയില്‍ ആണ് പാലാരിവട്ടത്തെ ഫ്‌ളൈഓവര്‍ ഉള്‍പ്പെട്ട ഇടപള്ളി വരെയുള്ള പാത നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇടപ്പള്ളി ജംഗ്ഷനു സമീപമുള്ള ഒബറോണ്‍ മാളിന് മുമ്പ് ആരംഭിച്ച്, നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുറവൂര്‍-അരൂര്‍ എലിവേറ്റഡ് ഹൈവേയുടെ അരൂര്‍ ജങ്ഷനില്‍ ലാന്‍ഡിങ്ങിന് തൊട്ടടുത്ത് അവസാനിക്കുന്നതാണ് നഗരത്തിലെ ആകാശപാത.

NH 66 Highway in Kerala: The proposed flyover at Palarivattom bypass Junction, to be constructed as part of the Edappally-Aroor elevated highway, will pass above the Kochi Metro viaduct.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'മാര്‍ക്കോ വീണു, ഇനി പ്രണവ് മോഹന്‍ലാലിന്റെ നാളുകള്‍'; ഡീയസ് ഈറെ ആദ്യ ദിവസം നേടിയത് കോടികള്‍

'എന്റെ ജീവിതത്തിലെ പ്രണയം'; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നടൻ അല്ലു സിരിഷ്

'നിന്റെയൊക്കെ ഊച്ചാളി സര്‍ട്ടിഫിക്കറ്റ് ജനങ്ങള്‍ക്കാവശ്യമില്ല'; അതിദാരിദ്ര്യമുക്ത കേരളത്തെ പ്രശംസിച്ച് ബെന്യാമിന്‍

ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി

SCROLL FOR NEXT